തൃശൂര്‍ - കൊടകര കുഴല്‍പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. രാവിലെ പത്തരയോടെയാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനായി തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരായത്.
ബി.ജെ.പിയുടെ പ്രധാന സംസ്ഥാന നേതാക്കളെല്ലാം തന്നെ സുരേന്ദ്രന് പിന്തുണയുമായി തൃശൂരിലെത്തിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, വൈസ് പ്രസിഡന്റ് എം.എസ.സമ്പൂര്‍ണ, സെക്രട്ടറി എ.നാഗേഷ്, ജില്ല പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍ എന്നിവരെല്ലാം സ്ഥലത്തെത്തിയിരുന്നു.
സുരേന്ദ്രനെ ചോദ്യം ചെയ്യുന്ന തൃശൂര്‍ പോലീസ് ക്ലബിനു മുന്നില്‍ ബിജെപി പ്രതിഷേധമുണ്ടാക്കിയാല്‍ അത് നേരിടാനായി പോലീസ് ക്ലബിന് കനത്ത സുരക്ഷയൊരുക്കിയിരുന്നു. രാവിലെ ബി.ജെ.പി ഓഫീസില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ തന്നെയാണ് സുരേന്ദ്രന്‍ പോലീസ് ക്ലബിലെത്തി ചോദ്യം ചെയ്യലിന് ഹാജരായത്.
ക്ലബിലേക്ക് കയറും മുന്‍പേ മാധ്യമങ്ങളോട് ഇത് രാഷ്ട്രീയനാടകമാണെന്നും പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമം മാത്രമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഒന്നര മണിക്കൂര്‍ സുരേന്ദ്രനെ പോലീസ് ക്ലബില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പ്രധാനമായും പോലീസ് ശ്രദ്ധ കൊടുത്തത് പണം നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയ ധർമ്മരാജന്റെ കോള്‍ലിസ്റ്റില്‍ നിന്നുള്ള ഫോണ്‍വിളികള്‍ സംബന്ധിച്ചാണ്. സെക്കന്റുകള്‍ നീളുന്ന കോളുകളിലൊന്ന് സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കായിരുന്നുവെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
ധര്‍മ്മരാജന്റെ കോള്‍ലിസ്റ്റിലുള്ളവരെയെല്ലാം അറിയാമോ എന്നായിരുന്നു സുരേന്ദ്രനോട് പോലീസ് ചോദിച്ചത്. എല്ലാവരേയും അറിയില്ലെങ്കിലും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതെക്കുറിച്ചും വിശദമായി ചോദ്യം ചെയ്തു.
ആര്‍.എസ്.എസ് നേതാവും കോഴിക്കോട് സ്വദേശിയുമായ ധര്‍മ്മരാജനുമായി സുരേന്ദ്രനുള്ള ബന്ധം ചോദിച്ചറിയാനാണ് പ്രധാനമായും ചോദ്യം ചെയ്യലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
നേരത്തെ പല ബിജെപി സംസ്ഥാന ജില്ല നേതാക്കളേയും കൊടകര കുഴല്‍പണ കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി.കര്‍ത്തയെ ചോദ്യം ചെയ്തതിന് ശേഷം കര്‍ത്ത മാധ്യമങ്ങളോടു പറഞ്ഞത് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സംസ്ഥാന അധ്യക്ഷനോടു ചോദിക്കണമെന്നായിരുന്നു.
കോന്നിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സുരേന്ദ്രനും ധർമ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നതായും പ്രത്യേക അന്വേഷണസംഘത്തിന് തെളിവു ലഭിച്ചിരുന്നു.
കൊടകര കേസിലെ മൂന്നരക്കോടിയുമായി ബിജെപിക്ക് വ്യക്തമായ ബന്ധമുണ്ടെന്ന നിലപാടാണ് പ്രത്യേക അന്വേഷണസംഘത്തിനുള്ളത്. ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പോലീസ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.






