റിയാദ് - ഓഫറുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്ന സ്ഥാപന അധികൃതര്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍നിന്ന് മുന്‍കൂട്ടി ലൈസന്‍സ് നേടാതെ ഓഫറുകളെ കുറിച്ച് പരസ്യം ചെയ്യുന്നത് നിയമലംഘനമാണ്. ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍നിന്ന് മുന്‍കൂട്ടി ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്. ഏതെല്ലാം ഉല്‍പന്നങ്ങളിലാണ് ഓഫര്‍ പ്രഖ്യാപിക്കുന്നത്, ഓഫറിനു മുമ്പും ശേഷവുമുള്ള വിലകളുടെ പട്ടിക, ഡിസ്‌കൗണ്ട് അനുപാതം എന്നിവയെല്ലാം സമര്‍പ്പിച്ചാണ് ലൈസന്‍സ് നേടേണ്ടത്. ഓണ്‍ലൈന്‍ വഴി ലൈസന്‍സ് നേടുന്നതിന് സാധിക്കും. ഇതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെയോ മന്ത്രാലയ ശാഖകളെയോ നേരിട്ട് സമീപിക്കേണ്ടതില്ല.
വിലകളില്‍ കൃത്രിമം കാണിച്ച് ഓഫറുകള്‍ പ്രഖ്യാപിക്കല്‍, മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് നേടാതെ വാണിജ്യ മത്സരങ്ങള്‍ നടത്തല്‍ എന്നീ നിയമലംഘനങ്ങള്‍ക്ക് ആറു മാസം വരെ തടവും അര ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഓഫറുകളും ഓഫര്‍ പരസ്യങ്ങളും വിലക്കും. ഇത്തരം ഓഫറുകള്‍ പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളുടെ അധികൃതരെ വിളിച്ചുവരുത്തി അന്വേഷണം നടത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ വര്‍ഷം ഓഫറുകള്‍ പ്രഖ്യാപിച്ച 2,831 സ്ഥാപനങ്ങളില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 113 സ്ഥാപനങ്ങള്‍ ഓഫറുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും കൃത്രിമങ്ങളും നിയമലംഘനങ്ങളും നടത്തിയതായി കണ്ടെത്തി. ഓഫറിനു മുമ്പും ശേഷവുമുള്ള വിലകള്‍ വ്യക്തമാക്കുന്ന ടാഗുകള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും വിധം ഉല്‍പന്നങ്ങളില്‍ തൂക്കാതിരിക്കല്‍, ഓഫര്‍ ലൈസന്‍സ് നമ്പര്‍ പരസ്യപ്പെടുത്താതിരിക്കല്‍, ഓഫര്‍ ലൈസന്‍സ് ലഭിച്ച സ്ഥാപനത്തിനു കീഴില്‍ ഒരേ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ശാഖകളിലും ഓഫര്‍ ലൈസന്‍സ് കോപ്പി പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഓഫര്‍ പ്രഖ്യാപിക്കുന്നതിന് അനുമതി ലഭിച്ച ഉല്‍പന്നങ്ങളുടെ പട്ടിക സൂക്ഷിക്കാതിരിക്കല്‍ പോലുള്ള നിയമലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു.