Sorry, you need to enable JavaScript to visit this website.

അനന്യ രാഷ്ട്രീയശ്രദ്ധ നേടിയത് വേങ്ങരയില്‍; പര്‍ദയിട്ട് വോട്ട് തേടാന്‍ പ്രേരിപ്പിച്ചു

മലപ്പുറം-കൊച്ചിയിലെ ഫ് ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാര്‍ അലക്‌സ് കേരള രാഷ്ട്രീയത്തില്‍ ജനശ്രദ്ധ നേടിയത് മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ മല്‍സര രംഗത്തെത്തിയതോടെയാണ് അനന്യയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായതത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി എന്ന സംഘടനയുടെ സ്ഥാനാര്‍ഥിയായാണ് അനന്യ വേങ്ങരയില്‍ എത്തിയത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്ന കൊല്ലം പെരുമണ്‍ സ്വദേശിനിയായ അനന്യ.
എന്നാല്‍ വോട്ടെടുപ്പിന് മുമ്പ് അവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു. ഡോമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്നും വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അനന്യ സോഷ്യല്‍മീഡിയയില്‍ പുറത്തുവിട്ട വിഡിയോയില്‍ കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ സംസാരിക്കണമെന്നും പര്‍ദ്ദ ധരിച്ച് വോട്ട് ചോദിക്കണമെന്നും പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതായും അനന്യ പറഞ്ഞിരുന്നു.ഒരു നേതാവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.തന്റെ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും അനന്യ വിഡിയോയില്‍ പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് തന്നെ സ്‌പോണ്‍സര്‍ ചെയ്തത്. എന്നാല്‍ ഇതിനുപുറകിലുള്ള ചതിക്കുഴികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല.ഇനിയും വോട്ടര്‍മാരേയും ജനങ്ങളേയും പറ്റിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും പറഞ്ഞായിരുന്നു അനന്യയുടെ പിന്‍മാറ്റം. ട്രാന്‍സ്‌ജെന്‍ഡറുടെ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം.എന്നാല്‍ ഈ പാര്‍ട്ടിയിലൂടെ അത് സാധ്യമാകില്ല എന്ന് ബോധ്യമായി.ജീവന് ഭീഷണിയുണ്ട്.ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണ്. വേങ്ങര മണ്ഡലം മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ ആരോപിച്ചിരുന്നു.

 

Latest News