Sorry, you need to enable JavaScript to visit this website.

'സ്റ്റാറി' ലെ ലിറിക്കൽ സോംഗ്‌സ് വിപണിയിലെത്തി 

ജോജു ജോർജും പൃഥ്വിരാജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ചിത്രത്തിലെ ലിറിക്കൽ സോങ് റിലീസായി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്.
ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിക്കുന്ന സിനിമ, ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ്.  സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടേത് തിയേറ്റർ റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. തരുൺ ഭാസ്‌കരനാണ് ഛായാഗ്രാഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസ് പശ്ചാത്തല സംഗീതം. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം. ജോർജ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കൺട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കൺട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്‌സുമാണ്. പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജുൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Latest News