Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

വേണം, ഒരു ഗാർഹിക മൊബൈൽ നയം

ഓൺലൈൻ പഠനകാലം  കുട്ടികൾക്ക് മുന്നിൽ  ഒരുപാട് സാധ്യതകളും അതോടൊപ്പം തന്നെ ഏറെ  ചതിക്കുഴികളും തുറന്നിട്ടിരിക്കുന്നതിന്റെ വാർത്തകളാണ്  നാം ഇപ്പോൾ നിരന്തരം  കേട്ടുകൊണ്ടിരിക്കുന്നത്.
ഈ മഹാമാരിയുടെ കാലത്ത് ഏറെ പ്രയാസം അനുഭവിച്ചുകൊണ്ട് വിദ്യാഭ്യാസ പ്രക്രിയയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന  വെല്ലുവിളികൾ ചെറുതല്ല.  മികച്ച അധ്യാപകരും ജാഗ്രതയുള്ള രക്ഷിതാക്കളും ഓൺലൈൻ പഠനം പ്രദാനം ചെയ്യുന്ന  സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളെ  പാഠഭാഗങ്ങൾ കാര്യക്ഷമമായി പഠിച്ച് മിടുക്കരാവാൻ
സഹായിക്കുന്നുണ്ട്. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വേറിട്ട  ഉത്തരവാദിത്തങ്ങൾ നൽകിയും വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ ഈ ഗ്രൂപ്പുകളുടെ സഹായത്തോടെ ഏകോപിപ്പിച്ചും കുട്ടികളിൽ നേതൃ ശീലവും കാര്യക്ഷമമായ വിനിമയവും കൃത്യനിഷ്ഠയും തുടങ്ങി പല മൂല്യങ്ങളും ശീലങ്ങളും വളർത്തിക്കൊണ്ടുവരുന്നതിൽ ചില സ്ഥാപനങ്ങളും അധ്യാപികധ്യാപകൻമാരും വഹിക്കുന്ന പങ്ക് തികച്ചും ശ്ലാഘനീയമാണ്. വിദഗ്ധരായ പലരുടെ  ക്ലാസുകളും വിവിധ മൽസരങ്ങളും ദൈനംദിന കർമപരിപാടികളും ദിനാചരണങ്ങളും  ഓൺലൈൻ പഠനത്തിലെ വിരസതയും മടുപ്പും കുട്ടികളിൽ നിന്ന്  അകറ്റാനും കൂടുതൽ താൽപര്യത്തോടെ പഠന പ്രക്രിയയിൽ പങ്കാളികളാവാനും സഹായിക്കുന്നുണ്ട്.
വീട് വിദ്യാലയമായി മാറിയ ഈ കാലത്ത്
രക്ഷിതാക്കൾ കുട്ടികളുടെ സഹപാഠിയായി മാറുകയാണ്. അധ്യാപകർ പഠിപ്പിക്കുന്നത് കേവലം വിദ്യാർത്ഥികളെ മാത്രമല്ല. അവരുടെ രക്ഷിതാക്കളും പലപ്പോഴായി പഠനത്തിൽ പങ്കാളികളായി മാറുന്നു.
ഈ സാഹചര്യം അധ്യാപകരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പല ക്ലാസുകളിലും സജീവമായ ചുരുക്കം ചില കുട്ടികളുടെ പ്രഭാവത്തിൽ സ്വതവേ സംസാരപ്രിയരോ, സജീവമോ അല്ലാത്ത വിദ്യാർത്ഥികൾ പിന്തള്ളപ്പെടാറുണ്ട്. 
കൊച്ചു കൊച്ചു ഗ്രൂപ്പുകളാക്കി കുട്ടികൾക്ക് പരസ്പരം ചർച്ച ചെയ്യാനും കാര്യങ്ങൾ വിലയിത്താനും റിപ്പോർട്ട് ചെയ്യാനും അവസരം ലഭിക്കുന്ന ക്ലാസുകളിൽ ഈ പ്രതിസന്ധി പൊതുവെ മറികടക്കാൻ കഴിയാറുണ്ട്.

