ദുബായ്- ദുബായ് വിസ സ്വന്തം മൊബൈല്‍ ഫോണിലൂടെ തന്നെ പുതുക്കാന്‍ സംവിധാനം. ഇതിനായി ദുബായ് ഗവ.വെബ് സൈറ്റ് (https://amer.gdrfad.gov.ae/visa-inquiry) ഒരുക്കിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജിഡിആര്‍എഫ് എ) അറിയിച്ചു.
വിസ നമ്പര്‍, ആദ്യ പേര്, ഏത് രാജ്യക്കാരനാണ്, ജനന തീയതി എന്നിവ മാത്രം നല്‍കി വിസ പുതുക്കാവുന്നവിധം ലളിതമാണ് വെബ് സൈറ്റിലൂടെയുള്ള നടപടികള്‍. തങ്ങളുടെ വിസ പുതുക്കല്‍ അപേക്ഷാ നടപടികളെക്കുറിച്ചും കാലാവധി സംബന്ധിച്ചും മറ്റും ഇതിലൂടെ തന്നെ അറിയാവുന്നതാണ്. ദുബായ് വിസക്കാര്‍ക്ക് മാത്രമായിരിക്കും നിലവില്‍ ഈ അവസരം.
വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ളവര്‍ക്കു പുതിയ സംവിധാനം ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.






