നീറ്റ് പരീക്ഷക്ക് യു.എ.ഇയില്‍ കേന്ദ്രം വേണമെന്ന് ആവശ്യം

അബുദാബി-സെപ്റ്റംബറില്‍ നടക്കുന്ന നീറ്റ് പരീക്ഷക്ക് യു.എ.ഇയില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. ഇപ്പോള്‍ കുവൈത്തില്‍ മാത്രമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ യു.എ.ഇയില്‍നിന്ന് പരീക്ഷക്കായി നാട്ടിലെത്തിച്ചേരാന്‍ പ്രയാസമാണ്.
80 സി.ബി.എസ്.ഇ സ്‌കൂളുകളിലും കേരള സിലബസിലെ ഒന്‍പതു സ്‌കൂളുകളിലുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന യു.എ.ഇയില്‍ നീറ്റ് പ്രവേശന പരീക്ഷാ കേന്ദ്രം അനിവാര്യമാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും ചൂണ്ടിക്കാണിക്കുന്നു.

നൂറുകണക്കിന് വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ജെ.ഇ.ടി, കീം പരീക്ഷകള്‍ക്ക് ദുബായില്‍ സെന്ററുണ്ട്. നേരത്തെ ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സിനും കേന്ദ്രമുണ്ടായിരുന്നു. നീറ്റ് പരീക്ഷക്കുകൂടി സെന്റര്‍ അനുവദിക്കണമെന്ന് യു.എ.ഇയിലെ പരീക്ഷാ കോഡിനേറ്റര്‍ നിതിന്‍ സുരേഷ് പറഞ്ഞു.  ഇതിനായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും സമ്മര്‍ദം ചെലുത്തണം.

 

Latest News