ബി.ജെ.പി നേതാവിന്റെ ചടങ്ങിൽ വർഗീയവിഷം ചീറ്റിയ യുവാവിന് ജാമ്യമില്ലെന്ന് കോടതി

ന്യൂദൽഹി-  ഹരിയാന ബി.ജെ.പി വക്താവ് പങ്കെടുത്ത പരിപാടിയിൽ വർഗീയ വിഷം ചീറ്റിയ യുവാവിന് ഒരു തരത്തിലും ജാമ്യം നൽകാനാകില്ലെന്ന് കോടതി. ഇത്തരക്കാരെ പുറത്തേക്ക് വിട്ടാൽ അവർ നിഷ്‌കളങ്കരെ കൂട്ടക്കൊല ചെയ്യുമെന്നാണ് ഗുരുഗ്രാമിലെ കോടതി വ്യക്തമാക്കിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന പരാമർശങ്ങളാണ് പ്രതി വിളിച്ചു പറഞ്ഞിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 
    ഇത്തരം പ്രവണതകളെ ഇന്ത്യൻ സമൂഹം എതിർക്കുക തന്നെ വേണം. ഇത്തരക്കാർ ഒരവസരം കിട്ടിയാൽ മതവിദ്വേഷത്തിന്റെ പേരിൽ നിഷ്‌കളങ്കരെ കൂട്ടക്കൊല ചെയ്യാനും മടിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി ഒന്നും അറിയാത്ത ഒരു പാവം പയ്യനെപ്പോലെയാണ് കോടതിക്കു മുന്നിൽ നിൽക്കുന്നത്. പക്ഷേ, ഇയാൾ നിസാരക്കാരനല്ല. വിദ്വേഷം വെച്ച് ഭയരഹിതനായി എന്തും ചെയ്യാനുള്ള മനോഭാവമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 
    ബിജെപി നേതാക്കൾ ഉൾപ്പടെ പങ്കെടുത്ത സമ്മേളനത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തണം എന്നാണ് ഇയാൾ ആഹ്വാനം ചെയ്തത്. ഇത്തരം പ്രഭാഷണങ്ങൾ തന്നെ അക്രമമാണ്. അത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന ആളുകൾ യഥാർത്ഥ ജനാധിപത്യ അന്തസത്തയുടെ വളർച്ചയ്ക്കു തടസം നിൽക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. 
    വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ യുവാവ് നേരത്തെ പൗരത്വ സമരം നടക്കുമ്പോൾ ജാമിയ വിദ്യാർഥികൾക്കു നേരെ വെടിയുതിർത്ത സംഭവത്തിലെയും പ്രതിയാണ്.
 

Latest News