കണ്ണൂരില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പുറത്താക്കി

കണ്ണൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടു നിന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ സര്‍വ്വീസില്‍നിന്ന് പുറത്താക്കിയത്.
 സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് നടപടി. ഓഗസ്റ്റ് 18 ന് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.5 കിലോ സ്വര്‍ണം മൂന്ന് കാരിയര്‍മാരില്‍ നിന്നുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി വ്യക്തമായത്. അന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ പണ്ഡിറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൂന്ന് ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തിന് സഹായം നല്‍കിയത് എന്ന് വ്യക്തമായിരുന്നു. ഇത്തരത്തില്‍ 11 കിലോ സ്വര്‍ണം വിമാനത്താവളം വഴി ഇവരുടെ സഹായത്തോടെ കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത രാഹുല്‍ പണ്ഡിറ്റിനെ നേരത്തെ തന്നെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. രോഹിത് ശര്‍മ്മ, സഹേന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇവരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സെല്ലില്‍ നിയമിക്കുകയും ചെയ്തിരുന്നു. അവിടെ ജോലി ചെയ്തുവരുന്നതിനിടെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഉത്തരവുണ്ടായത്.

 

Latest News