കാസര്‍കോട്- ബേഡകം കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ട് കോളനിയിലെ സുമിതയെ (23) വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് കുറത്തിക്കുണ്ട് കോളനിയിലെ ആര്. അരുണ്‍കുമാറിനെ(25) ബേഡകം ഇന്‍സ്പെക്ടര്‍ ടി. ദാമോദരന്‍ അറസ്റ്റ് ചെയ്തു. വിശദമായി മൊഴിയെടുത്ത ശേഷം ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
സുമിതയുമായി ബന്ധമുള്ള യുവാവിനെ കുറിച്ച് അരുണ്‍കുമാര്‍ പോലീസിന് സൂചന നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ച് വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്. വിറകുകൊള്ളി കൊണ്ട് യുവതിയുടെ തുടയില്‍ അടിച്ചതിന്റെ പാടുകള്‍ കാണാനുണ്ട്. ഭിത്തിയില്‍ ഇടിച്ചതിനാല്‍ തലയുടെ പിറകുഭാഗത്ത് ചതവും ഉണ്ട്. എന്നാല്‍ മരണകാരണം നാളെ നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം ഇന്‍സ്പെക്ടര്‍ പറഞ്ഞു.






