മഹായിൽ അസീർ കാലിച്ചന്തയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

മഹായിൽ അസീർ കാലിച്ചന്തയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്. 

അബഹ- എല്ലാ വർഷവും പതിവുള്ളതു പോലെ മഹായിൽ അസീർ കാലിച്ചന്തയിൽ ഇന്നലെയും അനുഭവപ്പെട്ടത് അഭൂതപൂർവമായ തിരക്ക്. ബലി പെരുന്നാളിന്റെ തൊട്ടുമുമ്പുള്ള അവസാനത്തെ ശനിയാഴ്ച മഹായിൽ അസീർ കാലിച്ചന്തയിൽ എല്ലാ വർഷവും കടുത്ത തിരക്കാണ് അനുഭവപ്പെടാറ്. ദക്ഷിണ സൗദിയിലെ ഏറ്റവും പ്രശസ്തമായ കാലിച്ചന്തയാണ് മഹായിൽ അസീർ മാർക്കറ്റ്. 

കച്ചവടക്കാരും ഉപയോക്താക്കളും അടക്കം ആയിരങ്ങളാണ് ഇന്നലെ മഹായിൽ അസീർ കാലിച്ചന്തയിൽ ഒഴുകെയെത്തിയത്. പോലീസും പട്രോൾ പോലീസും ട്രാഫിക് പോലീസും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും കാലിച്ചന്തയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വാഹന ഗതാഗതവും പാർക്കിംഗും മറ്റു കാര്യങ്ങളും ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. 

ബലികർമം നിർവഹിക്കുന്നതിന് ആടുമാടുകളെ വാങ്ങാൻ ആഗ്രഹിച്ച് മാർക്കറ്റിലെത്തിയവരുടെ കടുത്ത തിരക്ക് അറവു മാടുകളുടെ വിലയിലും പ്രതിഫലിച്ചു. മുട്ടനാടിന് 1,500 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് മാർക്കറ്റിൽ ഇന്നലെ പൊതുവിലുണ്ടായിരുന്ന വില. വിലക്കൂടുതൽമൂലം ചിലർ ബലിമൃഗങ്ങൾ വാങ്ങുന്നതിൽനിന്ന് വിട്ടുനിന്നു. ബലിമൃഗങ്ങളെ വാങ്ങുന്നത് അറഫ ദിനം വരെ നീട്ടിവെക്കുന്നത് വില കുറയാൻ സഹായിക്കുമെന്ന് മുഹമ്മദ് അൽഅസീരി പറഞ്ഞു. കുറച്ചു കൂടി കാത്തിരിക്കുന്നതോടെ ആവശ്യത്തേക്കാൾ കൂടുതലായി ലഭ്യത ഉയരുകയും ഇതിന്റെ ഫലമായി വില കുറയുകയും ചെയ്യുമെന്ന് മുഹമ്മദ് അൽഅസീരി പറഞ്ഞു.

 

Latest News