വീട്ടമ്മയെ കുത്തിവീഴ്ത്തി കവര്‍ച്ച നടത്തിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്

പോത്താനിക്കാട്- വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വര്‍ണവുമായി കടന്നയാളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തില്‍ ഗിരീഷ് (35) ആണ് പിടിയിലായത്.

കല്ലൂര്‍ക്കാട് തഴുവുംകുന്ന് പ്ലാത്തോട്ടത്തില്‍ സണ്ണിയുടെ വീട്ടില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ചമഞ്ഞ് എത്തിയ യുവാവ് വീട്ടമ്മയോട് പ്രഷര്‍ കൂടിയതിനാല്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മ വെള്ളം എടുക്കാന്‍ പോയപ്പോള്‍ ഇയാള്‍ പിന്നാലെ അകത്തുകയറി കുത്തിവീഴ്ത്തുകയും ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും, പണവുമായാണ് ഇയാള്‍ കടന്നത്. ഇടതു കൈത്തണ്ടയില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് അവശനിലയിലായ വീട്ടമ്മ അല്‍പ്പസമയത്തിനു ശേഷം മുറിയില്‍നിന്ന് പുറത്തിറങ്ങി ടൗണില്‍ വ്യാപാരം നടത്തുന്ന ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഭര്‍ത്താവ് എത്തിയാണ് പോലീസില്‍ അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് ഒറ്റക്ക് ചുവന്ന കാറിലാണ് എത്തിയതെന്ന് അറിഞ്ഞു. പോത്താനിക്കാട് ഭാഗത്തേക്ക് കാര്‍ പോയതായും വിവരം ലഭിച്ചു. ഉടന്‍ പോത്താനിക്കാട് പോലീസിനെ അറിയിച്ചു. കാറിനെ പിന്തുടര്‍ന്ന പോത്താനിക്കാട് പോലീസ്, മോഷ്ടാവിനെ പൈങ്ങോട്ടൂരില്‍ പിടികൂടി കല്ലൂര്‍ക്കാട് പോലീസിന് കൈമാറി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

 

Latest News