Sorry, you need to enable JavaScript to visit this website.

ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ

ഗാന്ധി നഗർ കാപിറ്റൽ സ്റ്റേഷൻ 
ഗാന്ധി നഗർ സ്‌റ്റേഷന്റെ ഉൾവശം 
പഞ്ചനക്ഷത്ര ഹോട്ടലിന്റെ രാത്രികാഴ്ച 
ഗാന്ധിനഗർ സ്റ്റേഷൻ നവീകരണത്തിന് മുമ്പ് 

ഗുജറാത്ത് സംസ്ഥാനത്തിലെ വലിയ നഗരം അഹമ്മദാബാദാണ്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള അഹമ്മദാബാദ് ഏതാനും ദശകങ്ങൾക്കപ്പുറം വരെ സംസ്ഥാന തലസ്ഥാനമായിരുന്നു. 
ഇന്ത്യയുടെ തുണി മില്ലുകളുടെ പ്രധാന കേന്ദ്രമായ നഗരം ഒരിഞ്ച് വികസിപ്പിക്കാനാവില്ലെന്ന് വന്നപ്പോഴാണ് ഗാന്ധിനഗർ തലസ്ഥാനമായി മാറിയത്. ഇരട്ട നഗരങ്ങളെന്ന് വേണമെങ്കിൽ പറയാം. വെറും 32 കിലോ മീറ്റർ അകലമേ ഇരു പ്രദേശങ്ങൾക്കുമിടയിലുള്ളൂ. ആ ദൂരം പോലും ഫീൽ ചെയ്യാത്ത വിധം വീതിയേറിയ റോഡുണ്ട് ഗാന്ധി നഗറിൽ നിന്ന് അഹമ്മദാബാദിലേക്ക്. എങ്കിലും ഇന്ത്യൻ റെയിൽവേയുടെ കണക്കിൽ ഗുജറാത്തിലെ ബേസ് അഹമ്മദാബാദ് തന്നെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെല്ലാം ദീർഘദൂര ട്രെയിൻ സർവീസുകൾ ഇവിടേക്കാണുള്ളത്. മുംബൈ മഹാനഗരം കഴിഞ്ഞാൽ ഇന്ത്യയിലെ അതിസമ്പന്നർ പലരും ഈ പ്രദേശത്തു നിന്നുള്ളവരാണ്. ഗാന്ധി നഗറിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ചണ്ഡീഗഢാണ്. അതു കഴിഞ്ഞ് രണ്ടാമതൊരു നഗരം പ്ലാൻ ചെയ്ത് നിർമിച്ചത് ഗാന്ധി നഗറാണ്.  

 

ഒന്നാം മോഡി സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ 23 റെയിൽവേ സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കേരളത്തിൽ നിന്ന് കോഴിക്കോട് ഉൾപ്പെട്ടത് അക്കാലത്ത് ബിഗ് ന്യൂസായിരുന്നു. നമ്മുടെ ജനപ്രതിനിധികളുടെ 'മിടുക്ക'് കൊണ്ട് ഇത് വെറും അച്ചടി മഷി പുരണ്ട വാർത്ത മാത്രമായി മാറി. തമിഴ്‌നാട്ടിലെ ചെന്നൈ, കർണാടകയിലെ ബംഗളൂരു എന്നിവയ്‌ക്കൊപ്പമാണ് ഗാന്ധി നഗറിന്റെ കാര്യവും പരിഗണിച്ചിരുന്നത്. ദൽഹി ആനന്ദ് വിഹാർ, ചണ്ഡീഗഢ് എന്നീ റെയിൽവേ സ്‌റ്റേഷനുകളും നവീകരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ എന്തെങ്കിലും നടന്നത് ബംഗളൂരുവിൽ മാത്രമാണ്. അവിടെ ആദ്യ സമ്പൂർണ എ.സി സ്റ്റേഷൻ പൂർത്തിയായി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഡേറ്റും കാത്തിരിക്കുകയാണ്. സ്വകാര്യ പങ്കാളത്തിത്തോടെ റെയിൽവേ സ്‌റ്റേഷൻ വികസിപ്പിക്കുന്നത് ഒരു പ്രദേശത്തിന്റെ വികസനത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നതാണ് യാഥാർഥ്യം. ചില പ്രോജക്റ്റുകളിൽ ഇക്കണോമിക് സോൺ വരെ സ്‌റ്റേഷനിലുൾപ്പെടുത്തിയിട്ടുണ്ട്. 


