Sorry, you need to enable JavaScript to visit this website.

അറഫ: തിരിച്ചറിവിന്റെ ചരിത്ര ഭൂമിക

ഹജിന്റെ ചൈതന്യം - 4


പടച്ചവനോടുള്ള പ്രതിജ്ഞ പാലിക്കാൻ അവയവങ്ങൾ വെട്ടിമാറ്റണമെന്ന് സ്രഷ്ടാവും ഉടയവനുമായ അല്ലാഹു നിർദേശിച്ചാൽ പോലും അങ്ങനെ ചെയ്യാൻ വിശ്വാസി ബാധ്യസ്ഥനാണ്. പക്ഷേ, ''അല്ലാഹു അടിയാറുകളോട് അളവറ്റ കൃപ കാണിക്കുന്നവനാണ്.'' ആകയാൽ നഷ്ടപ്പെട്ടാൽ പിന്നെ വീണ്ടും മുളച്ചുവരുന്ന ഒരു സംഗതി - മുടി - ഉറച്ച ത്യാഗസന്നദ്ധതയുടെ പ്രഖ്യാപനമെന്നോണം പ്രതീകാത്മകമായി ത്യജിക്കുകയാണ്. കുറേക്കാലം സൗന്ദര്യത്തിന്റെ ഭാഗമായി നാം ശ്രദ്ധാപൂർവം പരിപാലിച്ച മുടി വടിക്കുമ്പോൾ അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമായ നാം അവൻ തന്നതെന്തും അവന്റെ ഇംഗിതം മാനിച്ചും അവന്റെ പ്രീതി കാംക്ഷിച്ചും സർവാത്മനാ ത്യജിക്കാൻ തയാറാണെന്ന ത്യാഗസന്നദ്ധതയുടെ വിളംബരമാണത്.


കഅ്ബാലയത്തിന്റെ പരിസരത്ത് ആത്മീയ നിർവൃതി പൂണ്ട് ഹാജി, ആരാധനകളിൽ ആമഗ്‌നനായി കഴിയവേ ദുൽഹജ് എട്ടിന് അല്ലാഹു ഇങ്ങനെ അരുളുന്നു: ''പിടക്കോഴി മുട്ടക്കുമേൽ അടയിരിക്കും പോലെ ചടഞ്ഞുകൂടലല്ല യഥാർത്ഥ ആരാധന (ഇബാദത്ത്). മറിച്ച്, കർമ ഭൂമിയിലേക്ക് ഊർജസ്വലതയോടെ ഇറങ്ങൽ കൂടിയാണ് ഇബാദത്ത്. ആകയാൽ കർമ ഭൂമിയിലേക്കിറങ്ങൂ...''
ദുൽഹജ് എട്ടു മുതൽ 13 വരെ ആറു നാൾ മിനാ-അറഫ-മുസ്ദലിഫ-മിനാ എന്നിവിടങ്ങളിൽ മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ ശരാശരി അനുകമ്പ എന്ന കേവല അവസ്ഥയിൽ നിന്ന് തന്മയീഭാവം എന്ന വലിയ അവസ്ഥയിലേക്കുള്ള വളർച്ചയാണ് ഇതിലൂടെ ലാക്കാക്കുന്നത്. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാർത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അറഫാദിനം പകലുകളിൽ വെച്ചേറ്റവും ശ്രേഷ്ഠമായ പകലാണ്. അവിടെ നമസ്‌കാരം സംയോജിപ്പിച്ചും ചുരുക്കിയുമാണ്. അവിടെ അന്നത്തെ കർമം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ പശ്ചാത്താപത്തിനും പരിഹാര പ്രവർത്തനങ്ങൾക്കും സന്നദ്ധനാവണം, പ്രതിജ്ഞയെടുക്കണം. എന്നിട്ട് മനസ്സുരുകി പാപമോചനത്തിന് അർഥിക്കണം. അറഫാ നാളിൽ പിശാച് വിറളി പിടിച്ചോടുമെന്ന് നബി (സ) അറിയിച്ചിട്ടുണ്ട്. പിശാച് ഒരുപാട് കെണികളൊരുക്കി ഉണ്ടാക്കിയെടുത്ത പാപങ്ങൾ പശ്ചാത്താപത്തിന്റെ ചുടുകണ്ണീരിൽ ഒലിച്ചു പോകുന്ന വേവലാതിയാൽ ഇബ്ലീസ് വളരെയേറെ അസ്വസ്ഥവും പരവശനുമാണന്ന്. കരുണാവാരിധിയായ അല്ലാഹു ധാരാളമായി മാപ്പരുളുന്ന സുദിനം.


അറഫാ ദിനം പരലോകത്തെ വിചാരണാദിനത്തെ ഓർമിപ്പിക്കുന്നതാണ്. അറഫയിൽ ജനലക്ഷങ്ങൾ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നിൽക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതൽ അന്ത്യം വരെയുള്ള സകല മനുഷ്യരും അതിതീക്ഷ്ണമായ അന്തരീക്ഷത്തിൽ യുഗങ്ങളോളം നിൽക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കിൽ നാളെ പരലോകത്ത് തീക്ഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയംവിചാരണ എത്ര കണ്ട് ഫലപ്രദമാകുന്നുവോ അത്ര കണ്ട് പരലോക വിചാരണയിൽ ആശ്വാസം കിട്ടും.
'അറഫ' എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകൾ ആണ് നമുക്ക്' അറഫയിൽ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷേ ഒരു ദുഃഖ സത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറിവുകൾ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. 


മുസ്ദലിഫക്ക് ഖുർആൻ പ്രയോഗിച്ച പദം 'മശ്അറുൽ ഹറാം' എന്നാണ്. പവിത്ര ബോധം അങ്കുരിക്കുന്ന ഇടം എന്നർത്ഥം. ദുൽഹജ് ഒമ്പതിന്റെ (അറഫ) പകലത്തെ വിലപ്പെട്ട തിരിച്ചറിവുകൾ നമ്മുടെ അകതാരിൽ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ''എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുശ്ശക്തികൾക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാൻ സ്വയം പിഴച്ചതിനും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികൾക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്. അതാണ് ഇനി എന്റെ ശിഷ്ടകാല ജീവിതം....'' ഈ ദൃഢ തീരുമാനം വേഗം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകൾ ശേഖരിച്ച് ദുൽഹജ് പത്തിന് രാവിലെ പ്രാർത്ഥനാപൂർവം ആവേശഭരിതനായി തൽബിയത്ത് ചൊല്ലിക്കൊണ്ട് മിനായിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികൾക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂർത്തിയാക്കുന്നു. (തുടരും)


[email protected]
(സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗമാണ് ലേഖകൻ)

ഭാഗം 1

 ഹജിന്റെ ചൈതന്യം 'തഖ് വ'

ഭാഗം 2
 സജ്ജരാവുക, സ്വയം ത്യജിക്കാൻ

ഭാഗം 3

അർപ്പണത്തിനായുള്ള അനുഷ്ഠാനങ്ങൾ

Latest News