വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധ പിരിവ് പാടില്ല, പിരിച്ച പണം തിരിച്ചുകൊടുക്കാന്‍ ഹൈക്കോടതി

കൊച്ചി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിനായി പെന്‍ഷനില്‍നിന്ന് പിടിച്ച പണം തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

കെ.എസ്.ഇ.ബിയില്‍ നിന്ന് വിരമിച്ച രണ്ട് പേരാണ് പെന്‍ഷന്‍ തുകയില്‍ നിന്ന് അനുമതിയില്ലാതെ ഒരു ദിവസത്തെ വേതനം വാക്സിന്‍ ചലഞ്ച് ഇനത്തില്‍ പിടിച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ ഇതിന് രേഖാമൂലം അനുമതി നല്‍കിയിട്ടില്ല, അതിനാല്‍ പിടിച്ചതുക തിരിച്ചുവേണം എന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഈ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുക തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.

പിടിച്ചെടുത്ത തുക രണ്ടാഴ്ചക്കകം തിരിച്ചുനല്‍കണമെന്നാണ് നിര്‍ദേശം. ഭാവിയില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമായി ഈടാക്കിയ കെ.എസ്.ഇ.ബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാല്‍ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിടരുതുമെന്ന കെ.എസ്.ഇ.ബി വാദം കോടതി അംഗീകരിച്ചില്ല.

 

Latest News