അകന്നുപോയ വരെ തിരികെ കൊണ്ടുവരാനുള്ള കർമപദ്ധതികളുമായി സി.പി.എം

കണ്ണൂർ - പാർട്ടിയിൽനിന്ന് അകന്നുപോയ വരെ തിരികെ കൊണ്ടുവരാനും, ബഹുജന വിഭാഗങ്ങളിൽ കൂടുതൽ സ്വാധീനമുണ്ടാക്കുന്നതിനുമുള്ള കർമപദ്ധതികളുമായി സി.പി.എം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ ഏരിയാ കമ്മിറ്റി യോഗങ്ങളിൽ അവതരിപ്പിക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുന്നതിനായി സംഘടനാ ശേഷി വർദ്ധിപ്പിക്കാനുതകുന്ന പ്രത്യേക കർമപദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. പിഴവുകൾ താഴെ തട്ടു മുതൽ പരിഹരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. സംഘടനാ തലത്തിലുള്ള പ്രവർത്തനങ്ങളിലെ വീഴ്ചകൾമൂലം ജനങ്ങൾ പാർട്ടിയിൽനിന്ന് അകലുന്നത് ഒഴിവാക്കാൻ കൂടിയാണീ നടപടി. 


സംഘടനാ തല ശുദ്ധീകരണം കൂടി ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്‌കരിച്ച് താഴെ തട്ടുമുതൽ നടപ്പാക്കുന്നത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടികളെടുക്കാനും നിർദേശമുണ്ട്. സമീപകാലത്തുണ്ടായ സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദത്തിൽ സംഘങ്ങളുമായി ബന്ധമുള്ള പാർട്ടി അംഗങ്ങൾക്കെതിരെ കടുത്ത നിലപാടുകൾ കൈക്കൊണ്ടിരുന്നു. ചിലരെ പുറത്താക്കുകയും മറ്റു ചിലരെ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ഇത്തരം പരിശോധന നടന്നുകൊണ്ടിരിക്കയാണ്.


നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ടു കിട്ടാത്ത ബൂത്തുകളെ പ്രത്യേകമായെടുത്ത് സ്വാധീനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകും. ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേരിട്ട വലിയ തിരിച്ചടി, പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അതിജീവിക്കാനും, നിയമസഭാ തെരഞ്ഞെടുപ്പോടെ വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ. 
പല കാരണങ്ങളാലും പാർട്ടിയുമായി അകന്നു കഴിയുന്നവരെയും, സമുദായങ്ങളെയും പാർട്ടിയുമായി കൂടുതൽ അടുപ്പിക്കുന്നതാണ് പുതിയ കർമപദ്ധതി. ഓഗസ്റ്റ് 5 നകം ജില്ലയിലെ എല്ലാ ഘടകങ്ങളുടെയും യോഗം വിളിച്ചു ചേർത്ത് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടും, സംഘടനാ വിപുലീകരണത്തിനായി നടത്തുന്ന പ്രവർത്തന പദ്ധതിയും ചർച്ച ചെയ്യും.
യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News