Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിൽ നിന്ന് ജിദ്ദ വരെ നീളുന്ന സ്‌നേഹ ശൃംഖല

എഴുത്തിനും വായനയ്ക്കും വിഘാതം സൃഷ്ടിക്കാൻ മഹാമാരിക്ക് സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജിദ്ദയിൽ പ്രസിദ്ധീകരിച്ച സ്‌നേഹസ്മരണിക എന്ന മാഗസിൻ. കൊറോണയുടെ പിടിയിൽ ലോകം മുഴുവൻ ലോക്ഡൗണിലേക്ക് പോയപ്പോൾ ആ അവസരത്തെ നന്നായി മുതലാക്കി സാഹിത്യ മൂല്യമുള്ള ഒരു പ്രസിദ്ധീകരണത്തിന് വഴി ഒരുക്കിയത് ജിദ്ദയിലെ പത്തനംതിട്ട സ്വദേശികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ആണ്. സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യവുമായി 2009 ൽ ജിദ്ദയിൽ രൂപം കൊണ്ട ഈ കൂട്ടായ്മ ഇന്ന് ഇവിടുത്തെ പ്രധാനപ്പെട്ട സംഘടനകളിൽ ഒന്നായി മാറിയതിനു പിന്നിൽ കഠിനാധ്വാനവും ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളുമാണ്. കലാസാംസ്‌കാരിക രംഗത്ത് കഴിഞ്ഞ 12 വർഷങ്ങളായി വേറിട്ട പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന പിജെസ് സാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും മുൻപന്തിയിൽ ആണ്. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മാഗസിന്റെ പ്രകാശനം നിർവഹിച്ചു. മുസാഫിർ (മലയാളം ന്യൂസ്്്) മാഗസിന്റെ കവർ പേജ് നേരത്തെ പുറത്തിറക്കിയിരുന്നു.
2011 ൽ പടയണി എന്ന പേരിൽ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെയും ഒപ്പം ജിദ്ദയിലെ എഴുത്തുകാരുടെയും രചനകൾ ഉൾപ്പെടുത്തി ഒരു മാഗസിൻ പ്രസിദ്ധീകരിക്കാൻ പി.ജെ.എസിന് സാധിച്ചു. 
2017 ൽ ഇ. ബ്ലിസ് എന്ന പേരിൽ കുട്ടികൾക്കായി ഒരു മാഗസിനും പി.ജെ.എസിന്റെ ബാലവിഭാഗമായ പിജെബിസ് പ്രസിദ്ധീകരിച്ചു. കുട്ടികളുടെ രചനകൾ മാത്രം ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ മാഗസിന്റെ ഡിസൈൻ, എഡിറ്റിംഗ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് നിർവഹിച്ചത്. പത്തനംതിട്ട ജില്ലയെ അടുത്തറിയാൻ ഉപകരിക്കുന്ന ഒരു റഫറൻസ് ബുക്കായി ഈ മാഗസിനെ കണക്കാക്കാം. 
പത്തനംതിട്ട ജില്ല ഒരു തിരനോട്ടം എന്ന ലേഖനത്തിലൂടെ കടന്നു പോകുന്ന ഏതൊരാൾക്കും ഈ ജില്ലയെ പറ്റിയുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. ജില്ലയുടെ രൂപീകരണം മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ വ്യക്തതയോടെ പ്രതിപാദിച്ചിരിക്കുന്നു. പേരിനു പിന്നിലുള്ള കഥ, ഭൂപ്രകൃതിയുടെ വൈവിധ്യം, നദികളുടെ പെരുമ, കൃഷിയുടെ വ്യത്യസ്തതകൾ, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പുരോഗതി, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പത്തനംതിട്ടയുടെ പങ്ക്, പാണ്ഡ്യ രാജവംശവും തിരുവിതാംകൂർ രാജവംശവും ഒക്കെ ഭരണം നടത്തിയ ഈ പ്രദേശത്തിനു ചരിത്രപ്രാധാന്യം, ഓരോ പ്രദേശങ്ങളുടെയും ചരിത്രപ്രാധാന്യവും പെരുമയും, തീർത്ഥാടന കേന്ദ്രങ്ങളുടെ പ്രശസ്തി, ജില്ലയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ എന്നിങ്ങനെ സമഗ്ര പഠനത്തിന് ശേഷം എഴുതപ്പെട്ടിട്ടുള്ള ഒരു ലേഖനമാണിത്.
