നന്മയുടെ  കാലുകൾ

'ഞാനൊരു ഫുട്‌ബോളറാണ്. ഗോളടിക്കുകയാണ് എന്റെ ജോലി. അതൊരു പതിവ് ജോലി മാത്രം. മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി പരത്തുകയെന്നതാണ് പ്രയാസകരമായ ദൗത്യം, പക്ഷെ അതാണ് ഗോളടിക്കുന്നതിനെക്കാൾ എനിക്ക് പ്രധാനം'

ക്രിസ്മസ് അവധിക്കാലം ഇണകൾക്കൊപ്പം ഏറ്റവും നയനമനോഹരമായ പ്രദേശങ്ങളിൽ ചെലവഴിക്കുന്നവരാണ് സ്‌പോർട്‌സ് താരങ്ങളിലേറെയും. ഹെർത്ത ബെർലിൻ സ്‌ട്രൈക്കർ സാലമൺ കാലു ആബിദ്ജാനിൽ ഒരുകൂട്ടം കുട്ടികൾക്കൊപ്പമായിരുന്നു. ആബിദ്ജാൻ ആശുപത്രിയിൽ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയനാവേണ്ട ഇരുപത്തൊന്നുകാരൻ ഡേവിഡ് ഡാച്ച ഉൾപ്പെടെ നിരവധി പേരായിരുന്നു സാലമണിന്റെ കൂട്ടുകാർ. കളിക്കളത്തിലെ നന്മയുടെ കഥയാണ് കാലു സഹോദരന്മാർ. ഐവറികോസ്റ്റ് ഫുട്‌ബോൾ താരം സാലമൺ കാലുവും സഹോദരൻ ബൊണവന്തറും ചേർന്നാരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനം ആബിദ്ജാനിൽ നന്മമരമായി വളർന്നു പന്തലിക്കുകയാണ്. കിഡ്‌നി രോഗം ബാധിച്ചവരുടെ ചികിത്സയും അനാഥ പെൺകുട്ടികളുടെ സംരക്ഷണവുമാണ് കാലു ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനം. 
ബൊണവന്തർ ഫെയ്‌നൂർദ്, ഓക്‌സിയർ, പാരിസ് സെയ്ന്റ് ജർമാൻ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് കളിച്ചിട്ടുണ്ട്. 2010 മുതൽ ബൊണവന്തറും സാലമണും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്. ആബിദ്ജാന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാന്റ് ബസ്സാം പ്രദേശത്തെ നൂറോളം അനാഥ പെൺകുട്ടികളെ ഇവരുടെ ഫൗണ്ടേഷൻ ദത്തെടുത്തിരിക്കുകയാണ്. ഐവറികോസ്റ്റ് മെഡിക്കൽ സർവീസസിന്റെ അംബാസഡർ കൂടിയാണ് മുപ്പത്തിരണ്ടുകാരനായ സാലമൺ. ആവശ്യമായവർക്കെല്ലാം ഡയാലിസിസ് സൗകര്യമെത്തിക്കാനുള്ള തീവ്രയത്‌നത്തിലാണ് ഈ സംഘടന. 
ഐവറികോസ്റ്റിന്റെ വിദൂര പ്രവിശ്യകളിലൊന്നും ഡയാലിസിസ് സൗകര്യമില്ല. അതിന് തലസ്ഥാന നഗരിയായ ആബിദ്ജാനിൽ വരണം. ഡയാലിസിസിനു പുറമെ യാത്രക്കും താമസത്തിനും പണം കണ്ടെത്തേണ്ട അവസ്ഥ. കാലു ഫൗണ്ടേഷൻ ഈയിടെ ഐവറികോസ്റ്റിലെ രണ്ടാമത്തെ വലിയ നഗരമായ ബുവാകെയിൽ ഡയാലിസിസ് സെന്റർ സ്ഥാപിച്ചു. 


