തൃശൂര്‍ - വ്യാപാരികള്‍ കട തുറക്കാന്‍ തീരുമാനിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ അവര്‍ക്ക് ബി.ജെ.പി എല്ലാ പിന്തുണയും നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തൃശൂരില്‍ പറഞ്ഞു. വ്യാപാരികളും മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടി കച്ചവടം ചെയ്യുന്നവരാണവര്‍. കടകള്‍ തുറക്കാന്‍ കഴിയാതെ അവരെല്ലാം ബുദ്ധിമുട്ടുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വ്യാപാരികള്‍ കട തുറക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി അവരെ ഭീഷണിപ്പെടുത്തിയത് ശരിയല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ കോവിഡ് പ്രതിരോധം അശാസ്ത്രീയമാണെന്ന് ഐ.എം.എ ഉള്‍പ്പെടെ പറഞ്ഞതാണെന്നും വ്യാപാരികള്‍ കട തുറക്കുകയാണെങ്കില്‍ ബി.ജെ.പി അവരെ സഹായിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ഗവര്‍ണര്‍ക്ക് നിരാഹാര സമരം നടത്തേണ്ടി വന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും ദേശീയതലത്തില്‍ പോലും കേരളത്തിലെ സ്ത്രീപീഡനങ്ങള്‍ ചര്‍ച്ചയാവുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.