സാഹിത്യകാരന്മാരുടെ ഒരു നീണ്ടനിര പത്തനംതിട്ട ജില്ലയ്ക്ക് അവകാശപ്പെടാം. മൂലൂർ എസ്. പത്മനാഭ പണിക്കർ, ഗുരു നിത്യചൈതന്യ യതി, കടമ്മനിട്ട രാമകൃഷ്ണൻ, സുഗതകുമാരി, കണ്ടത്തിൽ വർഗീസ് മാപ്പിള, ഇ.വി കൃഷ്ണപിള്ള, പന്തളം കേരളവർമ, ശക്തിഭദ്രൻ തുടങ്ങി ബെന്യാമിൻ വരെയുള്ള സാഹിത്യകാരന്മാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും വിവരിച്ചിട്ടുള്ള പത്തനംതിട്ടയുടെ സ്വന്തം സാഹിത്യകാരന്മാർ എന്ന ഭാഗം മലയാള സാഹിത്യ ചരിത്രത്തിന്റെ ചെറിയൊരു പരിഛേദമാണ്.
ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പടപൊരുതി മരണം വരിച്ച ധീരരക്തസാക്ഷി വേലുത്തമ്പി ദളവായുട ത്രസിപ്പിക്കുന്ന ചരിത്രവും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ സ്ഥാപിച്ചിരിക്കുന്ന മണ്ണടിയിലെ മ്യൂസിയവും മനോജ് മാത്യു അടൂരിന്റെ വിവരണത്തോടെ ചേർത്തിരിക്കുന്നു. പത്തനംതിട്ടയുടെ ശിൽപിയും ദീർഘകാലം എം.എൽ.എയുമായിരുന്ന കെ.കെ നായരുടെ ചരിത്രം അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ വിലാസ് കുറുപ്പ് വിവരിക്കുമ്പോൾ കേരളത്തിന്റെ സ്വന്തം ചിത്രകാരനായ ആർടിസ്റ്റ് വല്യത്താനെപ്പറ്റിയുള്ള വിവരണം നൽകുന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ ആർട്ടിസ്റ്റ് അജയകുമാർ ആണ്.
മലയാള സിനിമയുടെ എണ്ണം പറഞ്ഞ കലാകാരന്മാർക്ക് ജന്മം നൽകാൻ ഭാഗ്യം ലഭിച്ച ഒരു ജില്ലയാണ് പത്തനംതിട്ട. അടൂർ ഗോപാലകൃഷ്ണൻ, മോഹൻലാൽ, നയൻതാര, അടൂർ ഭാസി, ആറന്മുള പൊന്നമ്മ, തിലകൻ, എം ജി സോമൻ, ക്യാപ്റ്റൻ രാജു, കവിയൂർ പൊന്നമ്മ, ബ്ലെസ്സി, മീര ജാസ്മിൻ, പാർവതി തുടങ്ങി പഴയതും പുതിയതുമായ എല്ലാ അഭിനേതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സിനിമയിലെ പ്രതിഭാശാലികൾ പത്തനംതിട്ടയിൽ നിന്ന് കൃതി കണ്ണു തുറക്കുന്നത് ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലികളിലൂടെയുള്ള ഒരു യാത്രയാണ്.
പ്രവാസികളുടെ പുനരധിവാസത്തെ പറ്റിയുള്ള വർഗീസ് ഡാനിയേലിന്റെ ലേഖനം ഈ രംഗത്തെ പി.ജെ.എസിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്നതിനോടൊപ്പം പുനരധിവാസ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ വിവരണം കൂടിയാണ്. പത്തനംതിട്ടയുടെ മതമൈത്രിയുടെ ചിഹ്നമായി ഉയർത്തിക്കാണിക്കുന്ന ശബരിമല അയ്യപ്പനും വാവരുമായുള്ള സൗഹൃദത്തിന്റെ ചരിത്രവും വാവരുടെ ഐതിഹ്യവും വിവരിക്കുന്നത് പി.ജെ.എസിന്റെ പി.ആർ.ഒ അനിൽ കുമാറിന്റെ 'വാവര്് - മതമൈത്രിയുടെ മകുടോദാഹരണം' എന്ന കൃതിയിലൂടെയാണ്.
