Sorry, you need to enable JavaScript to visit this website.

ശ്രീശങ്കർ അദ്ഭുതം സൃഷ്ടിച്ചേക്കാം

ഒളിംപിക് സാധ്യതകളെക്കുറിച്ച് പി.ടി. ഉഷ 
മലയാളി ലോംഗ്ജമ്പർ എം. ശ്രീശങ്കറിന് ഒളിംപിക്‌സിൽ മെഡൽ സാധ്യതയുണ്ടെന്ന് പി.ടി. ഉഷ. ടീമിലെ രണ്ടാമനാണ് ശ്രീശങ്കർ. നീരജ് ചോപ്രക്കു തൊട്ടുപിന്നിൽ. ഈ പ്രായത്തിൽ അയാൾ ചാടിയ ദൂരം അമ്പരപ്പിക്കുന്നതാണ്. അതിനാൽ ഒളിംപിക്‌സിൽ അദ്ഭുതപ്പെടുത്തിയേക്കാം. ഈ വർഷം രാജ്യാന്തര മീറ്റുകളില്ലാതിരുന്നതാണ് ഒരു പ്രശ്‌നം. പിരിമുറുക്കമില്ലാതെ മത്സരിച്ചാൽ ഫൈനലിലെത്താനാവും. പിന്നെയെല്ലാം ആ ദിവസത്തെ അനുസരിച്ചിരുക്കുന്നു. 

നീരജ് എന്നെ ഓർമിപ്പിക്കുന്നു
22016 ലെ പോളണ്ടിലെ അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ കണ്ടപ്പോൾ മുതൽ നീരജ് തന്നെ ഓർമിപ്പിക്കുന്നതായി ഉഷ പറഞ്ഞു. അന്ന് ജിസ്‌ന മാത്യുവിന്റെ കോച്ചായാണ് ഞാൻ പോളണ്ടിൽ വന്നത്. വെറുതെ നടക്കുമ്പോൾ പോലും അയാളുടെ കൈയിൽ ജാവലിൻ ഉണ്ടെന്നും എറിയാനോങ്ങുകയാണെന്നും തോന്നും. ഞാനും അങ്ങനെയായിരുന്നു. കുട്ടിക്കാലത്ത് ചെറിയൊരു കല്ല് കണ്ടാൽ പോലും ഓടിച്ചെന്ന് അത് കടന്നു ചാടും. അക്കാലത്തു തന്നെ നീരജ് കരുത്തനും ആത്മവിശ്വാസമുള്ളവനുമായിരുന്നു. ബഹുദൂരം മുന്നോട്ടുപോവുമെന്ന് ഉറപ്പായിരുന്നു. നീരജിന് 90 മീറ്ററിലേറെ എറിയാനാവും. ഒരു മെഡൽ നേടാൻ അതു മതിയാകും -ഉഷ പറഞ്ഞു. 

കമൽപ്രീതും അനു റാണിയും
ഫൈനലിലെത്താൻ സാധ്യതയുള്ള മറ്റ് അത്‌ലറ്റുകളായി ഉഷ കരുതുന്നത് കമൽപ്രീത് കൗറും (ഡിസ്‌കസ് ത്രോ) അനുറാണിയുമാണ് (ജാവലിൻ ത്രോ). 66 മീറ്ററിനപ്പുറത്തേക്കെറിഞ്ഞ് കമൽപ്രീത് ഈയിടെ കൃഷ്ണ പൂനിയയുടെ ദേശീയ റെക്കോർഡ് തകർത്തു. ആ പ്രകടനം ടോക്കിയോയിൽ ആവർത്തിച്ചാൽ ഇരുപത്തഞ്ചുകാരിക്ക് മെഡൽ സാധ്യതയുണ്ട്. അനു റാണിയും സ്ഥിരത പുലർത്തുന്നുണ്ട്. ഷോട്പുട്ടിൽ തേജീന്ദർപാൽ സിംഗ് തൂറിനും സാധ്യതയുണ്ട്. 

