ബ്രസീലിൽ സൈനിക ഭരണമായിരുന്നു. ജനറൽ എമിലിയൊ ഗരസ്റ്റാസു മെഡിചിയായിരുന്നു സൈനിക മേധാവിയും ഭരണത്തലവനും. 1970 ലെ മെക്‌സിക്കൊ ലോകകപ്പിന് 75 ദിവസം മാത്രം ബാക്കി. ജോവോ സാൽദാന എന്ന വിഖ്യാത കോച്ചിന്റെ കീഴിൽ അനായാസം ലോകകപ്പിന് യോഗ്യത നേടിയ ആഹ്ലാദത്തിലായിരുന്നു ബ്രസീൽ. ദാരിയൊ ജോസെ ഡോസ് സാന്റോസ് എന്ന തിളങ്ങിനിൽക്കുന്ന കളിക്കാരനെ ടീമിലെടുക്കണമെന്ന് സാൽദാനയോട് മെഡിചി കൽപിച്ചു. സാൽദാനക്കെന്ത് സൈനിക മേധാവി. അദ്ദേഹം പറഞ്ഞു, പ്രസിഡന്റിന് മന്ത്രിസഭയെ തെരഞ്ഞെടുക്കാം, ടീമിനെ തെരഞ്ഞെടുക്കേണ്ടത് ഞാനാണ്. ഒരു ലോകകപ്പ് ആസന്നമായതിനാലാവണം, ആ ധിക്കാരം മെഡിചി കണ്ടില്ലെന്ന് നടിച്ചു. 1970 മാർച്ച് 17 ന് സാൽദാന മറ്റൊരു കൊടും ധിക്കാരം ചെയ്തു. ചിലെക്കെതിരായ സന്നാഹ മത്സരത്തിനുള്ള ടീമിൽനിന്ന് പെലെ എന്ന കളിക്കാരനെ മാറ്റിനിർത്തി. മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ, സൽദാന തൊഴിൽരഹിതനായി. 1958 ലെ ലോകകപ്പിൽ പെലെയോടൊപ്പം കളിച്ച മാരിയൊ സഗാലൊ കോച്ചായി നിയമിതനായി.
മെക്‌സിക്കൊ ലോകകപ്പിൽ ബ്രസീൽ 19 ഗോളടിച്ചു കൂട്ടി. അതിൽ പകുതിയിലേറെ ഗോളുകളിൽ പെലെയുടെ പാദസ്പർശമുണ്ടായിരുന്നു. നാല് ഗോളും ആറ് അസിസ്റ്റും. ആറ് അസിസ്റ്റ് ഇന്നും ലോകകപ്പ് റെക്കോർഡാണ്.
ഇനി ദാരിയോയുടെ കാര്യം. പട്ടിണിയിൽ പിറന്നുവീണ ഈ കളിക്കാരൻ ആ ലോകകപ്പ് കാലത്ത് ബ്രസീലിലെ എണ്ണപ്പെട്ട താരമായിരുന്നു. അതുകൊണ്ടായിരിക്കണമല്ലോ സൈനിക മേധാവി നേരിട്ട് ഇടപെട്ടത്. പക്ഷെ ലോകകപ്പിൽ സഗാലൊ അദ്ദേഹത്തെ മിക്കപ്പോഴും റിസർവ് ബെഞ്ചിലിരുത്തി. ആകെ ആറു തവണയാണ് കരിയറിൽ തന്നെ ദാരിയൊ ബ്രസീലിന്റെ കുപ്പായമിട്ടത്. ആ ബ്രസീൽ ടീമിൽനിന്ന് ഒരാളെ മാറ്റിനിർത്തുക എന്നു പറഞ്ഞാൽ അത്രയും പ്രയാസമായിരുന്നു. ലോകകപ്പ് കളിച്ച ഏറ്റവും മികച്ച ടീമായാണ് 1970 ലെ ബ്രസീൽ നിര അറിയപ്പെടുന്നത്. കുംബ്ലെയുടെയും ഹിർവാനിയുടെയും കാലത്ത് ദേശീയ ക്രിക്കറ്റ് ടീമിലെത്താൻ മത്സരിക്കേണ്ടിവന്ന നമ്മുടെ കെ.എൻ. അനന്തപദ്മനാഭന്റെ ഗതി. ദാരിയൊ എന്ന സെന്റർ ഫോർവേഡ് പക്ഷെ അങ്ങനെയങ്ങ് മറഞ്ഞുപോയില്ല. പെലെയും റൊമാരിയോയും കഴിഞ്ഞാൽ ബ്രസീൽ ഫുട്‌ബോളിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് ദാരിയൊ.
ചെറിയ ഉരുളൻ കല്ലുകളിൽ തട്ടിയാണ് പലപ്പോഴും ചരിത്രം വഴിമാറുന്നത്. രണ്ടു തവണ ലോകകപ്പ് നേടിയ കളിക്കാരനായിരുന്നു സഗാലൊ. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യത്തെ ആളായി 1970 ൽ സഗാലൊ. അവിടെയും നിന്നില്ല, 1994 ൽ ബ്രസീൽ ചാമ്പ്യന്മാരായപ്പോൾ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. സഗാലോയുടെ സാന്നിധ്യമില്ലാതെ ബ്രസീൽ ഒരിക്കലേ ലോകകപ്പ് നേടിയിട്ടുള്ളൂ, 2002 ൽ.
സാൽദാനയിലേക്ക് തിരിച്ചുവരാം. എഴുപതുകളിൽ ബ്രസീലിൽ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു സാൽദാന. ബ്രസീലിന്റെ ജോവൊ ബോണിറ്റോയിലേക്ക് (ബ്യൂട്ടിഫുൾ ഫുട്‌ബോൾ) യൂറോപ്പിന്റെ പ്രതിരോധ തന്ത്രങ്ങൾ കടന്നുകയറുന്നതിനെ അതിനിശിതമായി അദ്ദേഹം വിമർശിച്ചു. പിൽക്കാലത്ത് പത്രപ്രവർത്തകനായി. 1990 ലെ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഇറ്റലിയിലുണ്ടായിരുന്നു. ആ ലോകകപ്പ് കഴിഞ്ഞ് നാലു ദിവസത്തിനു ശേഷം റോമിൽ സാൽദാന മരിച്ചു. അമിതമായ പുകവലിയായിരുന്നു മരണ കാരണം.






