ടെൽഅവീവിൽ യു.എ.ഇ എംബസി തുറന്നു

ടെൽ അവീവിൽ ഇസ്രായിൽ എംബസി ആരംഭിച്ച ശേഷം യു.എ.ഇ അംബാസഡർ മുഹമ്മദ് അൽഖാജയും നയതന്ത്ര ഉദ്യോഗസ്ഥരും. 

ദുബായ് - നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇസ്രായിലിലെ ടെൽ അവീവിൽ യു.എ.ഇ എംബസി പ്രവർത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനം അനുസരിച്ചാണ് എംബസി തുറന്നത്. ഇസ്രായിലിൽ എംബസി ആരംഭിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഇതോടെ യു.എ.ഇയുടെ പേര് ചരിത്രത്തിൽ എഴുതപ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉപാധിയാണ് ഈ എംബസിയെന്നും നയതന്ത്ര പ്രതിനിധികൾക്ക് താമസിക്കാനുള്ള വെറുമൊരു വീടായി ഇത് മാറില്ലെന്നും ഇസ്രായിലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽഖാജ പറഞ്ഞു. എംബസിക്ക് മുന്നിൽ യു.എ.ഇ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപൂർവ ദേശത്തെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമുള്ള സംഭാഷണങ്ങളുടെ കേന്ദ്രമായി എംബസി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 


കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളും യു.എ.ഇക്ക് പുറമെ ഇസ്രായിലുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. യു.എ.ഇ രാഷ്ട്ര നേതാക്കളുടെ ധീരമായ തീരുമാനത്തിന്റെ ഫലമാണ് ഈ എംബസിയെന്ന് ടെൽ അവീവിൽ ഇസ്രായിൽ പ്രസിഡന്റ് ഇസ്ഹാഖ് ഹെർസോഗ് പറഞ്ഞു. ഈ സമാധാന കരാറിലൂടെ നിരവധി മനുഷ്യരുടെ ജീവനുകൾ രക്ഷിക്കാനാകും. ഇത് മാനവികതയെ സഹായിക്കുന്ന തീരുമാനമാണ്. മേഖലയുടെ വികസനത്തിനും വളർച്ചക്കും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതക്കും ഈ ബന്ധം ഉപകരിക്കും -അദ്ദേഹം പറഞ്ഞു. ഇസ്രായിലുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയ ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യ, സാങ്കേതിക വിദ്യ, യാത്രാ മേഖലകളിൽ സഹകരണം ഉറപ്പാക്കിയിരുന്നു. ഇസ്രായിൽ എംബസി യു.എ.ഇയിൽ ആരംഭിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നതു കൊണ്ടാണ് ടെൽ അവീവിൽ യു.എ.ഇ എംബസി സ്ഥാപിക്കുന്നത് വൈകിയത്. 

 


 

Latest News