ഗുജറാത്തിലെ നവീകരിച്ച ഗാന്ധി നഗർ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനം നാല് ദിവസങ്ങൾക്കപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചു. എയർപോർട്ടുകളോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് റെയിൽവേ സ്‌റ്റേഷനിലെ കെട്ടിടങ്ങൾ നവീകരിച്ചിരിക്കുന്നത്. എയർപോർട്ടിൽ ലഭിക്കുന്നതിന് സമാനമായ സേവനങ്ങളെല്ലാം ഈ റെയിൽവേ സ്‌റ്റേഷനിൽ യാത്രികർക്ക് ലഭിക്കും. റെയിൽവേ സ്‌റ്റേഷനോടൊപ്പം അതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.  ഗാന്ധി നഗർ റെയിൽവേ സ്‌റ്റേഷന്റെയും അഹമ്മദാബാദ് സയൻസ് സിറ്റിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഇത് ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. റെയിൽവേ സ്‌റ്റേഷന്റെ ഭാഗമായി 318 മുറികളോട് കൂടി ഒരു പഞ്ചനക്ഷത്ര ഹോട്ടലും പ്രവർത്തിക്കും. ഗാന്ധി നഗർ റെയിൽവേ സ്‌റ്റേഷന്റെയും പഞ്ചനക്ഷത്ര ഹോട്ടലിന്റെയും എതിർവശത്ത് മഹാത്മ മന്ദിർ കൺവെൻഷൻ സെന്റർ, ഗുജറാത്ത് നിയമസഭാ മന്ദിരം, ദണ്ഡി കോട്ടേജ് എന്നിവയാണ് സിഥിതി ചെയ്യുന്നത്. 


ഗാന്ധിനഗർ റെയിൽവേ സ്‌റ്റേഷനോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടൽ കൂടാതെ വിശാലമായ ഒരു സാമ്പത്തിക മേഖല കൂടിയാണ് ഒരുങ്ങുന്നത്. റെയിൽവേ സ്‌റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നിർവഹിച്ച ഗാന്ധി നഗർ റെയിൽവേ ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ 7,600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അനുബന്ധ സാമ്പത്തിക മേഖല ഒരുക്കിയിട്ടുള്ളത്. ഈ പ്രദേശത്ത് ഭാവിയിൽ ഒരു മൾട്ടിപ്ലക്‌സ് ഫുഡ് കോർട്ട് കൂടി വികസിപ്പിക്കാനാണ് പദ്ധതി. 
പുതിയ റെയിൽവേ സ്‌റ്റേഷനിൽ എയർപോർട്ടിന് സമാനമായ സൗകര്യങ്ങളാണ് യാത്രികർക്ക് ലഭിക്കുക. രണ്ട് എസ്‌കലേറ്ററുകളും മൂന്ന് ലിഫ്റ്റുകളും റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.  പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കാനായി ഭൂഗർഭ സബ്‌വേകളും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സൗഹാർദപരമായ രീതിയിലാണ് റെയിൽവേ സ്‌റ്റേഷൻ നിർമിച്ചിട്ടുള്ളത്. അവർക്ക് സഞ്ചരിക്കാനായി പ്രത്യേക വഴികൾ, ടിക്കറ്റ് കൗണ്ടറുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയും റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. 


2017 ജനുവരിയിൽ പ്രധാനമന്ത്രി മോഡിയാണ്  പദ്ധതിക്ക് തറക്കില്ലിട്ടത്. റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന് 254 കോടി രൂപ ചെലവായി. 
റെയിൽവേ സ്‌റ്റേഷന് മുകളിൽ സ്ഥാപിച്ച പഞ്ചനക്ഷത്ര ഹോട്ടലിന് 790 കോടി രൂപയാണ് നിർമാണ ചെലവ്. റെയിൽവേ സ്‌റ്റേഷന്റെ സമീപമുള്ള മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കുമായി എത്തുന്നവരെ ലക്ഷ്യം വെച്ചാണ് പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥാപിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പാണ് ഹോട്ടലിന്റെ ഉടമ. 


ഗാന്ധി നഗറിലേക്കുള്ള ട്രെയിൻ സർവീസുകൾ നാല് വർഷം നിർത്തലാക്കിയാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്. വെള്ളിയാഴ്ച ഇവിടെ നിന്നുള്ള ട്രെയിനുകളുടെ ഫഌഗ് ഓഫ് പ്രധാനമന്ത്രി വെർച്വലായി നിർവഹിച്ചു. ഇതിലൊരെണ്ണം പ്രതിവാര എക്‌സ്പ്രസ് ട്രെയിനാണ്. 
ഗാന്ധി നഗറിൽ നിന്ന് മോഡിയുടെ മണ്ഡലമായ യു.പിയിലെ വരാണസിയിലേക്ക്. മറ്റൊരെണ്ണം മെമു സർവീസാണ്. മോഡിയുടെ സ്വന്തം വട്‌നഗറിലൂടെ മെഹ്‌സാനയിലേക്കുള്ള സർവീസ്. അടുത്തുള്ള റെയിൽവേ ടൈം ടേബിളുകളിൽ ഗാന്ധിനഗർ ഒരു പ്രധാന ടെർമിനസായി മാറാനുള്ള സാധ്യത ഏറെയാണ്. 

 

 

 

 

 


 

Latest News