Sorry, you need to enable JavaScript to visit this website.

വരവർണങ്ങളുടെ വരദാനം

ജലാൽ അബുസമ
ബാല്യകാല സഖിയുടെ അറബി പരിഭാഷയുടെ കവർ
ജലാൽ അബു സമയോടൊപ്പം ലേഖിക

വരകൾ കൊണ്ടും കാരിക്കേച്ചറുകൾ കൊണ്ടും തന്റേതായൊരു ലോകം സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി ജലാൽ അബൂസമ എന്ന കലാകാരൻ. പ്രവാസി മലയാളിയായ അദ്ദേഹം ഇതിനോടകം തന്നെ ഒരുപാട് വേദികളിൽ തന്റെ ചിത്രകലയിലെ പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു.
കാലത്തിനൊത്തു മാറിയ ചിത്രകലയിലെ ഒരു രീതിയാണ് കാരിക്കേച്ചറുകൾ. ആളുകളുടെ മുഖം പകർത്തിവരക്കലുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരാളുടെ മുഖത്തുള്ള ഭാവവൈവിധ്യങ്ങളെ പ്രത്യേകം എടുത്തു വരയ്ക്കുന്ന രീതിയാണ് കാരിക്കേച്ചർ. ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്ന ചിത്ര കലാരൂപമാണെങ്കിലും മലയാളി സ്ത്രീകൾക്ക് പലപ്പോഴും ഇത്തരം വരകളോട് വലിയ താൽപര്യമില്ല എന്ന് അബൂസമ പറയുന്നു. പാശ്ചാത്യ ചിത്രകലാ രീതിയിൽ നിന്നാണ് മലയാളികൾക്കിടയിലേക്കും ഇവ സുപരിചിതമാവുന്നത്.


പ്രീഡിഗ്രിയും ഡിഗ്രിയും വാടാനപ്പള്ളി ഇസ്‌ലാമിയ കോളേജിൽ പൂർത്തിയാക്കിയ ശേഷം പിജി അറബിക് എറണാകുളം മഹാരാജാസിലാണ് പൂർത്തീകരിച്ചത്. വാടാനപ്പള്ളിയിൽ നാലു വർഷത്തോളം കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂൾ കാലം മുതൽ തന്നെ വരക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയുമായിരുന്നെങ്കിലും കോളേജ് കാലഘട്ടത്തിലാണ് തന്റെ വരകളിൽ, തന്റെ കഴിവുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.


1996 നവംബർ മാസത്തിലാണ് പ്രവാസത്തിലേക്ക് കാലെടുത്തുവെക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തോളമായി വരകളിലും പെയിന്റിംഗുകളിലുമെല്ലാം സജീവ സാന്നിധ്യമാണ്. അഞ്ചു വർഷമായി കാരിക്കേച്ചർ രംഗത്തു ശ്രദ്ധ ചെലുത്തിയിരിക്കുകയാണ് അബൂസമ. ഓയിൽ പെയിന്റിംഗ്, കളർ പെൻസിൽ പെയിന്റിംഗ്, ചാർക്കോൾ ഉപയോഗിച്ചുള്ള വരകൾ, ബോൾ പെൻക്രോസ് ഹാച്ചിങ് രീതികൾ തുടങ്ങിയവയായിരുന്നു ആദ്യകാലങ്ങളിൽ അബൂസമയുടെ കാൻ വാസിലെ മേലാളർ. എന്നാൽ കാരിക്കേച്ചർ രംഗത്ത് സജീവമായതോടെ തത്സമയമായി തന്നെ വരച്ചുകൊടുക്കുന്ന പരിപാടികളിലും പ്രത്യേകം വിവാഹ ആവശ്യങ്ങൾക്കായൊക്കെ വരച്ചു കൊടുക്കുന്ന തിരക്കിലാണിപ്പോൾ അദ്ദേഹം. ദുബായിൽ പരിഭാഷകനായി ജോലി ചെയ്യുന്ന അബൂസമ അറബിക് കാലിഗ്രഫിയിലും തൽപരനാണ്. അറബിക് കാലിഗ്രഫി വർഷങ്ങളോളം പഠിക്കേണ്ടതായുണ്ടെന്നും വളരെ വലിയ കലാ ശാഖയാണെന്നും അധ്യാപകൻ കൂടിയായ അബൂസമ പറയുന്നു .


ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റിഇരുപത്തി എട്ടാം ജന്മദിനവുമായി ബന്ധപ്പെട്ട് എറണാകുളത്തു മാധവൻ നായർ ഫൗണ്ടേഷനിൽ നടന്ന അഖിലേന്ത്യാ തലത്തിൽ കാരിക്കേച്ചർ ചിത്രകാരന്മാർ നടത്തിയ നെഹ്‌റുവിന്റെ കാരിക്കേച്ചർ എക്‌സിബിഷനിൽ ഭാഗമാവാൻ കഴിഞ്ഞതും 2018 ൽ മലപ്പുറം പ്രസ് ക്ലബിൽ സംഘടിപ്പിച്ച, ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട, പഴയതും പുതിയതുമായ ഫുട്‌ബോൾ താരങ്ങളുടെ കാരിക്കേച്ചർ പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു എന്ന് അബൂസമ പറയുന്നു.


ദൽഹിയിൽ ഗാന്ധിജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ തന്റെ കാരിക്കേച്ചർ കൊണ്ട് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട് മാത്രമല്ല ഇന്ത്യൻ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്ന ശങ്കറിന് ആദരാമർപ്പിച്ചുകൊണ്ട് നടത്തിയ പരിപാടിയിലും കാരിക്കേച്ചറുകൾ കൊണ്ടും പങ്കെടുത്തിരുന്നതും ഈ രംഗത്തെ വലിയ അംഗീകാരങ്ങളായി തന്നെ കാണുന്നെന്നും അദ്ദേഹം പറയുന്നു. 
ഒരുപാട് പുസ്തകങ്ങൾക്ക് കവർ ഡിസൈനുകളായും ആനുകാലികങ്ങളിൽ കഥ, കവിതകൾക്ക് ചിത്രങ്ങളായുമൊക്കെ തന്റെ വരകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ബാല്യകാല സഖിയുടെ അറബി പരിഭാഷയുടെ (നാഷനൽ പബഌഷേഴ്‌സ് ഓഫ് ലബനോൻ) കവർ വരച്ചതും അബൂസമയാണ്. 


മൂവാറ്റുപുഴ വി.എം മെമ്മോറിയൽ യു.പി സ്‌കൂളിലെ അധ്യാപികയാണ് അബുസമയുടെ പത്‌നി. മൂന്ന് പെൺമക്കൾ. മൂത്ത മകൾ സഫ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും മർവ പ്ലസ് വൺ വിദ്യാർത്ഥിനിയും ഇളയ മകൾ അംന ആറാം തരത്തിലും പഠിക്കുന്നു .
വരകളുടെ ലോകത്തു ഇനിയും നിറസാന്നിധ്യമാവാനും ഒരുപാടൊരുപാട് അംഗീകാരങ്ങൾ വാങ്ങിക്കൂട്ടാനും ഈ ചിത്രകാരന് സാധിക്കട്ടെ. 

Latest News