Sorry, you need to enable JavaScript to visit this website.

ഹജിനിടെ മഹർ വീട്ടാൻ സാധിച്ചതിന്റെ നിർവൃതിയിൽ ഇറ്റാലിയൻ തീർഥാടകൻ 

ഇറ്റാലിയൻ തീർഥാടകൻ ഹയാനും റഷ്യക്കാരിയായ ഭാര്യ ജാനായും പുണ്യസ്ഥലങ്ങളിൽ. 

മിനാ- രണ്ടു വർഷത്തിനു ശേഷമാണെങ്കിൽ കൂടി ഭാര്യയുടെ വിവാഹമൂല്യം (മഹർ) വീട്ടാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് ഇറ്റാലിയൻ തീർഥാടകൻ ഹയാൻ. രണ്ടു വർഷം മുമ്പാണ് റഷ്യക്കാരിയായ ജാനായെ ഹയാൻ ജീവിത പങ്കാളിയാക്കിയത്. വിവാഹമൂല്യമായി ജാനാ ആവശ്യപ്പെട്ടത് മക്കയിൽ പോയി ഹജ് നിർവഹിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു. എന്നാൽ കൊറോണ മഹാമാരി മൂലം മഹർ വീട്ടാൻ കഴിഞ്ഞ വർഷം ഹയാന് സാധിച്ചില്ല. ഈ വർഷം ഹയാനും ഭാര്യക്കും ഹജിന് അവസരം ലഭിച്ചു. ഇതോടെ ഭാര്യയുടെ മഹർ താൻ വീട്ടുകയായിരുന്നെന്ന് ഹയാൻ പറഞ്ഞു. ഹജ് നിർവഹിക്കാൻ പുണ്യസ്ഥലത്താണ് ഇപ്പോഴുള്ളതെങ്കിലും തീർഥാടന കർമം നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ജാനാ പറഞ്ഞു. വളരെ കൃത്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വിസ്സ് വാച്ചിന് സമാനമാണ് ഹജിലെ കാര്യങ്ങളെന്ന് ഹയാൻ പറയുന്നു. റോഡു നീളെ നിൽക്കുന്ന ഹജ് സേവന മേഖലാ ജീവനക്കാരും വളണ്ടിയർമാരും എന്താണ് ചെയ്യേണ്ടതെന്നും എന്തെല്ലാം ചെയ്യാൻ പാടില്ലെന്നുമുള്ള കാര്യങ്ങളിൽ ഹാജിമാർക്ക് മാർഗനിർദേശങ്ങൾ നൽകുന്നു. കൊടും ചൂടിൽ വെയിലത്ത് ഹജ് ദിവസങ്ങളിൽ മുഴുവൻ ഇവർ ഇതാണ് ചെയ്യുന്നത്. ഇവരുടെ ജോലി ഏറെ കഠിനവും പ്രയാസമേറിയതുമാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഒരേ സ്ഥലത്ത് സമ്മേളിക്കുകയും കാര്യങ്ങളെല്ലാം മുറപോലെ ഭംഗിയായി നടക്കുകയും ചെയ്യുന്നത് അതിശയിപ്പിക്കുന്നതാണെന്നും ഹയാൻ പറയുന്നു. 
ഇപ്പോഴാണ് എന്റെ പ്രിയതമൻ തനിക്ക് മഹർ നൽകിയതെന്ന് ജാനാ പറയുന്നു. ദൈവിക മാർഗത്തിൽ ചെയ്ത കർമങ്ങളല്ലാതെ മറ്റൊന്നും അവസാന യാത്രയിൽ കൊണ്ടുപോകില്ല എന്ന കാര്യം നിങ്ങൾക്കും അറിയാവുന്നതാണല്ലോ എന്ന്, മറ്റു പലതും ആവശ്യപ്പെടാമായിരുന്നെങ്കിലും മഹർ എന്നോണം ഹജ് നിർവഹിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണമെന്താണെന്ന ഹയാന്റെ ചോദ്യത്തിന് മറുപടിയായി ഭാര്യ ജാനാ പറഞ്ഞു. ഹയാന്റെയും ഭാര്യയുടെയും വീഡിയോ ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ പുറത്തുവിട്ടു.  

Tags

Latest News