Sorry, you need to enable JavaScript to visit this website.

തിയേറ്ററുകള്‍ കാണുമ്പോള്‍ സങ്കടം വരും-റിമ കല്ലിങ്കല്‍ 

കലൂര്‍-ശക്തമായ നിലപാടുകള്‍കൊണ്ടും തുറന്നുപറച്ചിലുകള്‍ കൊണ്ടും ശ്രദ്ധേയയായ നടിയാണ് ഡബ്ലിയുസിസി ഭാരവാഹികൂടിയായ റിമ കല്ലിങ്കല്‍. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ റിമ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് റിമ സംസാരിക്കുന്നത്. കോവിഡും ലോക്ക്ഡൗണുമെല്ലാമായി തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ചാണ് നടി പറയുന്നത്. തിയേറ്ററുകള്‍ ഒരുപാട് മിസ്സ് ചെയ്യുന്ന ആളാണ് താനെന്ന് റിമ പറഞ്ഞു.
'ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്കിത്രയും മിസ്സ് ചെയ്യുമെന്ന്, ഇതെന്റെ കയ്യീന്ന് പോയി. കോവിഡിന്റെ രണ്ടാം വേവ് ആയപ്പോഴേക്കും ഞാന്‍ തകര്‍ന്നുപോയി. പി.വി.ആറിന്  മുന്നില്‍ പോയി നിന്ന് നോക്കുമ്പോള്‍ സങ്കടം തോന്നും,' റിമയുടെ വാക്കുകള്‍.
തിയേറ്ററുകള്‍ തുറക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും തിയേറ്ററില്‍ പോയി പടം കാണുന്നത് വേറെത്തന്നെ ഒരു അനുഭവമാണെന്നും നടി പറഞ്ഞു. 'ഒ.ടി.ടിയാണെങ്കില്‍ ആരെങ്കിലും വന്നാലൊക്കെ നമുക്ക് പെട്ടെന്ന് പോസ് ചെയ്യാം. എന്നാല്‍ തിയേറ്ററില്‍ പോയി പടം കാണുന്നത് അതുപോലെ അല്ലല്ലോ. ഡ്രെസ്സ് ചെയ്ത്, വണ്ടിയോടിച്ച് പോയി, ക്യൂ നിന്ന്, പോപ്‌കോണ്‍ മേടിച്ച്, സീറ്റൊക്കെ പിടിച്ച്, ചില കോമഡി പരസ്യങ്ങളൊക്കെ കണ്ട് പടം കാണുന്നത് വലിയ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ആണ്. അത് തിരികെ വേണം,' റിമ പറയുന്നു. ലോകം മുഴുവനുള്ള ആളുകള്‍ക്ക് സിനിമ കാണാന്‍ പറ്റുന്നത് ഒ.ടി.ടി. നല്‍കുന്ന വലിയ സൗകര്യമാണെന്നും ഒ.ടി.ടിയില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലത്ത് ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.

Latest News