മകളും ഭര്‍ത്താവും അടിച്ചിറക്കി; വയോധിക പോലീസ് സ്‌റ്റേഷനു മുന്നില്‍

കണ്ണൂര്‍- മകളും ഭര്‍ത്താവും വീട്ടില്‍നിന്ന് അടിച്ചിറക്കിയെന്നാരോപിച്ച് 94 വയസുകാരി അവശനിലയില്‍ പോലിസ് സ്‌റ്റേഷന് മുന്നിലെത്തി.
അത്താഴക്കുന്ന് റഹ്മാനിയ്യപള്ളിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുഞ്ഞാമിനയാണ് സ്വന്തം വീട്ടില്‍ കയറാനുള്ള അവകാശത്തിനായി വാര്‍ധക്യസഹജമായ അസുഖങ്ങളും രോഗങ്ങളും വലയ്ക്കുന്നതിനിടെയിലും നീതി തേടി പോലിസ് സ്‌റ്റേഷനിലെത്തിയത്.
ഹൈക്കോടതി വിധിയുണ്ടായിട്ടും മകളും മകളുടെ ഭര്‍ത്താവും സ്വന്തം വീട്ടില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് ഉമ്മയുടെ പരാതി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ വീണത് കാരണം ഇവര്‍ക്ക് നട്ടെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. ആഹാരം കഴിക്കാന്‍ ട്യൂബിട്ടിരിക്കുകയാണ്. 2017 മുതല്‍ ഉമ്മയെ രണ്ടാമത്തെ മകളും ഭര്‍ത്താവും പീഡിപ്പിക്കുകയാണെന്നും ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നിരിക്കുകയാണെന്നും കൂടെയുള്ള മകള്‍ ജമീല പറഞ്ഞു. തലശേരി ലാന്‍ഡ് െ്രെടബ്യൂണല്‍ കോടതിയുടെയും ജില്ലാ കോടതിയുടെയും വിധി വന്നിട്ടും പോലിസ് നടപ്പിലാക്കാന്‍ തയ്യാറാവുന്നില്ല ഏറ്റവും ഒടുവില്‍ ഹൈകോടതിയും കുഞ്ഞാമിനയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇതിനു ശേഷം കലക്ടറെ കണ്ട് സങ്കടം ബോധിപ്പിച്ചതിനെ തുടര്‍ന്ന് പോലിസ് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ 18 ദിവസം മുന്‍പ് കത്തു നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കുഞ്ഞാമിനയുടെ ബന്ധുവായ നിസാര്‍ പറഞ്ഞു. ഇപ്പോള്‍ കുഞ്ഞാമിനയുടെ വീട് കൈയ്യടക്കി വെച്ചിരിക്കുന്ന മകള്‍ക്ക് ഭാഗപത്ര പ്രകാരം അഞ്ച് സെന്റ് സ്ഥലം എഴുതി നല്‍കിയതാണെന്നും അവര്‍ക്ക് മാറി താമസിക്കാന്‍ മറ്റൊരു വീടുണ്ടെന്നും നസീര്‍ പറഞ്ഞു. നീതി നടപ്പിലാക്കാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇനിയും പൊലിസ് നടപടിയെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമിപിക്കുമെന്നും നിസാര്‍ പറഞ്ഞു.

 

Latest News