പഴനി ബലാത്സംഗം കെട്ടുകഥയെന്ന് സംശയം, പണം തട്ടാനാണോയെന്ന് പോലീസ് അന്വേഷിക്കുന്നു

പഴനി-  തലശ്ശേരിയില്‍നിന്ന് പോയ സേലം സ്വദേശിനി പഴനിയിലെ ലോഡ്ജില്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന കേസില്‍ വഴിത്തിരിവ്. പഴനിയിലെ ലോഡ്ജുടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് പരാതിക്കാരിയുടെ കൂടെയുണ്ടായിരുന്ന ആളാണെന്ന് തമിഴ്നാട് പോലീസ് കണ്ടെത്തി. തലശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ ലോഡ്ജുടമയെ ഭീഷണിപ്പെടുത്തിയത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശ്ശേരിയില്‍ വരണമെന്നായിരുന്നു ഭീഷണി. ഇതോടെ പഴനിയില്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമാണോയെന്ന സംശയം ബലപ്പെടുകയാണ്. വ്യാജ പരാതി ഉന്നയിച്ച് പണം തട്ടുകയായിരുന്നോ ഉദ്ദേശ്യമെന്നും സംശയിക്കുന്നുണ്ട്.

അതിനിടെ, കേസിലെ പരാതിക്കാരിക്ക് പരിക്കുകളില്ലെന്ന പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചെന്നടക്കം സ്ത്രീ മൊഴിനല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇവിടെയൊന്നും പരിക്കില്ലെന്നാണ് കണ്ടെത്തല്‍.

പരാതിക്കാരിയും കൂടെയുണ്ടായിരുന്ന ആളും അമ്മയും മകനുമെന്ന പേരിലാണ് മുറിയെടുത്തതെന്ന് പഴനിയിലെ ലോഡ്ജുടമയും പറഞ്ഞു. ജൂണ്‍ 19-നാണ് ഇരുവരും മുറിയെടുത്തത്. അന്ന് രാത്രി ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. പിറ്റേദിവസം രണ്ടുപേരും പുറത്തുപോയി. ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാതെയാണ് പോയത്. അഞ്ച് ദിവസത്തിന് ശേഷം ആധാര്‍ കാര്‍ഡ് വാങ്ങാനായി തിരികെവന്നു. ഭക്ഷണം കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും അമ്പത് രൂപ വീതം നല്‍കിയെന്നും അന്ന് സ്ത്രീക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ലോഡ്ജുടമ പറഞ്ഞു. ഈ സംഭവങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് തലശ്ശേരിയിലെ പോലീസുകാരനാണെന്ന് പറഞ്ഞ് ഫോണ്‍കോള്‍ വന്നതെന്നും ലോഡ്ജുടമ കൂട്ടിച്ചേര്‍ത്തു.

പഴനിയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ ബലാത്സംഗ പരാതി ലഭിച്ചിട്ടില്ലെന്ന് പഴനി അടിവാരം പോലീസിന്റെ പ്രതികരണം.  സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള പോലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. തലശ്ശേരിയിലെത്തി സ്ത്രീയെയും ഭര്‍ത്താവെന്ന് അവകാശപ്പെടുന്നയാളെയും വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.

 

Latest News