ദുബായ്- യു.എ.ഇയുടെ യാത്രാവിമാനത്തെ ഖത്തർ പോർവിമാനങ്ങൾ ആകാശത്ത് തടഞ്ഞു. ദുബായിൽനിന്ന് മനാമയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഖത്തറിന്റെ സൈനിക പോർവിമാനങ്ങൾ തടഞ്ഞത്. ഖത്തറിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി യു.എ.ഇ വ്യക്തമാക്കി. തങ്ങളുടെ വിമാനത്തെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടിയും സ്വീകരിക്കുമെന്ന് യു.എ.ഇ വ്യക്തമാക്കി. രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ് ഖത്തർ നടത്തിയതെന്നും യു.എ.ഇ വ്യക്തമാക്കി. യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിനെതിരെ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഖത്തറിന്റെ നേതൃത്വത്തിൽ പ്രകോപനപരമായ നടപടികളുണ്ടാകുന്നത്.






