മംഗളൂരു- എസ്എഫ്ഐ വനിതാ നേതാവിനെ സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സംഘ്പരിവാര്‍ പ്രവര്ത്തകന് അറസ്റ്റില്‍. എസ്എഫ്ഐ നേതാക്കളായ മുസ്ലിം യുവാവിനേയും ഹിന്ദു യുവതിയേയും ബന്ധപ്പെടുത്തിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം.
ബെല്‍ത്തങ്ങാടി കക്കിഞ്ഞെ ശ്രീഹരി എന്ന ഹരീഷ് (22 ) ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
എസ്എഫ്ഐയുടെ വനിതാ നേതാവും ദക്ഷിണ കന്നട ജില്ലാ സെക്രട്ടറിയുമായ മാധുരി ബോളാര്‍ ജോ.സെക്രട്ടറി ഹംസ കിന്യ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയം അപവാദ പ്രചാരണം നടത്തുകയും ചെയ്തത്.
ബംഗളൂരുവില്‍ നടന്ന എസ്എഫ്ഐ യുടെ പരിപാടിക്ക് പോകവെ ബസില്‍ നിന്നെടുത്ത ഗ്രൂപ്പ് ഫോട്ടൊ മാധുരി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എസ്എഫ്ഐ നേതാക്കളായ ഗണേഷ് ബോളാര്‍ ,സുഹാസ് അഡിക എന്നിവരോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ കുപ്രചാരണം നടത്തിയത്. മുസ്്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുടെ കൂടെ ചുറ്റുന്നുവെന്നും രണ്ടിനെയും വെറുതെ വിടരുതെന്നുമായിരുന്നു ഫോട്ടെയുടെ അടിക്കുറിപ്പ്.
ഇത് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ മാധുരി കഴിഞ്ഞ ദിവംസ സിറ്റി പോലീസ് കമ്മീഷണര്‍ ടി ആര് സുരേഷിന് പരാതി നല്കി.
കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പാണ്ഡേശ്വരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ശ്രീഹരി പിടിയിലായത്. റിക്കി റിതേഷ് എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ദാക്ഷായിണി ഷെട്ടി ,ശൈലേഷ് സാ ലിയാന് ,ശ്രീഹരി എന്നിവരുടെ വാട്സ് അപ്പ് സ്ക്രീന്‍ ഷോട്ടും പരാതിയുടെ കൂടെ സമര്‍പ്പിച്ചിരുന്നു.
ഇത്തരം ഭീഷണിക്കു മുന്നില്‍ തളരില്ലെന്നും എസ്.എഫ്.ഐയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മാധുരി പറഞ്ഞു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാല്‍ ധന്യശ്രീ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പോലെ മറ്റു പെണ്‍കുട്ടികളും ചെയ്യുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. ഇതിനായാണ് അവര്‍ സമാന രീതിയില്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നത് . സംഘ പരിവാറിന്റെ തിട്ടൂരം തള്ളി കളഞ്ഞ് മുഴുവന്‍ പെണ്‍കുട്ടികളും ഭയപ്പെടാതെ മുന്നോട്ട് വരണമെന്നും മാധുരി പറഞ്ഞു. സമാന രീതിയില്‍ നടന്ന അപവാദ പ്രചാരണത്തെ തുടര്‍ന്നാണ് ചിക്മാംഗ്ലൂര്‍ മൂഡിഗരയില്‍ ബികോം വിദ്യാര്‍ഥിനിയായ ധന്യശ്രീ കഴിഞ്ഞ ശനിയാഴ്ച തൂങ്ങി മരിച്ചത്. സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അനില്‍ അറസ്റ്റിലായിരുന്നു.






