Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആനന്ദകണ്ണീരിൽ അർജന്റീന

ലോകത്താകമാനമുള്ള അർജന്റീന ആരാധകരുടെ മനസ്സിൽ കുളിര് നിറച്ചാണ് ഈ കഴിഞ്ഞ കോപ്പ അമേരിക്കക്ക് വിരാമമായത്. 1993 ൽ കോപ്പ ജേതാക്കളായതൊഴിച്ചാൽ ഒരു മേജർ ടൂർണമെന്റിൽ നീലപ്പട കിരീടം നേടിയിട്ട് ഏകദേശം രണ്ടര പതിറ്റാണ്ട് കഴിഞ്ഞു.  1993 ന് ശേഷം പല തവണ കോപ്പയിലും ഒരു തവണ ലോകകപ്പിലും ഫൈനൽ കളിച്ചെങ്കിലും അവിടെയെല്ലാം ദൗർഭാഗ്യം അർജന്റീനയെ വിടാതെ പിന്തുടർന്നു. ഓരോ ടൂർണമെന്റിലും പ്രതിഭാസമ്പന്നമായ നിരയെ അണിനിരത്തിയിട്ടും ദൗർഭാഗ്യമെന്ന ആ ശാപത്തെ മറികടക്കുവാൻ അതിലാർക്കും കഴിഞ്ഞില്ല. യുവാൻ റോമൻ റിക്വേൽമെയും കാർലോസ് ടെവസുമെല്ലാം കിരീടമില്ലാതെ കളമൊഴിഞ്ഞവരാണ്. ഏകദേശം ആ സമയത്താണ് റൊസാരിയോ പട്ടണത്തിൽ നിന്നും ഒരു നീളൻമുടി ക്കാരനായ പയ്യൻ അർജന്റീനൻ ഫുട്‌ബോളിന്റെ മുന്നേറ്റ നിരയിലേക്ക് ഇടങ്കാലിലൊളിപ്പിച്ച മാന്ത്രികവിദ്യയുമായി ഉദിച്ചുയർന്ന് വന്നത്. പിന്നീട് ഫുട്‌ബോളിലെ പല റെക്കോർഡുകളും ആ ഇടങ്കാലിന് താഴെയെത്തിച്ച ലയണൽ മെസ്സി എന്ന ആ പ്രതിഭാസത്തിന് ലോക ഫുട്‌ബോളിന്റെ മിശിഹാ എന്ന ഓമനപേരാണ് ആരാധകർ നൽകിയത്.
തന്റെ ജീവിതത്തിന്റെ ഭാഗമായ ബാഴ്‌സക്ക് വേണ്ടി ആ മിശിഹാ നേടാത്ത നേട്ടങ്ങൾ വിരളമാണ്. ബാഴ്‌സലോണയുടെ ആരാധകരുടെയും അധികൃതരുടെയും ഹൃദയത്തിൽ കയറി പറ്റിയ മെസ്സി പക്ഷെ തന്റെ ജന്മനാടായ അർജന്റീനക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാനാകാതെ ഉഴറുന്നതും ഫുട്‌ബോൾ ലോകം പല തവണ കണ്ടു. ലോകത്താകമാനമുള്ള അർജന്റീനൻ ആരാധകർക്ക് മറഡോണക്ക് ശേഷം മെസ്സി എന്നുമൊരു വികാരമായിരുന്നു. യൂറോപ്പിൽ ബാഴ്‌സക്ക് വേണ്ടി മെസ്സി നിരവധി നേട്ടങ്ങൾ നേടുമ്പോഴും നീലയും വെള്ളയും ഇടകലർന്ന അർജന്റീനൻ കുപ്പായത്തിൽ അയാൾക്കൊന്നും കാര്യമായി ചെയ്യാൻ കഴിഞ്ഞില്ല. അതിൽ മനം നൊന്ത് മെസ്സിക്ക് വേണ്ടി പ്രാർത്ഥിച്ചതും മുറവിളി കൂട്ടിയതും കരഞ്ഞതും ചിലപ്പോൾ അയാളെ ശകാരിച്ചതും ബ്യൂണസ്‌ഐറിസിലെയും റൊ സാരിയോയിലെയും മനുഷ്യർ മാത്രമായിരുന്നില്ല. 
വിദൂരദിക്കുകളായ മലപ്പുറത്തെയും കോഴിക്കോട്ടെയും മനുഷ്യർ കൂടിയായിരുന്നു. കാരണം മെസ്സി എന്ന പ്രതിഭാസം അത്രമേൽ വശ്യവും സുന്ദരവുമായ നിമിഷങ്ങളാണ് ആരാധകർക്ക് നൽകിയത്. കോവിഡ് പ്രതിസന്ധി കാരണം സ്വന്തം നാടായ അർജന്റീനയിൽ നിന്നും ബ്രസീലിലേക്ക് മാറ്റിയ കോപ്പ അമേരിക്കയിൽ മെസ്സി നായകനായും മുൻ താരം ലയണൽ സ്‌കാലോണി പരിശീലകനായുമെത്തിയ അർജന്റീനയുടെ സമർപ്പണബോധവും ആരാധകരുടെ പ്രാർത്ഥനയുടെയും ഫലം തന്നെയാണ് ചരിത്രമേറെയുള്ള വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തിൽ വെച്ച് ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി നീലപട ചാമ്പ്യന്മാരായത്. മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ റോഡ്രിഗൊ ഡീപോൾ നൽകിയ പാസിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോൾ അർജന്റീനൻ ടീമിന് മേൽ ഇത് വരെ ഉണ്ടായിരുന്ന സകല ശാപങ്ങളെയും ഉച്ഛാടനം ചെയ്ത് ശുദ്ധീകരിക്കുന്ന ഒരു മാന്ത്രിക ഗോൾ തന്നെയായിരുന്നു. 
നെയ്മാറും, ഫ്രെഡും, കസമീറൊയുമടങ്ങുന്ന ബ്രസീലിയൻ താരസമ്പന്നതയ്ക്ക് മുന്നിൽ അർജന്റീന പതറിയില്ല. മത്സരശേഷം അർജന്റീന ടീം അംഗങ്ങളും ആരാധകരും ഒഴുക്കിയ ആനന്ദകണ്ണീരിലൂടെ രണ്ടര പതിറ്റാണ്ടോളം ആ ടീമിനെ ബാധിച്ച ശാപമാണ് അലിഞ്ഞില്ലാതായത്. ആ ആനന്ദകണ്ണീർ റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തിലും ബ്യൂണേഴ്‌സ് അയേഴ്‌സിലും റൊസാരിയോയിലും മാത്രമായിരുന്നില്ല വീണത്. മലപ്പുറത്തെയും കോഴിക്കോട്ടെയും തെരുവോരങ്ങളിലും ഗ്രാമങ്ങളിലും കൂടിയായിരുന്നു.

Latest News