രക്ഷിതാക്കൾക്ക് വേണ്ടത്ര ജാഗ്രത ചെലുത്താൻ കഴിയാത്ത വീടുകളിലെ കുട്ടികൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നതിന്റെയും ചതിക്കുഴികളിൽ അകപ്പെടുന്നതിന്റെയും ഞെട്ടിക്കുന്ന വാർത്തകൾ അനുദിനം  വന്നുകൊണ്ടിരിക്കയാണ്.   കുട്ടികളെ  ലക്ഷ്യമാക്കുന്ന  വിവിധ തരം ഓൺലൈൻ ഗെയിമുകൾ അവരുടെ ആരോഗ്യ ശീലത്തിലും  പെരുമാറ്റത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല.   രാപ്പകലില്ലാതെ ഇത്തരം ഗെയിമുകൾക്ക്  വശംവദരായി വീട്ടിലെ മാതാപിതാക്കളോടും മുതിർന്നവരോടും അസാധാരണമായ കോപത്തോടെയും ധിക്കാരത്തോടെയും പെരുമാറുകയും
പഠനത്തിൽ തീരെ ശ്രദ്ധയില്ലാത്തവരായി കുട്ടികളുടെ പ്രകൃതം മാറിപ്പോയതിന്റെയും നീറുന്ന കഥകൾ പങ്കുവെക്കുന്ന രക്ഷിതാക്കളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. കൂടാതെ, കുട്ടികളെ ചതിയിലകപ്പെടുത്തി അവരെ വഴിതെറ്റിക്കുന്ന കാപാലിക സംഘങ്ങളുടെ നെറികെട്ട ചെയ്തികളും രക്ഷിതാക്കളെ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണ്.

നിരന്തരമായ ബോധവൽക്കരണവും കെണിയിൽ അകപ്പെട്ടു പോയവർ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രത്യാഘാതങ്ങളും കുട്ടികളെ അപ്പപ്പോൾ വിവേകപൂർവം ഉണർത്തുന്നതും ബോധ്യപ്പെടുത്തുന്നതും നല്ലതാണ്.

അതേസമയം, സംശയ രോഗികളായി കുട്ടികളുടെ പിന്നാലെ ഇരുപത്തിനാലു മണിക്കൂറും അവരെ പിന്തുടരുന്നതും നല്ലതല്ല. കുട്ടികൾ കളിക്കുന്ന ഗെയിമുകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ അവരോടൊപ്പം കളിക്കൂട്ടുകാരായി മാറി വല്ലപ്പോഴെങ്കിലും ഗെയിമിൽ രക്ഷിതാക്കളും  പങ്കാളികളാവുന്നത് നല്ലതായിരിക്കും. യു ട്യൂബ് ഹിസ്റ്ററി പരിശോധിക്കുന്നതും സബ്‌സ്‌ക്രൈബ്ഡ് ചാനൽ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുന്നതും സോഷ്യൽ മീഡിയകളിൽ മക്കളുടെ സുഹൃത്തുക്കളാവുന്നതും ഒരു പരിധി വരെ അവരുടെ പാഠ്യേതരമായ ഓൺലൈൻ ഇടപെടലുകളെ തിരിച്ചറിയാനും വേണ്ട മാർഗ നിർദേശങ്ങൾ നൽകാനും സഹായിച്ചേക്കാം.

വരാനുള്ള ലോകത്ത് നിന്ന് സോഷ്യൽ മീഡിയയേയും ഓൺലൈൻ പഠനത്തേയും മാറ്റിനിർത്താനാവില്ല. അതിനാൽ മക്കളെ അവയുടെ നിരവധി സാധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ പ്രാർത്ഥനാപൂർവം കർശനമായ മാർഗ നിർദേശങ്ങൾ നൽകുകയുമാണ് വിവേകമതികളായ രക്ഷിതാക്കൾ ചെയ്യേണ്ടത്. കാര്യക്ഷമമായ ഒരു  മൊബൈൽ നയം വീട്ടിലെ സാഹചര്യമനുസരിച്ച്  നടപ്പാക്കാനും പാലിക്കാനും രക്ഷിതാക്കളും കുടുംബാംഗങ്ങളും തുറന്ന ചർച്ചയിലൂടെ  സന്നദ്ധമായാൽ പരിഹരിക്കാവുന്നതേയുള്ളൂ ഗാർഹികാന്തരീക്ഷത്തിൽ പുകയുന്ന പല  പ്രശ്‌നങ്ങളും.


 

Latest News