Sorry, you need to enable JavaScript to visit this website.

ഹജിന്റെ ചൈതന്യം 'തഖ് വ'

ഇത് ആഗോളവൽക്കരണത്തിന്റെ കാലമാണ്. ആഗോളവൽക്കരണം എന്ന പ്രയോഗം നല്ല അർത്ഥത്തിലും നല്ല രീതിയിലുമല്ല ഇന്ന് പ്രയോഗിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ദുഷ്ട താൽപര്യങ്ങൾ നടപ്പാക്കാൻ ഈ സുന്ദരപദത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് സത്യം. ഒരൊറ്റ ലോകം ഒരൊറ്റ ജനത എന്ന അർത്ഥത്തിൽ ആഗോളവൽക്കരണം നല്ല ആശയമാണ്. ഒരൊറ്റ സ്രഷ്ടാവ്; അവന്റെ ഭൂമി; മനുഷ്യൻ അവന്റെ സൃഷ്ടികൾ എന്നതാണ് പരമസത്യം.
ഈ അർത്ഥത്തിൽ ആഗോളതലത്തിൽ ഉൾക്കരുത്താർന്ന ഉദ്ഗ്രഥനം സാധിതമാക്കുന്ന മഹൽകർമ്മമാണ് പരിശുദ്ധ ഹജ് കർമം. മനുഷ്യന് അല്ലാഹു കനിഞ്ഞേകിയ എല്ലാ അനുഗ്രഹങ്ങളും ഒരുമിച്ച് ഒന്നായി ധാരാളം വിനിയോഗം ചെയ്തുകൊണ്ട് അനുഷ്ഠിക്കുന്ന ത്യാഗപൂർണമായ അനുഷ്ഠാനമാണത്. ലോകം ഒരു ഗ്രാമമായി ചുരുങ്ങിയ ഈ കാലത്ത് ഹജും ഉംറയും സാർവത്രികമായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെല്ലാവർക്കും ഹജിനെ കാണാനും അറിയാനും സാധിക്കുന്നുമുണ്ട്. ആകയാൽ ഹജിന്റെ ബഹുമുഖ സദ്ഫലങ്ങൾ വ്യാപകമാവേണ്ടതുണ്ട്. ഹജിന്റെ സന്ദേശം സകലർക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്. 
ഇസ്ലാം മാനവതയുടെ ആദിമതവും പ്രകൃതിമതവുമാണ്. ഈ വിശ്വമതം വാർത്തെടുക്കുന്നത് വിശ്വപൗരൻമാരെയാണ്. ദേശ-ഭാഷ-വർണ വർഗ വിഭാഗീയതകൾക്കതീതമായി വിശാല വീക്ഷണം പുലർത്തുന്ന വിശ്വ പൗരൻമാർ വഴി ഉദാത്തമായ ഉദ്ഗ്രഥനവും സൃഷ്ട്യുൻമുഖമായ ആഗോളീകരണവുമാണ് സുസാധ്യമാവുന്നത്. മനുഷ്യർ ഒരൊറ്റ കുടുംബം ലോകം ഒരേ ഒരു തറവാട് എന്നതാണതിന്റെ ആകെ സാരം. ഇസ്ലാമിന്റെ ഈ ഉദാത്ത ദർശനം പ്രധാനമായും അഞ്ച് സ്തംഭങ്ങളിലാണ് പണിതുയർത്തിയിട്ടുള്ളത്. ആ സ്തംഭങ്ങളിൽ സുപ്രധാനമാണ് ഹജ്.
മറ്റ് അനുഷ്ഠാനങ്ങളിൽ നിന്ന് ഹജ് വ്യത്യസ്തമാകുന്നത് പല കാരണങ്ങളിലാണ്. അത് ജീവിതത്തിലൊരിക്കലേ നിർബന്ധമുള്ളൂ. മിക്കവാറും ഒരു പ്രാവശ്യമേ നിർവഹിക്കാനാവുകയുള്ളൂ. അതും സാമ്പത്തികമായും ശാരീരികമായും മറ്റും സൗകര്യമുള്ളവർക്ക് മാത്രം. ലോക മുസ്ലിംകളിലെ ക്രീമിലെയർ എന്ന് ഇവരെ വിശേഷിപ്പിക്കാം. നൂറ്റമ്പത് കോടി മുസ്ലിംകളിൽ നിന്ന് ഏതാണ്ട് മൂന്ന് ദശലക്ഷം പേരാണ് ഒരു വർഷം ഹജിനെത്താറ്.
ഹജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ “ഗ്രാമങ്ങളുടെ മാതാവ്'' (ഉമ്മുൽ ഖുറാ) എന്നാണ് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്. ഇത് ഇസ്ലാം ലേകസമക്ഷം സമർപ്പിക്കുന്ന മാതൃകാപട്ടണം കൂടിയാണ്. ഇസ്ലാം എന്ന പദത്തിന്റെ പൊരുളായ ശാന്തിയും സമാധാനവും എല്ലാ അർത്ഥത്തിലും നിറഞ്ഞുനിൽക്കുന്ന കേന്ദ്രം. പണ്ടു മുതലേ അവിടെ ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാൽ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിർവചനീയമായ വിശുദ്ധിയും ശാന്തിയും അവിടെ തളംകെട്ടി നിൽക്കുന്നുവെന്നത് അനുഭവ സത്യം മാത്രമാണ്. മക്കയിലെ കഅ്ബാലയത്തെ “ചിരപുരാതന ഗേഹം'' (ബൈത്തുൽ അതീഖ്) എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. 