Sorry, you need to enable JavaScript to visit this website.

അന്നാബെൻ ടച്ച് വീണ്ടും

മാതാപിതാക്കളുടെ ഏക മകളായി ജനിച്ച സാറയ്ക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പഠനം പൂർത്തിയാക്കി സിനിമയുടെ പിന്നാമ്പുറങ്ങളിൽ സഹസംവിധായികയായി കഴിയുന്ന അവൾക്ക് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്നതായിരുന്നു ലക്ഷ്യം. മനസ്സിലുള്ള ആശയത്തിന്റെ സംശയ നിവാരണത്തിനായാണ്  ഫോറൻസിക് സർജനായ ഒരു സ്ത്രീയെ കാണാനെത്തുന്നത്. അതൊരു വഴിത്തിരിവായിരുന്നു. മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും ഒന്നര വർഷത്തിനു ശേഷം മതി എന്നു മറുപടി പറയുന്നതുതന്നെ തന്റെ സ്വപ്‌നസാഫല്യത്തിനു വേണ്ടിയായിരുന്നു. എന്നാൽ ഫോറൻസിക് സർജന്റെ വീട്ടിലെ സന്ദർശനത്തിനിടയിൽ  അവരുടെ സഹോദരനായ ജീവനുമായി സാറ അടുക്കുന്നു. ആ അടുപ്പം ഒടുവിൽ വിവാഹത്തിലാണ് കലാശിക്കുന്നത്. മക്കളെ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ടറിഞ്ഞ് കുട്ടികളേ വേണ്ട എന്ന നിലപാടിലായിരുന്ന സാറയുടെയും ജീവന്റെയും കണക്കുകൂട്ടലുകളെ തെറ്റിച്ച് അവൾ ഗർഭിണിയായി. പുതിയ അതിഥിയുടെ വരവും കാത്തു കഴിഞ്ഞിരുന്ന മാതാപിതാക്കൾക്കും ഭർത്താവിനും മുന്നിൽ സ്വന്തം സ്വപ്‌നങ്ങളെ ബലികഴിക്കാൻ അവൾ തയാറായില്ല. പിൻബലമായി ജീവനും അവൾക്കൊപ്പം നിന്നതോടെ അവളുടെ സ്വപ്‌നം സഫലമാവുകയാണ്. സിനിമ പുറത്തിറങ്ങിയപ്പോൾ ഹർഷാരവത്തോടെയാണ് എല്ലാവരും സാറയെ എതിരേറ്റത്.


ജൂഡ് ആന്റണി ഒരുക്കിയ സാറാസിൽ അന്നാ ബെൻ ആണ് കേന്ദ്രകഥാപാത്രമായ സാറയെ അവതരിപ്പിക്കുന്നത്. ഭർത്താവായ ജീവനായി സണ്ണി വെയ്‌നുമെത്തുന്നു. സാറയുടെ അച്ഛനായെത്തുന്നതാകട്ടെ അന്നയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ ബെന്നി പി.നായരമ്പലമാണ്. ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിൽ ഷമ്മിയെ നിലയ്ക്കു നിർത്തിയ ബേബിമോളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേയ്ക്കു കടന്നുവന്ന അന്നയുടെ ഓരോ ചിത്രവും ശ്രദ്ധേയമായിരുന്നു. ഹെലനിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിന് അർഹയായ ഈ അഭിനേത്രി കപ്പേളയിലെ ജെസി എന്ന കഥാപാത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. സാറാസിലെ വിശേഷങ്ങൾ മലയാളം ന്യൂസുമായി പങ്കുവെയ്ക്കുകയാണ് അന്ന ബെൻ.

സാറയെക്കുറിച്ച്?
സാറാസ് ചെറിയൊരു സിനിമയാണ്. അതിലുപരി ഒരു സന്ദേശം കൂടിയാണ് ഈ ചിത്രം നമുക്കു നൽകുന്നത്. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന, അതിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പെൺകുട്ടിയാണ് സാറ. തന്റെ അഭിപ്രായം ആരുടെ മുഖത്തു നോക്കി പറയാനും അവൾക്ക് മടിയില്ല. ജീവിതത്തെക്കുറിച്ച് വ്യക്തമായ നിലപാടും അവൾക്കുണ്ട്. ആകാശത്തോളമുയർന്ന തന്റെ സ്വപ്‌നങ്ങൾക്കു മുന്നിൽ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത കുഞ്ഞെന്ന തടസ്സം വന്നപ്പോൾ അതിനെ വേണ്ടെന്നു വെയ്ക്കാൻ തീരുമാനമെടുത്തവളാണ് സാറ.

 

കോവിഡ്കാലത്തെ ചിത്രീകരണം?
ആദ്യ ലോക്ഡൗൺ കഴിഞ്ഞയുടനെയായിരുന്നു സാറയുടെ ചിത്രീകരണം. കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങളെല്ലാം പാലിച്ച് വളരെ സാഹസികമായാണ് ഈ ചിത്രം ഒരുക്കിയത്. ഓരോ ദിവസവും ആവശ്യമായ അംഗങ്ങൾ മാത്രമേ സെറ്റിലുണ്ടായിരുന്നുള്ളൂ. മെട്രോയിലും ആശുപത്രിയിലും തിയേറ്ററിലുമെല്ലാം ചിത്രീകരണമുണ്ടായിരുന്നു. സിനിമ കാണുന്നവർക്ക് അത് കോവിഡ് കാലത്തെടുത്ത ചിത്രമാണെന്നു തോന്നുകയില്ല. കോവിഡ് കാരണം പല ചിത്രങ്ങളും മുടങ്ങിയപ്പോഴും അത്തരം പ്രതിസന്ധികൾ ഞങ്ങളെ അലട്ടിയിരുന്നില്ല.

