Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന്റെ സ്‌പൈവേർ കയറ്റുമതി

  • ജനാധിപത്യത്തിനു വെല്ലുവിളിയായി ഇസ്രായിൽ നിർമിത പെഗാസസ് 
  • രാഷ്ട്രത്തലവന്മാരും മാധ്യമ പ്രവർത്തകരും ഇരകൾ 

ഒരു ഡസനിലേറെ രാഷ്ട്രത്തലവന്മാരെയും നൂറുകണക്കിനു മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിട്ട ചാരസാങ്കേതിക വിദ്യയുടെ കയറ്റുമതി നിർത്തിവെക്കാൻ ഇസ്രായലിൽ സമ്മർദം. ദുരുപയോഗം തടയുന്നതിനുള്ള ചട്ടങ്ങളും വ്യവസ്ഥകളും നടപ്പിലാക്കുന്നതുവരെ നിരീക്ഷണ ടെക്‌നോളജി കയറ്റുമതിക്ക് ഉടൻ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) ഇസ്രായിൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിനോട് ആവശ്യപ്പെട്ടു. 
ഇസ്രായിലിന്റെ എൻ.എസ്.ഒ ഗ്രൂപ്പ് നിരീക്ഷണത്തിനായി തെരഞ്ഞെടുത്ത 50,000 ഫോൺ നമ്പറുകൾ ചോർന്നതിനു പിന്നാലെയാണ് പാരീസ് ആസ്ഥാനമായുള്ള ആർ.എസ്.ഫിന്റെ നേതാവ് ക്രിസ്റ്റോഫ് ഡെലോയർ ഇസ്രായിൽ സർക്കാരിനോട് ആവശ്യമുന്നിയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ജോർദാനിലെ മുഹമ്മദ് ആറാമൻ രാജാവുമുൾപ്പെടെ 14 രാഷ്ട്രത്തലവന്മാരുടെ നമ്പറുകൾ ഇതിൽ ഉൾപ്പെടുന്നു. 


ഉപയോക്താക്കൾ അറിയാതെ തന്നെ മൊബൈൽ ഫോണുകളിൽ കടന്നുകയാറാൻ ശേഷിയുള്ളതാണ് എൻ.എസ്.ഒയുടെ സുപ്രധാന സാങ്കേതിക വിദ്യയായ പെഗാസസ്. ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുക മാത്രമല്ല, ഓരോ മെസേജുകൾ വായിക്കാനും ഫോണിലെ ക്യാമറയും മൈക്രോഫോണുകളും ഓൺ ചെയ്യാനും പെഗാസസ് വഴി സാധിക്കും. 45 രാജ്യങ്ങളുമായി എൻ.എസ്.ഒക്ക് കരാറുകളുണ്ട്. ഓരോ കരാറും ഇസ്രായിൽ പ്രതിരോധ മന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്. 


ചാരദൗത്യം ഏറ്റെടുത്ത ഉപഭോക്താക്കളെ കുറിച്ച് കമ്പനി വെളിപ്പെടുത്താറില്ല. അതേസമയം, എൻ.എസ്.ഒയുടെ ഉപഭോക്താക്കളിൽ ബഹ്‌റൈൻ, ഇന്ത്യ, മെക്‌സിക്കോ, മൊറോക്കോ, റുവാണ്ട എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയും പാരീസ് ആസ്ഥാനമായ ഫോർബിഡൻ സ്‌റ്റോറീസും വെളിപ്പെടുത്തിയിട്ടുണ്ട്. 
മാധ്യമ സ്ഥാപനങ്ങളായ ദ ഗാർഡിയൻ, ലെ മോണ്ടെ, വാഷിംഗ്ടൺ പോസറ്റ് എന്നിവയും എ.എഫ്.പി വാർത്താ ലേഖകർ ഉൾപ്പെടെ 200 ലേറെ മാധ്യമ പ്രവർത്തകരും പെഗാസസ് ഇരകളിലുണ്ട്. 
നൂറുകണക്കിനു മാധ്യമ പ്രവർത്തകരെയും അവരുടെ സ്രോതസ്സുകളെയും നിരീക്ഷിക്കാൻ ഫോണുകളിൽ ചാര സോഫറ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ വിവിധ സർക്കാരുകളെ അനുവദിച്ചത് വലിയ ജനാധിപത്യ പ്രശ്‌നമാണെന്നും ആർ.എസ്.എഫ് തലവൻ ക്രിസ്റ്റോഫ് ഡെലോയിൽ പറഞ്ഞു. 


850 ജീവനക്കാർ ജോലി ചെയ്യുന്ന വലിയ സ്ഥാപനമാണ് ഇസ്രായിലിന്റെ എൻ.എസ്.ഒ. തങ്ങളുടെ സ്ഥാപനം കൂട്ടനിരീക്ഷണം നടത്തുന്നില്ലെന്നാണ് എൻ.എസ്.ഒ സി.ഇ.ഒ ഷാലേവ് ഹുലിയോ കഴിഞ്ഞ ദിവസം നിഷേധിച്ചത്. പുറത്തു വന്നിരിക്കുന്ന ആയിരക്കണക്കിനു നമ്പറുകളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. 

Latest News