Sorry, you need to enable JavaScript to visit this website.

അനുസ്മരണം: ഈ വിയോഗം ഒരു സൂചകം

കെ.ടി.എസ് പടന്നയിലിന്റെ വിയോഗം ഒരു സൂചകമാണ്. പാൻഡമിക് കാലത്തിലെ കലാസമൂഹത്തിന്റെ സൂചകം. മരണം വരെ മുണ്ടു മുറുക്കിയുടുത്തും മനുഷ്യാന്തസ്സ് കാക്കുന്ന, അഭിമാനികളും അഭിമാനിനികളുമായ കലാസമൂഹത്തിന്റെ സൂചകം.
മനുഷ്യന്റെ സംഘജീവിതമാരംഭിച്ച കാലം മുതൽ ആരംഭിച്ചതാണ് കല. സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമായ മനുഷ്യൻ രൂപപ്പെടുത്തിയ ഓരോ ഗോത്രത്തിലും പല രൂപത്തിൽ, ഭാഷയിൽ, വേഷത്തിൽ കല പുലർന്നുപോന്നു. ഉദര ഭക്ഷണം കൊണ്ടു മാത്രമല്ല മനുഷ്യൻ അതിജീവിച്ചത്. ആത്മ ഭക്ഷണമായ കലകൊണ്ടു കൂടിയാണ്. തന്നിലെ തൻമയെ കണ്ടെടുത്ത് ലക്ഷ്യവേദിയായി അപരനിലേക്ക് ചെന്നെത്താനുള്ള വഴിവെട്ടലിന്റെ ചരിത്രമാണ് കലാചരിത്രം. അറിയുന്നതും അജ്ഞാതവുമായ കലാവിഷ്‌കരണങ്ങളുടെ മിച്ചമൂല്യം കൂടിയാണ് ആരോഗ്യകരമായ സാമൂഹ്യ ജീവിതം.
കോവിഡ് സാമൂഹിക അകലത്തെ സൃഷ്ടിച്ചു. കോർത്തുപിടിച്ച കൈകൾ കഴുകിക്കഴുകിപ്പിരിഞ്ഞു. നിത്യോപയോഗം, അവശ്യസാധനം എന്നിങ്ങനെ കുറെ വാക്കുകളിൽ മനുഷ്യൻ തളച്ചിടപ്പെട്ടു. 
കല വരുംകാലത്തേക്ക് മാറ്റിവെക്കപ്പെട്ടു. അനിവാര്യമായിരുന്നു അതെല്ലാം. പക്ഷേ പലരും ഒന്നു മറന്നുപോയി. കല കേൾവിയും കാഴ്ചയുമായവർക്ക് ആനന്ദവും ജീവിതമായവർക്ക് ആഹാരവുമാണ്. എണ്ണിയാലൊടുങ്ങാത്ത കലാകാരൻമാർ ചരിത്രത്തിലൊരിക്കലും സംഭവിക്കാത്ത വിധം അനാഥരായി. സഹൃദയത്വം കലാസ്വാദനത്തിലപ്പുറം കലാസമൂഹത്തിന്റെ അതിജീവനത്തിലേക്ക് വളർത്താനാവാത്ത സമൂഹം അവരെ ശ്രദ്ധിച്ചില്ല. എല്ലാവരും പ്രശ്‌നത്തിലാണ്, അവരും എന്ന നെടുവീർപ്പിൽ സമൂഹ ജാഗ്രത ഒതുങ്ങി. ആ നെടുവീർപ്പിനടിയിൽ ആയിരക്കണക്കിന് കലാകാരൻമാരും കലാകാരികളും ഞെരുങ്ങിയമർന്നു. അവർ പരാതി പറഞ്ഞില്ല, പ്രതിഷേധിച്ചില്ല. കല ജീവിതം തന്നെയായർക്ക് കലയുടെ ലോകത്തിനപ്പുറം അവകാശ ബോധമുണ്ടെങ്കിലും അഭിമാന ബോധം അതിലുമുയരെയാണ്. അവർ അവരിലേക്ക് കൂടുതൽ ചുരുങ്ങി.
പടന്നയിൽ, തൃപ്പൂണിത്തുറയിൽ ഒരു മുറുക്കാൻ കട നടത്തി. സർബത്തും സോഡയും വിറ്റു ജീവിച്ചു. ഇടയിലെപ്പോഴോ നൂറ്റിനാൽപതോളം സിനിമകളിലഭിനയിച്ചു. 
പലർക്കും അദ്ദേഹത്തിന്റെ പല്ലില്ലാമുഖവും ചിരിയും സുപരിചിതമെങ്കിലും പേരുപോലും ഇന്നോളമറിഞ്ഞില്ല. ഒടുവിൽ, ജീവിതം കലയോടും കല ജീവിതത്തോടും വേർപിരിഞ്ഞ ഈ കെട്ട കാലത്ത് പടന്നയിൽ യാത്രയായി. വീണ്ടുമോർപ്പിപ്പിക്കുന്നു -
കെ.ടി. സ് പടന്നയിൽ ഒരു സൂചകമാണ്.

Latest News