'മാനവതക്കാകെ ദൈവാരാധന നിർവഹിക്കാനായി പണിതുയർത്തപ്പെട്ട ഭൂമുഖത്തെ പ്രഥമ ദേവാലയം' (3:96) എന്നും ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തെ പരിചയപ്പെടുത്തുമ്പോൾ ഖുർആൻ ദീക്ഷിച്ച മാനവികമായ വിശാല വിഭാവന (ലിന്നാസ്) ചിന്തനീയമാണ്. അല്ലാഹു ജനങ്ങളുടെ റബ്ബാണ് (റബ്ബിന്നാസ്); മുഹമ്മദ് നബി ലോകാനുഗ്രഹിയും (21:107) ജനതതികൾക്കാകെ മുന്നറിയിപ്പുകാരനുമാണ്; ഖുർആൻ 'മാനവതക്കാകെ മാർഗദർശനമാണ്' (ഹുദൻ ലിന്നാസ്) മുസ്ലിംകൾ 'ജനങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമുദായവുമാണ്'. ഇതിനോടു തികച്ചും ചേർന്നു നിൽക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന് നൽകിയത്.
മനുഷ്യശരീരത്തിൽ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തിൽ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിൽ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തിൽ നിർവഹിക്കുന്നത്. അല്ലാമ ഇഖ്ബാലിന്റെ ഭാഷയിൽ : 'നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കുന്നു: അത് നമ്മെയും (നമ്മുടെ ഒരുമയെ) കാത്തുസൂക്ഷിക്കുന്നു..' ലോകാടിസ്ഥാനത്തിൽ വിശ്വാസി സമൂഹത്തിന്റെ ഏകീകരണം സാധ്യമാക്കുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ ഹജ്, ഉംറ എന്നീ കർമ്മങ്ങളിലൂടെ സാധിക്കുന്നത് - സാധിക്കേണ്ടതും അതു തന്നെ. 
ഹജിന്റെ കർമ്മങ്ങൾക്ക് ആത്മാവുണ്ട്. അത് ആവഹിക്കാതെ അനുഷ്ഠിച്ചാൽ ഹജിലൂടെ കരഗതമാവേണ്ട ബഹുമുഖ നൻമകൾ ലഭിക്കാതെ പോകും. വിശുദ്ധ ഖുർആൻ ഹജിന്റെ പ്രയോജനങ്ങൾ തിട്ടപ്പെടുത്തി പറയാതെ 'ഹജിലെ ബഹുമുഖ നൻമകളെ അവർ നേരിട്ടനുഭവിച്ചറിയാൻ' (22:28) എന്നാണ് പറയുന്നത്. ഹജിൽ എല്ലാവർക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ - ആന്തരികമായ- ആഴത്തിനനുസരിച്ചായിരിക്കും ഹജിലൂടെ നമുക്ക് ലഭ്യമാവുന്ന അനുഭൂതികൾ. അതിനാലാണ് ഹജിന് വേണ്ടി നന്നായി തയ്യാറെടുക്കുകയും പാഥേയം സമാഹരിക്കുകയും ചെയ്യണമെന്ന് ഖുർആൻ പറഞ്ഞത്. ആത്മീയമായും ഭൗതികമായും ഹജിന് വേണ്ടി ശരിക്ക് ഒരുങ്ങണം ഏറ്റവും വലിയ ഒരുക്കം തഖ്വയാണ്; ഹജിന്റെ ചട്ടങ്ങൾ പഠിപ്പിക്കുമ്പോൾ 'തഖ്വ'യുടെ കാര്യം ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. (തുടരും) 
(സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗമാണ് ലേഖകൻ) [email protected]


 

Latest News