ഭര്‍ത്താവ് ആസിഡ് കുടിപ്പിച്ചു, ആന്തരികാവയവങ്ങള്‍ ഉരുകിയ നിലയില്‍ യുവതി

ന്യൂദല്‍ഹി- കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ആന്തരികാവയവങ്ങളെല്ലാം ഉരുകിപ്പോയ യുവതിക്ക് കഴിക്കാനോ കുടിക്കാനോ കഴിയില്ല. നിരന്തരം രക്തം ഛര്‍ദിക്കുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

25 കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ഇപ്പോള്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ദല്‍ഹി വനിതാ കമ്മിഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മാലിവാല്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 28നായിരുന്നു സംഭവം. അയല്‍ക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗാര്‍ഹിക പീഡനം എന്ന കുറ്റം ചുമത്തി വളരെ ദുര്‍ബലമായാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സ്വാതിയുടെ ഇടപെടലോടെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തതായി ഗ്വാളിയോര്‍ പോലീസ് അറിയിച്ചു.  ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു പിന്നാലെ മര്‍ദിച്ചെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

Latest News