Sorry, you need to enable JavaScript to visit this website.

മുഹമ്മദ് ത്വയ്യിബ് - ഖത്തറിലെ 'ജൂനിയർ റഫി'

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകൾ പാടിയും റഫി കി യാദേൻ എന്ന റഫി അനുസ്മരണ പരിപാടികൾ വർഷം തോറും സംഘടിപ്പിച്ചും ഖത്തറിലെ ജൂനിയർ റഫി എന്നറിയപ്പെടുന്ന ഗായകനാണ് മുഹമ്മദ് ത്വയ്യിബ്. റഫിയുടെ രണ്ടായിരത്തിലധികം പാട്ടുകൾ പാടിയും പഠിച്ചുമാണ് മഹാഗായകനോടുള്ള സ്നേഹാദരങ്ങൾ ത്വയ്യിബ് അടയാളപ്പെടുത്തുന്നത്.
ഒരു ഗായകൻ എന്നതിലുപരി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചെറുതും വലുതുമായ നിരവധി സംഗീത പരിപാടികളുടെ സംഘാടകൻ എന്നത് ഖത്തറിൽ ത്വയ്യിബിന് മാത്രം അവകാശപ്പെട്ടതാകും. വിവിധ ഭാഷകളിലായി നൂറിലധികം ഷോകളാണ് മലപ്പുറം ജില്ലയിലെ കട്ടുപ്പാറ സ്വദേശിയായ ഈ കലാകാരൻ ഇതിനകം സംഘടിപ്പിച്ചത്.

പ്രമുഖ പണ്ഡിതനും അറബി ഭാഷയിലെ നിമിഷ കവിയുമായിരുന്ന പരേതനായ സെയ്താലി മൗലവിയുടേയും ഖദീജയുടേയും മകനായി ജനിച്ച ത്വയ്യിബ് വടക്കാങ്ങരയിലും ശാന്തപുരത്തുമാണ് പഠിച്ചത്. വീട്ടിൽ എല്ലാവരും പാട്ടിനോട് ആഭിമുഖ്യമുളളവരായതിനാൽ ചെറുപ്പം മുതലേ പാട്ടുകൾ പാടുമായിരുന്നു. പാട്ട് പഠിക്കണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. നിരന്തരമായി പാട്ടുകൾ കേട്ടും പാടിയുമാണ് ത്വയ്യിബ് ഈ സങ്കടം തീർത്തത്. പിതാവ് ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നതിനാൽ വളരെ ചെറുപ്പത്തിലേ ദോഹയിലെത്തിയ ത്വയ്യിബ് അൽ ഹയ്കി ട്രാൻസ് ലേഷൻസ്, അൽ റഫ പബൽക് റിലേഷൻസ്, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു. പാട്ടുപാടി നടക്കാനും പരിപാടികൾ സംഘടിപ്പിക്കാനുമൊക്കെ കൂടുതൽ സൗകര്യം സ്വകാര്യ മേഖലയിലേക്ക് മാറുന്നതാണെന്ന് തിരിച്ചറിഞ്ഞ ത്വയ്യിബ് മെല്ലെ ദർവീഷ് കംപ്യൂട്ടർ കമ്യൂണിക്കേഷൻസിലേക്ക് മാറി. ഇപ്പോൾ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജറായാണ് ത്വയ്യിബ് ജോലി ചെയ്യുന്നത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകരിലൊരാളായ മുഹമ്മദ് റഫിയുടെ ഗാനങ്ങളോട് കമ്പം തോന്നിയത് തികച്ചും യാദൃഛികമായാണെന്ന് ത്വയ്യിബ് പറയുന്നു. വടക്കാങ്ങര ടി.എസ്.എസിൽ പഠിച്ചുകൊണ്ടിരിക്കേ ഒരിക്കൽ ഹോട്ടലിൽ വെച്ചാണ് ആദ്യമായി റഫിയുടെ പാട്ടു കേൾക്കാനിടയായത്. യേ ദുനിയ യേ മെഹ്ഫിൽ എന്ന മനോഹരമായ ഗാനമായിരുന്നു അത്. റഫിയുടെ മാസ്മരിക ശബ്ദവും സംഗീതവും വല്ലാതെ ആകർഷിച്ചു. അന്ന് കാസറ്റുകളിലൂടെയാണ് പാട്ടുകൾ കേട്ടിരുന്നത്. തന്റെ കമ്പം തിരിച്ചറിഞ്ഞ ഒരു കൂട്ടുകാരൻ റഫിയുടെ പാട്ടുകളുടെ കാസറ്റ് സമ്മാനമായി നൽകിയതോടെ ആ പാട്ടുകൾ നിരന്തരമായി കേട്ട് പഠിച്ചു. 


നാട്ടിലെ പ്രാദേശിക ഉൽസവങ്ങളിലും ത്വയ്യിബ് പാടിയിട്ടുണ്ട്. ത്വയ്യിബിന്റെ സഹോദരൻ അഷ്റഫ് അലിയും കൂട്ടുകാരും നടത്തിയിരുന്ന സംഗീത് ഓർക്കസ്ട്ര ത്വയ്യിബിലെ കലാകാരന് വളരാൻ അവസരം നൽകി.
മാപ്പിള ആൽബങ്ങൾ തരംഗമായ സമയത്ത് പ്രിയമുള്ള ഫാസില എന്ന ആൽബത്തിൽ പാടി അഭിനയിച്ചും ത്വയ്യിബ് സഹൃദയ ലോകത്തിന്റെ കയ്യടി നേടി. ചില ഹിന്ദി, മലയാളം ആൽബങ്ങളുടെ പണിപ്പുരയിലാണിപ്പോൾ.ഹിന്ദി പാട്ടുകൾ, വിശിഷ്യ മുഹമ്മദ് റഫിയുടെ പാട്ടുകളോടാണ് ത്വയ്യിബിന് ആഭിമുഖ്യമെങ്കിലും പതിനാല് വ്യത്യസ്ത ഭാഷകളിൽ പ്രൊഫഷനൽ മികവോടെ പാടുന്നുവെന്നതാണ് ത്വയ്യിബ് എന്ന കലാകാരനെ അടയാളപ്പെടുത്തുക. മലയാളം, തമിഴ്, കന്നട, പഞ്ചാബി, തെലുങ്കു, ഹിന്ദി, മറാത്തി, നേപ്പാളി, ഹരിയാൻവി, ബലൂഷി, പുഷ്തു, അറബി, ബോജ്പുരി, മൈഥിലി ഭാഷകളൊക്കെ അദ്ദേഹത്തിന് നന്നായി വഴങ്ങും.
ഫാത്തിമ ബീഗമാണ് സഹധർമിണി. ഫിദ, ഷിഫ, ഹന എന്നിവർ മക്കളാണ്. മൂന്ന് മക്കളും നന്നായി പാടുമെന്നതും പാട്ടുകാരനായ ഒരു പിതാവിനുള്ള അംഗീകാരമാണ്.

Latest News