Sorry, you need to enable JavaScript to visit this website.

എങ്ങനെ അർജന്റീന ജയിച്ചു?

ടോപ്‌സ്‌കോറർക്കുള്ള ട്രോഫിയുമായി. ഇത്തവണ ടീമിനെ തോളിലേറ്റുകയായിരുന്നു മെസ്സി. മെസ്സിയുടെ പങ്കില്ലാത്ത അർജന്റീനയുടെ ഏക ഗോൾ ഫൈനലിലേതായിരുന്നു. 

കോപ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ എങ്ങനെയാണ് ബ്രസീലിനെ അർജന്റീന വീഴ്ത്തിയത്. അർജന്റീനയുടെ തന്ത്രങ്ങളെക്കുറിച്ച വിശകലനം. 

പഴുതടച്ച പ്രതിരോധം:  പൊതുവെ പിഴവ് വരുത്താറുള്ള നിക്കൊളാസ് ഓടാമെണ്ടിയുടെ നേതൃത്വത്തിൽ പഴുതടച്ച പ്രതിരോധമാണ് പിൻനിര ഒരുക്കിയത്. ഓടാമെണ്ടി ഉജ്വല ഫോമിലായിരുന്നു. അർജന്റീനാ ജഴ്‌സിയിൽ ഒരുപക്ഷെ ഡിഫന്ററുടെ ഏറ്റവും മികച്ച മത്സരം. ബ്രസീലിന് താളം കണ്ടെത്താനാവാതിരുന്നതിന് പ്രധാന കാരണം ഓടാമെണ്ടിയുടെ ടാക്ലിംഗും ഇന്റർസെപ്ഷനുമായിരുന്നു. നെയ്മാറിനെയും റിച്ചാർലിസനെയും കത്രികപ്പൂട്ടിൽ നിർത്തി. ടാക്ലിംഗിൽ ചിലതെങ്കിലും പിഴവറ്റതായിരുന്നില്ല. തന്ത്രപരമായ ഫൗളിനും പരുക്കൻ ഫൗളിനുമിടയിലെ അതിർവരമ്പിലായിരുന്നു അവ. പക്ഷെ ഗോളിലേക്കുള്ള വഴി തടയുക മാത്രമായിരുന്നു ലക്ഷ്യം. ക്രിസ്റ്റിയൻ റോമിറോയിൽ നിന്ന് ഓടാമെണ്ടിക്ക് ഉറച്ച പിന്തുണ കിട്ടി. 
പ്രധാന കാര്യമെന്തെന്നാൽ, ഇരുവരും പിൻനിരയിൽ തന്നെ അടിയുറച്ചു നിന്നു. ബ്രസീൽ ഒന്നിനു പിറകെ ഒന്നായി പടുത്തുയർത്തിയ ആക്രമണങ്ങളെ നിർവീര്യമാക്കാൻ ഇതുവഴി അവർക്കു സാധിച്ചു. സാധാരണഗതിയിൽ അവസരം കിട്ടിയാൽ ഓടിക്കയറുന്നവരാണ് ഇരുവരും. ഫൈനലിൽ പക്ഷെ ആക്രമണനിരക്ക് പന്തെത്തിക്കുക എന്നത് അവരുടെ ചിന്തയിലുണ്ടായിരുന്നില്ല. ബ്രസീലിയൻ ആക്രമണ നിര ഇരുവരെയും കടന്ന അപൂർവം നിമിഷങ്ങളിൽ ഗോളി എമിലിയൊ മാർടിനേസ് ഉരുക്കുഭിത്തിയായി. ടൂർണമെന്റിലുടനീളം വിശ്വസ്തനായിരുന്നു എമിലിയൊ. സെമി ഫൈനലിലെ ഷൂട്ടൗട്ടിൽ മൂന്നു കിക്കുകൾ രക്ഷിച്ച എമിലിയോയുടെ പേര് പരാമർശിക്കാതെ വയ്യ. 

