Sorry, you need to enable JavaScript to visit this website.

വിനോദത്തിനും വിജ്ഞാനത്തിനുമായി പുതുവൈപ്പിനിൽ 250 കോടിയുടെ അക്വാ പാർക്ക് 

പുതുവൈപ്പിനിലെ നിർദിഷ്ട ഓഷ്യനേറിയം അക്വാ പാർക്ക്


കൊച്ചി പുതുവൈപ്പിനിൽ ആഗോള തലത്തിൽ തന്നെ അപൂർവമായ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാ പാർക്ക് വരുന്നു. 250 കോടി രൂപ ചെലവിൽ 133 ഏക്കറിലാണ് പാർക്ക് സജ്ജമാക്കുന്നത്. നാലു വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കും. മത്സ്യ മേഖലയിൽ വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് സംസ്ഥാന സർക്കർ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.  ഓഷ്യനേറിയത്തിനു പുറമെ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന കണ്ടൽ ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, സമുദ്രോൽപന്ന സംസ്‌കരണം, സീ ഫുഡ് റെസ്റ്റോറന്റ്, മത്സ്യ കൃഷി പ്രദർശന യൂനിറ്റ്, ഫിഷറീസ് പരിശീലന കേന്ദ്രങ്ങൾ, മ്യൂസിയം, മറൈൻ എന്റർടെയ്ൻമെന്റ് ആൻഡ് സ്‌പോർട്‌സ്, ഫിഷറീസ് സ്റ്റാർട്ട് അപ്, അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സ്   തുടങ്ങി വിവിധ ഘടക പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് അക്വാ പാർക്ക്. 


ഫിഷറീസ് വകുപ്പ്  മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്‌സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ (സിഎംആർഎൽഇ) നടന്ന  യോഗത്തിൽ പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. എക്‌സ്‌ടെർണൽ കൺസൽട്ടന്റ് ഏജൻസിയുടെ  സഹായം തേടാനും പ്രധാനമന്ത്രി  മത്സ്യ  സമ്പാദ് യോജന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കാനും  യോഗത്തിൽ  തീരുമാനമായി. പദ്ധതി പ്രദേശം മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു.  കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ്  കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക് പരീതാണ് പദ്ധതി ചെയർമാൻ. ഫിഷറീസ് വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. ആഷാ അഗസ്റ്റിനാണ് പദ്ധതിയുടെ കൺവീനർ.


ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്ന ഓഷ്യനേറിയം സമഗ്ര പദ്ധതി വൻതോതിൽ തൊഴിലവസരങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരുടെയെല്ലാം മികച്ച ക്ഷേമം പദ്ധതി ഉറപ്പാക്കും. പരിസ്ഥിതിയുടെ പ്രത്യേകിച്ച് അവഗണിക്കപ്പെട്ടു പോകാറുള്ള തീരത്തിന്റെയും സമുദ്ര ജീവികളുടെയും സംരക്ഷണം, ഇതേക്കുറിച്ചുള്ള അവബോധം, ഗവേഷണാവസരങ്ങൾ എന്നിവയ്‌ക്കെല്ലാം പദ്ധതി അവസരമൊരുക്കും. നാല് വർഷമാണ് പദ്ധതി നിർവഹണ കാലാവധി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനാകും. 2021 - 22 സാമ്പത്തികവർഷത്തിൽ 12.5 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.  


വൈപ്പിൻ മണ്ഡലത്തിന്റെ വൻ വികസനക്കുതിപ്പ് ഉറപ്പാക്കുന്ന നിർദിഷ്ട ഓഷ്യനേറിയത്തിന് വൈപ്പിൻ തീരത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സവിഷേതകളുണ്ട്. ഏറ്റവുമധികം കടൽ ജൈവ വൈവിധ്യം ഉൾക്കൊള്ളുന്ന തീരമാണ് വൈപ്പിനിലേത്. അതുകൊണ്ടു തന്നെ പദ്ധതി പ്രാബല്യത്തിലാക്കുന്നതിന് ഏറ്റവും മുന്തിയ പ്രാമുഖ്യം നൽകും. പ്രാദേശിക സാഹചര്യത്തിന് യോജിച്ച പ്രായോഗികതയിലൂന്നിയ സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ അവലംബിക്കുകയെന്ന്  വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 

Latest News