നൂറുകണക്കിന് രോഗികളാണ് ഈ സെന്ററുകളിൽ ഡയാലിസിസ് നടത്തുന്നത്. സ്വകാര്യ മേഖലയിൽ 60,000 ഫ്രാങ്ക് വരെ ചെലവ് വേണ്ടി വരുന്ന ഡയാലിസിസ് ഫൗണ്ടേഷൻ വെറും 1750 ഫ്രാങ്കിനാണ് ചെയ്യുന്നത്. 
സാലമൺ ചെൽസിയുടെ പ്രമുഖ കളിക്കാരിലൊരാളായിരുന്നു. നൂറോളം തവണ ഐവറികോസ്റ്റിന് കളിച്ചിട്ടുണ്ട്. 'ഞാനൊരു ഫുട്‌ബോളറാണ്. ഗോളടിക്കുകയാണ് എന്റെ ജോലി. അതൊരു പതിവ് ജോലി മാത്രം. മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി പരത്തുകയെന്നതാണ് പ്രയാസകരമായ ദൗത്യം, പക്ഷെ അതാണ് ഗോളടിക്കുന്നതിനെക്കാൾ എനിക്ക് പ്രധാനം' -സാലമൺ പറഞ്ഞു. 'ഫുട്‌ബോൾ കളിക്കാരെക്കുറിച്ച് ചിന്തിക്കുമ്പോൾ വലിയ കാറുകളാണ് പലർക്കും ഓർമ വരിക. എല്ലാവരും അങ്ങനെയല്ല. പറ്റാവുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്ന നിരവധി കളിക്കാരുണ്ട്. ഈ സഹായം ചെയ്യാനാവുന്നത് ഭാഗ്യമായാണ് കരുതുന്നത്'.
അനാഥ മന്ദിരങ്ങൾക്ക് കായിക ഉപകരണങ്ങൾ നൽകുന്നതിലും ഫൗണ്ടേഷൻ മുൻനിരയിലുണ്ടെന്ന് സെക്രട്ടറി ജനറൽ മാമദു ദിയവാര പറയുന്നു. പ്രമുഖ വനിതാ താരങ്ങളെ ഈ കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കാനാണ് ഞങ്ങളുടെ പദ്ധതി. അവരെ കാണുമ്പോൾ ഈ പെൺകുട്ടികളിൽ പ്രതീക്ഷയും സ്വപ്‌നങ്ങളുമുണരും. തങ്ങൾക്കും ഇതൊക്കെ സാധ്യമാവുമെന്ന് അവർ തിരിച്ചറിയും -അദ്ദേഹം പറഞ്ഞു. ഈ പെൺകുട്ടികൾ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് ആബിദ്ജാനിലെ വലിയ ഹോട്ടലിലായിരുന്നു. സാലമണും ബൊണവന്തറും മാത്രമായിരുന്നില്ല അവിടെ എത്തിയ പ്രമുഖർ. ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ വെള്ളി കരസ്ഥമാക്കിയ മേരി ജോസീ ടാലുവും  മോഡൽ മെലി ടിയോകോയും നിരവധി ടെലിവിഷൻ പ്രസന്റർമാരും ചടങ്ങിനെത്തി. 'ഞങ്ങൾ ഇന്ന് പരിശീലനത്തിന് പോവേണ്ടതായിരുന്നു. പകരം ഈ പെൺകുട്ടികളുടെ മുഖത്തെ പുഞ്ചിരി കാണുകയാണ്. ഇവർക്കിടയിൽ നിരവധി ടാലുമാരുണ്ട്' - ടാലു പറഞ്ഞു. അമ്മമാരാണ് ഓരോ കുടുംബത്തിന്റെയും വിളക്ക്. ഈ അനാഥ മന്ദിരങ്ങളിൽ വിദ്യാഭ്യാസവും പരിശീലനവും നൽകി പെൺകുട്ടികളെ വളർത്തിയെടുക്കുകയാണ്. നാളത്തെ തലമുറയുടെ പ്രതീക്ഷയാണ് ഈ പെൺകുട്ടികൾ -സാലമൺ പറഞ്ഞു.

Latest News