Sorry, you need to enable JavaScript to visit this website.

സ്ത്രീധനവും സത്യവാങ്മൂലവും

കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന പീഡനത്തിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നു. ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം അഥവാ ബോണ്ട് സർവകലാശാലാ വിദ്യാർത്ഥികൾ എഴുതിനൽകണമെന്ന നിബന്ധന ഏർപ്പെടുത്തണമെന്നതാണ് ആ നിർദേശം. സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു ചേർത്ത് ഗവർണർ ഈ നിർദേശം ചർച്ച ചെയ്യുകയുമുണ്ടായി. പരിണതപ്രജ്ഞനായ ആരിഫ് മുഹമ്മദ് ഖാൻ സദുദ്ദേശ്യപരമായി മുന്നോട്ടുവെച്ച ഈ നിർദേശം പ്രത്യക്ഷത്തിൽ സ്വീകാര്യമായി തോന്നാമെങ്കിലും ചില ജനാധിപത്യ പൗരാവകാശ നിഷേധങ്ങൾ അതിൽ മറഞ്ഞിരിപ്പുണ്ട്.
ബിരുദം നൽകുന്നതിന്റെ മാനദണ്ഡം വിദ്യാർത്ഥികളുടെ ഉയർന്ന പഠനനിലവാരവും സർവകലാശാലാ പരീക്ഷകളിലെ മികവുമാണ്. അതു കൈവരിക്കുന്ന വിദ്യാർത്ഥികൾ ബിരുദ സമ്പാദനത്തിന് അർഹരാണ്. ഈ അർഹതയ്ക്കു മേൽ മറ്റേതൊരു മാനദണ്ഡങ്ങൾ കെട്ടിയേൽപിക്കുന്നതും പൗരന്റെ മൗലികമായ വിദ്യാഭ്യാസ അവകാശ ലംഘനവും ജനാധിപത്യ വിരുദ്ധ നടപടിയുമാണ്. ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതിനൽകണമെന്ന ഉപാധി നിയമപരമായി നിലനിൽക്കാനുമിടയില്ല. മാത്രമല്ല നിയമം കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല സ്ത്രീധനമെന്ന ദുരാചാരം.
ഭിന്ന മതജാതി വിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത രീതികളിൽ നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാൻ ശക്തമായ നിയമ നടപടികൾക്കൊപ്പം നിരന്തരമായ സാമൂഹ്യ ബോധവൽക്കരണവും അനിവാര്യമാണ്. അതിന്റെ ഭാഗമായി ബിരുദ ലഭ്യതക്ക് ഗവർണറുടെ നിർദേശങ്ങളിൽനിന്ന് വ്യത്യസ്തമായി സർവകലാശാലകൾക്ക് സ്വീകരിക്കാവുന്ന മറ്റു ചില മാർഗങ്ങളുണ്ട്.
ധനാർത്തിയും ലാഭവും ഭോഗതൃഷ്ണയും അടിസ്ഥാനമാക്കി വളർന്നു വികസിക്കുന്ന വിപണി സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്ന സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളും പുരുഷാധിപത്യ മൂല്യസങ്കൽപങ്ങളുമാണ് സ്ത്രീധനവും സ്ത്രീവിരുദ്ധ മനോഭാവവും സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ഗവർണർ നിർദേശിച്ച സ്ത്രീധന വിരുദ്ധ സത്യവാങ്മൂല സമർപ്പണത്തിനു പകരം കലാശാല വിദ്യാർത്ഥികളിൽ ബോധവൽക്കരണത്തിന് ഉതകുന്ന ഗ്രേസ് മാർക്ക് സമ്പ്രദായം നടപ്പാക്കുന്നത് ആലോചിക്കാവുന്നതാണ്.
ലിംഗനീതി, സ്ത്രീധന വിരുദ്ധ ബോധവൽക്കരണം, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ, സ്ത്രീകൾക്കനുഗുണമായ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി സർവകലാശാലാ വിദ്യാർത്ഥികൾക്കായി വർഷം തോറും ഔദ്യോഗികമായി രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സഹവർത്തന ക്യാമ്പുകൾ ഓരോ കാമ്പസിലും സർവകലാശാലകൾ നേരിട്ട് സംഘടിപ്പിക്കണം. ഇതിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കുന്നത് നിർബന്ധമാക്കണം.
ക്യാമ്പിന്റെ സമാപനത്തിൽ മേൽപറഞ്ഞ വിഷയങ്ങൾ മുൻനിർത്തി ഒരു വിഷയാധിഷ്ഠിത പരീക്ഷ നടത്താവുന്നതാണ്. അതിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി ഗ്രേഡ് തിരിച്ച് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന സമ്പ്രദായം സർവകലാശാലകൾ നടപ്പാക്കണം. ബിരുദം നേടാൻ ഗ്രേസ് മാർക്ക് ഗുണകരമാകുമെന്ന് വരുന്നതോടെ സഹവർത്തന ക്യാമ്പുകളിൽ ജാഗ്രതയോടെ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് പ്രേരണയുണ്ടാകും. സ്ത്രീധനവും സ്ത്രീവിരുദ്ധ മനോഭാവവും ദൂരീകരിക്കാൻ ഇത്തരമൊരു ഗ്രേസ്മാർക്ക് സമ്പ്രദായം നടപ്പാക്കാൻ സർവകലാശാലകൾ തയാറായാൽ ഭാവിയിലെങ്കിലും കേരളത്തെ സ്ത്രീധനമെന്ന ദുരാചാരത്തിൽ നിന്നു ഒരു പരിധിവരെയെങ്കിലും വിമുക്തമാക്കാൻ സാധിച്ചേക്കും. സ്ത്രീധനത്തിനെതിരായ ഗവർണറുടെ ആലോചനകൾ ഈ രീതിയിലുള്ള പുനർവിചിന്തനത്തിനു വിധേയമാകുമെന്ന് പ്രത്യാശിക്കാം.

Latest News