വിംഗുകളുടെ ചിറകരിഞ്ഞു: ഗബ്രിയേൽ ജെസൂസ് സസ്‌പെൻഷനിലായിട്ടും ബ്രസീലിന് വിംഗിൽ ശക്തമായ മുൻതൂക്കമുണ്ടായിരുന്നു. അതിവേഗക്കാരായിരുന്നു വിംഗുകളിൽ കളിച്ചത്. ആ ഭീഷണി അർജന്റീന മനസ്സിലാക്കി. അതിനാൽ വിംഗുകളിൽ പരമാവധി പഴുതടച്ചു. ഫുൾബാക്കുകൾ പ്രതിരോധം പ്രധാനമായും ശ്രദ്ധിച്ചു. അപൂർവമായേ മുന്നേറിയുള്ളൂ. മൈതാനത്തിന്റെ മധ്യത്തിൽ പരമാവധി ഇടം അനുവദിക്കാതിരിക്കാൻ മധ്യനിരക്കാരായ ലിയാന്ദ്രൊ പരേദേസും റോഡ്രിഗൊ ദെ പോളും അവർക്ക് കൂട്ടുണ്ടായിരുന്നു. അത് ബ്രസീലിന്റെ പതിവ് ആക്രമണവഴികൾ അടച്ചു. ദെ പോളിന്റെ പ്രകടനം ഉജ്വലമായിരുന്നു. വിജയ ഗോളിന് പ്രതിരോധനിരക്കു മുകളിലൂടെ പാസ് നൽകി. ദെ പോളിന്റെ പാസിംഗ് കൃത്യത നൂറ് ശതമാനമായിരുന്നു. ഒരു പിഴച്ച പാസ് പോലുമില്ല. 11 തവണ ബ്രസീൽ താരങ്ങളുമായി പന്തിനുള്ള വടംവലിയിൽ വിജയിച്ചു. ആറ് ഫൗളുകൾ നേടിയെടുത്തു. നാല് ടാക്ലിംഗ് നടത്തി. എയിംഗൽ ഡി മരിയയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 
ഇവർക്കൊപ്പം ജോവാനി ലോ സെൽസോയും മധ്യനിരയിൽ ആൾത്തിരക്കുണ്ടാക്കുകയും ബ്രസീലിന്റെ മുന്നേറ്റങ്ങളുടെ താളം തെറ്റിക്കുകയും ചെയ്തു. ഗോളിലേക്ക് വഴി കണ്ടെത്താാവാതെ ബ്രസീൽ കളിക്കാർ വിയർത്തു. അതോടെ ബ്രസീലിന്റെ പിൻനിരക്ക് പലപ്പോഴും സഹായത്തിനെത്തേണ്ടി വന്നു. പിൻനിര മുന്നോട്ടുകയറിയ അത്തരമൊരു അവസരത്തിലാണ് അർജന്റീനയുടെ ഗോൾ പിറന്നത്. ഏറെ നാളുകൾക്കു ശേഷം ബ്രസീലിന്റെ ടീം ഘടന അലങ്കോലമാക്കുന്നതിൽ അർജന്റീനയുടെ മധ്യനിര വിജയിച്ചു. 

ഒറ്റപ്പെട്ട് നെയ്മാർ: നെയ്മാറിന് പന്ത് കിട്ടുമ്പോൾ എന്തു ചെയ്യണമെന്ന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു അർജന്റീനക്ക്. പരമാവധി പേർ ചേർന്ന് വളയുക. പഴയരീതിയിലുള്ള മാൻ മാർക്കിംഗായിരുന്നു അത്. നാലോ അഞ്ചോ പേർ വേണ്ടിവന്നാലും ഒരു തരത്തിലും മുന്നേറാൻ അനുവദിക്കാതിരിക്കുക. അതുവഴി പിഴവ് വരുത്താൻ അയാളെ നിർബന്ധിതനാക്കുക. ആദ്യ പകുതിയിൽ നിരാശനായാൽ നെയ്മാർ കൂടുതൽ കൂടുതൽ ഡ്രബഌംഗിലേക്ക് പോവുമെന്ന വ്യക്തമായിരുന്നു. 
മുൻനിരയിലെ മറ്റു കളിക്കാരുമായി താളപ്പൊരുത്തമുണ്ടാക്കാനും നെയ്മാറിന് സാധിച്ചില്ല. ജെസൂസും ഫിലിപ്പെ കൗടിഞ്ഞോയുമായിരുന്നെങ്കിൽ നെയ്മാർ എന്താണ് ചിന്തിക്കുന്നതെന്ന് അവർക്കറിയാമായിരുന്നു. റിച്ചാർലിസൻ കഠിനാധ്വാനിയാണ്, സ്‌പെയ്‌സ് സൃഷ്ടിക്കുന്ന ഫോർവേഡാണ്. എന്നാൽ ഇതുവരെ നെയ്മാറുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുത്തിട്ടില്ല. വലതു വശത്ത് കളിച്ച എവർടന്റെ കാര്യവും അങ്ങനെ തന്നെ. റോബർടൊ ഫിർമിനോയും വിനിഷ്യസ് ജൂനിയറും ഇറങ്ങിയതോടെയാണ് നെയ്മാറിന് താളം കണ്ടെത്താനായതും ബ്രസീൽ കൂടുതൽ അപകടകാരികളായതും.
 

Latest News