റിയാദ് - ഉപയോഗിക്കാതെ കാലാവധി അവസാനിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന വിസകളുടെ ഫീസ് ഓട്ടോമാറ്റിക് രീതിയിൽ തിരികെ ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നാണോ വിസ ഫീസ് അടച്ചത് എങ്കിൽ അതേ അക്കൗണ്ടിലാണ് ഫീസ് തിരികെ നിക്ഷേപിക്കുക.
ഉപയോഗിക്കാതെ കാലാവധി അവസാനിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന വിസകളുടെ ഫീസ് 72 മണിക്കൂർ പിന്നിട്ടിട്ടും തിരികെ ലഭിക്കാത്ത പക്ഷം 19990 എന്ന നമ്പറിൽ ധനമന്ത്രാലയവുമായി ബന്ധപ്പെടണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിസാ ഫീസ് തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നതിനെ കുറിച്ച് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.