ചെയ്യുന്ന കഥാപാത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തണം എന്ന് തീരുമാനിച്ചിട്ടുണ്ടോ?
തീർച്ചയായും. നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ  ഓർത്തിരിക്കണം എന്ന ആഗ്രഹമുള്ള ആളാണ്. അത് മനസ്സിലുള്ളതുകൊണ്ടായിരിക്കണം ഇന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ വേണം എന്നാലോചിക്കാതെ കഥ  കേൾക്കുമ്പോഴുണ്ടാകുന്ന ഇഷ്ടത്തിൽനിന്നും ആ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായിരിക്കണം. ഈ ചിന്ത ഉള്ളിലുള്ളതുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള പ്രേരണയുണ്ടാവുന്നത്. കഥയിൽ എന്തെങ്കിലും പ്രത്യേകതയുണ്ടാകണം അല്ലെങ്കിൽ ആ കഥയിൽ നമുക്കെന്തെങ്കിലും ചെയ്യാനുണ്ടാകണം എന്ന് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചില കഥകൾ കേൾക്കാൻ പപ്പയും കൂടാറുണ്ട്. പപ്പയും കഥ കേൾക്കണമെന്ന് ആഗ്രഹമുള്ള ചിലരുണ്ട്. കാരണം പരിചയ സമ്പന്നനായ തിരക്കഥാകൃത്തെന്ന നിലയിൽ എന്തെങ്കിലും മാറ്റങ്ങൾ പപ്പയുടെ നിർദേശത്തോടെ നടത്തുകയെന്നതാണ് അവരുടെ ഉദ്ദേശ്യം. കഥയിൽ എവിടെയെങ്കിലും സംശയം തോന്നിയാൽ പപ്പയോടൊപ്പം ചേർന്ന് അത് ദൂരീകരിക്കും.

അച്ഛനും മകളും സിനിമയിലും ആവർത്തിച്ചപ്പോൾ എന്തായിരുന്നു അനുഭവം?
കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും അഭിനയിക്കാനും ഞങ്ങൾക്ക് വിഷമമുണ്ടായിരുന്നില്ല. കാരണം വീട്ടിലും ഞങ്ങൾ അങ്ങനെയൊക്കെയാണ് പെരുമാറുന്നത്. എന്തു കാര്യവും തുറന്നു പറയാം. തീരുമാനങ്ങളെടുക്കാം. അതിനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനത്തെയും അവർ എതിർത്തിട്ടില്ല. തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ പപ്പയെ സമീപിക്കും. ഒരിക്കലും അവരുടെ തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കാറില്ല. ആ സ്വാതന്ത്ര്യമായിരിക്കാം സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തയാക്കിയതെന്നു കരുതുന്നു. ഇത്തരം സമാനതകളാണ് കഥാപാത്രത്തിനുമുണ്ടായിരുന്നത്. പപ്പ പണ്ട് നാടകങ്ങളിൽ അഭിനയിക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ആ പരിചയവും അഭിനയത്തിന് കരുത്തായിട്ടുണ്ടാകും.

 

പപ്പയെ പോലെ തിരക്കഥാ രചനയിലേക്കോ സാറയെപ്പോലെ സംവിധാനത്തിലേക്കോ പ്രതീക്ഷിക്കാമോ?
അത്തരം ചിന്തകളൊന്നും തൽക്കാലമില്ല. ഇപ്പോൾ അഭിനയത്തിനാണ് മുൻതൂക്കം. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നല്ല സിനിമയുടെ ഭാഗമാകുക ഇതൊക്കെയാണ് ഇപ്പോഴത്തെ ചിന്ത. സ്‌കൂൾ പഠനകാലത്ത് എന്തെങ്കിലും കുത്തിക്കുറിക്കുമായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. തിരക്കഥാ രചനയിൽ പപ്പയ്ക്കുള്ള പേര് ഞാനായിട്ട് കളഞ്ഞുകുളിക്കാനില്ല.

അച്ഛന്റെ തിരക്കഥയിൽ ഉടനെ അഭിനയിക്കുമോ?
നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് പപ്പയോട് പലപ്പോഴും ചോദിക്കാറുണ്ട്. മറുപടിയൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ദൈവം സഹായിച്ച് അങ്ങനെയൊരു അവസരം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുകയാണ്. പപ്പയിപ്പോൾ ഷാഫി സാറിനൊപ്പം ചേർന്ന് ബിജുമേനോൻ ചേട്ടനെ നായകനാക്കിയുള്ള ഒരു ചിത്രത്തിന്റെ തിരക്കിലാണ്. എനിക്കിണങ്ങിയ ഒരു കഥ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയാറുണ്ട്. വരട്ടെ. അവസരം വരുമ്പോൾ അങ്ങനെയും സംഭവിക്കാം.

 

കോവിഡ് കാലം എങ്ങനെ ചെലവഴിക്കുന്നു?
വീട്ടിലെ ഹോം തിയേറ്ററിൽ ദിവസവും ഒന്നും രണ്ടും സിനിമകൾ കാണും. കുടുംബസമേതം എല്ലാവരും ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നത്. കൂടാതെ വായിക്കും. ഫോണിലൂടെ കഥകൾ കേൾക്കും.

പുതിയ സിനിമകൾ?    
ആഷിക് അബു ഒരുക്കുന്ന നാരദന്റെ ചിത്രീകരണം കഴിഞ്ഞു. എം.സി. ജോസഫിന്റെ 'എന്നിട്ട് അവസാനം' എന്ന ചിത്രമാണ് അടുത്തത്. കൂടാതെ രഞ്ജൻ പ്രമോദിന്റെ പേരിടാത്ത ചിത്രത്തിലേക്കും അവസരം ലഭിച്ചിട്ടുണ്ട്.

Latest News