Sorry, you need to enable JavaScript to visit this website.

മഴയിൽ നനഞ്ഞ് യു.എ.ഇയിലെ പെരുന്നാൾ

മഴക്കോളുള്ള വൈകുന്നേരത്ത് ദുബായ് ബീച്ചിൽനിന്നുള്ള ദൃശ്യം 

അബുദാബി- പെരുന്നാൾ ദിനങ്ങളിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങൾ മഴയിൽ നനഞ്ഞു. ഈദിന്റെ ആദ്യദിവസം ഇടിമിന്നലോടെയുള്ള മഴയായിരുന്നു ചില പ്രദേശങ്ങളിൽ. മഴ ഇന്നും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ചയിൽ ഉടനീളം മഴയുണ്ടാകാനും ഇടയുണ്ടെന്നതിനാൽ ഇന്നലെ കാലാവസ്ഥാ കേന്ദ്രം ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ മുതൽ അബുദാബിയിലും പരിസരത്തും ഭേദപ്പെട്ട രീതിയിൽ മഴ പെയ്തു. അബുദാബി വിമാനത്താവളം, യാസ് ദ്വീപ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീജ് അൽഅറബി റോഡ്, അൽഐനിലെ അൽഫായിദ, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം, ഉമ്മുൽഖുവൈൻ- അജ്മാൻ റോഡ് എന്നിവിടങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ അനുഭവപ്പെട്ടു. 
അതിശക്തമല്ലാത്ത മഴയാണ് വിവിധ പ്രദേശങ്ങളിലുണ്ടായത്. ബീച്ചുകളിലും പാർക്കുകളിലും പോയി പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കാൻ ആഗ്രഹിച്ചവർക്ക് മഴ തിരിച്ചടിയായി. എങ്കിലും മഴയെ അവഗണിച്ച് നിരവധി പേർ വിനോദ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. അൽഐൻ ജബൽഅഫീത്തിലെ ഇടിമിന്നലോടെയുള്ള മഴയുടെ ദൃശ്യം കാലാവസ്ഥാ കേന്ദ്രം ട്വീറ്റ് ചെയ്തു. പെരുന്നാൾ ദിനങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ഇന്നലെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കടുത്ത ചൂട് നിലനിൽക്കുമ്പോഴാണ് രാജ്യത്ത് കുളിരായി വേനൽമഴ എത്തിയത്. അബുദാബിയിലും ദുബായിലും ആകാശം മേഘാവൃതമാണ്. 

 

Tags

Latest News