റിലേ സാധ്യതകൾ
4-400 പുരുഷ റിലേയിലും മിക്‌സഡ് റിലേയിലും വലിയ പ്രതീക്ഷയില്ലെന്ന് ഉഷ പറഞ്ഞു. അമോജ് ജേക്കബും മുഹമ്മദ് അനസും രേവതിയും ശുഭ വെങ്കിടേഷനുമായിരിക്കും മിക്‌സഡ് റിലേയിൽ മത്സരിക്കുക. രേവതിക്കും ശുഭക്കും 53 സെക്കന്റിൽ താഴെ ഓടാൻ കഴിയില്ല. പുരുഷ താരങ്ങളാവട്ടെ ഈ വർഷം മീറ്റുകളിലൊന്നും പങ്കെടുത്തിട്ടില്ല. അതിനാൽ എങ്ങനെയെന്ന് പ്രവചിക്കാനാവില്ല. 

ഡി.എസ്.ഡി അത്‌ലറ്റുകൾ
വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന, അതേസമയം പുരുഷ ഹോർമോൺ ക്രമാതീതമായി ശരീരത്തിലുള്ള അത്‌ലറ്റുകളാണ് ഡി.എസ്.ഡി (ഡിഫറൻഷ്യൽ സെക്ഷ്വൽ ഡവലപ്‌മെന്റ്) ത്‌ലറ്റുകൾ. ഇവർക്ക് സാധാരണ വനിതകളെക്കാൾ കായികശേഷി കൂടുതലാണെന്നാണ് പഠനം. 400 മീറ്ററിൽ ഈ വർഷത്തെ വേഗമേറിയ താരം നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമയായിരുന്നു. പതിനെട്ടുകാരി ടോക്കിയോയിൽ സ്വർണം നേടുമെന്നാണ് കരുതിയത്. നമീബിയയുടെ ബിയാട്രിസ് മസിലിംഗി ഈ വർഷത്തെ മൂന്നാമത്തെ വേഗമേറിയ താരമായിരുന്നു. എന്നാൽ ഇരുവരെയും വേൾഡ് അത്‌ലറ്റിക്‌സ് ഒളിംപിക്‌സിലെ 400 മീറ്റർ ഓട്ടത്തിൽ നിന്ന് വിലക്കി. പുരുഷ ഹോർമോൺ കൂടുതലുള്ളവർ 400 മുതൽ 1500 വരെ ഇനങ്ങളിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. അല്ലെങ്കിൽ ഇവർ ഹോർമോൺ നിലവാരം മരുന്ന് കഴിച്ച് കുറക്കണം. നൈജറിന്റെ ആമിനതു സെയനിയെയും ഇതുപോലെ നീക്കി.
എന്നാൽ ഓട്ടമത്സരങ്ങളിൽ മാത്രമല്ല മറ്റിനങ്ങളിലും ഡി.എസ്.ഡി അത്‌ലറ്റുകൾ മത്സരിക്കുന്നുണ്ടെന്നും ഇവർക്ക് മറ്റ് വനിതാ താരങ്ങളെക്കാൾ മുൻതൂക്കം ലഭിക്കുന്നുണ്ടെന്നും ഉഷ കരുതുന്നു. ഇന്ത്യൻ ഡിസ്‌ക്‌സ് ത്രോ താരം കമൽപ്രീത് കൗറിനെക്കുറിച്ച് സഹതാരം തന്നെ ഈയിടെ ആരോപണമുന്നയിച്ചിരുന്നു. ടോക്കിയോയിൽ വെച്ച് ഡി.എസ്.ഡി പരിശോധന നടക്കുമെന്നും ആരെങ്കിലും പിടിക്കപ്പെട്ടാൽ അത് നാണക്കേടാവുമെന്നും ഉഷ പറയുന്നു. ഡി.എസ്.ഡി അത്‌ലറ്റുകൾ കൂടിവരുന്ന സാഹചര്യത്തിൽ പുരുഷ, വനിതാ ഇനങ്ങൾക്കു പുറമെ ഡി.എസ്.ഡിക്കാർക്ക് പ്രത്യേക മത്സരം സംഘടിപ്പിക്കണമെന്നും ഉഷ നിർദേശിച്ചു. തങ്ങളുടെ കാലത്ത് ജെൻഡർ പരിശോധന നടത്തി കാർഡ് നൽകിയിരുന്നുവെന്ന ഉഷ പറഞ്ഞു.
 

Latest News