ബെന്യാമിന്റെ എഴുത്തുകാരുടെ കോലായയിൽ എന്ന യാത്രാവിവരണ ലേഖനം ആദ്യമായി ഈ മാഗസിനിലൂടെ പൊതുസമൂഹത്തിലേക്ക് എത്തുകയാണ്. കൊളംബിയ, പാരീസ്, അയർലൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ ചില പ്രസിദ്ധമായ ഭക്ഷണശാലകളും സാഹിത്യ ലോകവുമായുള്ള ബന്ധവും പരിചയപ്പെടുത്തുന്ന ഒരു വ്യത്യസ്തമായ ലേഖനമാണിത്. ഒപ്പം അഹമ്മദ് മെഹബൂബിന്റെ പുഷ്പിണി എന്ന ചെറുനോവൽ, ശശി നായരുടെ പ്രയാണം എന്ന യാത്ര വിവരണം, മഴനീർതുള്ളി എന്ന സുശീല ജോസഫിന്റെ നീണ്ട കഥ, ചിറകറ്റ പക്ഷികൾ പറക്കുമോ എന്ന പ്രവാസ ലോകത്തെപ്പറ്റിയുള്ള പിറവം ഉണ്ണികൃഷ്ണന്റെ ലേഖനം, സന്ന്യാസിയുടെ തിരക്ക് എന്ന നിഷ ഷിബുവിന്റെ കഥ, ഡ്രീംസ് ആന്റി ഗോൾസ് എന്ന മെർലിൻ ജോർജിന്റെ ലേഖനം, കാത്തിരിപ്പ് എന്ന ഷിബു ജോർജിന്റെ കവിത, മരുപ്പച്ച തേടുന്ന പ്രവാസി അംഗന എന്ന ജൂലി എബിയുടെ ലേഖനം, ജനസേവന കേന്ദ്രം എന്ന രാജൻ കടമ്മനിട്ടയുടെ കവിത, ഹൈറുന്നിസ സിയാദിന്റെ ആരോഗ്യ പരിപാലന ലേഖനം, ആശ സാബു, പ്രീത അജയകുമാർ തുടങ്ങിയവരുടെ പാചക വിവരങ്ങൾ, സൂപ്പർ കാർട്ടൂണിസ്റ്റ് ജിതേഷിന്റെ വരകൾ, വെളിച്ചത്തിന്റെ ദൂതൻ എന്ന പേരിൽ ഫിലിപ്പോസ് മാർ ക്രിസ്റ്റോസം തിരുമേനിയുടെ ജീവിതകഥ  തുടങ്ങി സാഹിത്യ വിഭവങ്ങളുടെ ഒരു നീണ്ട നിരയാണ് വായനക്കാരെ കാത്തിരിക്കുന്നത്.
വായനയുടെ ലോകം എന്ന പേരിൽ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ 
സ്‌കൂളിലെ അധ്യാപകൻ സി.ടി. മൻസൂർ എഴുതിയ ലേഖനത്തിൽ
സ്‌കൂളിലെ മലയാളം ലൈബ്രറിയുടെ പ്രവർത്തനത്തിനായി പി.ജെ.എസ്  
500 പുസ്തകങ്ങൾ സംഭാവന നൽകിയ കാര്യം എടുത്തു പറയുന്നു. 
മനോജ് മാത്യു അടൂർ ചീഫ് എഡിറ്ററായും വിലാസ് കുറുപ്പ്, സന്തോഷ് ജി. നായർ, വർഗീസ് ഡാനിയേൽ, രാജേഷ് നായർ, സന്തോഷ് കെ. ജോൺ, നൗഷാദ് അടൂർ, ആർട്ടിസ്റ്റ് അജയ് കുമാർ എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുമായ സമിതിയാണ് സ്‌നേഹ സ്മരണിക അണിയിച്ചൊരുക്കിയത്.
ഡിസൈൻ, ലേ ഔട്ട് തുടങ്ങിയവ നിർവഹിച്ചത് ആർട്ടിസ്റ്റ് അജയകുമാറാണ്.
ജയൻ നായർ, അലി തേക്കുതോട്, അബി ചെറിയാൻ, ശുഹൈബ് പന്തളം,  അയൂബ് ഖാൻ, ജോസഫ് വർഗീസ്, സിയാദ് പടുതോട്, മാത്യു തോമസ്, സജി വർഗീസ്, ജോർജ് വർഗീസ്, എൻ.ഐ ജോസഫ്, മനു പ്രസാദ്, ഷറഫുദ്ദീൻ മൗലവി, സന്തോഷ് പൊടിയാണ്, നവാസ് ചിറ്റാർ, അനിയൻ ജോർജ് തുടങ്ങിയവരാണ് മറ്റു അണിയറ ശിൽപികൾ. 

Latest News