കുവൈത്ത് സിറ്റി - ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഇന്ത്യന്‍ യുവാവിനെ കൊലപ്പെടുത്തിയ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അല്‍കബീര്‍ ഗവര്‍ണറേറ്റിലെ അബൂഫതീറ ഏരിയയില്‍ കുവൈത്തി പൗരന്റെ വീട്ടില്‍ വെച്ചാണ് 41 കാരന്‍ കൊല്ലപ്പെട്ടത്. ഒമ്പതു വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തുവരുന്ന ജോസി ബാഷാ ശൈഖ് ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യക്കാരന്റെ കൊലപാതകത്തിനു ശേഷം വീട്ടുടമയുടെ മകന്‍ അപ്രത്യക്ഷനായതായി വ്യക്തമായി.
ഈ യുവാവ് മയക്കുമരുന്ന്, ആക്രമണ കേസുകളില്‍ നേരത്തെ പ്രതിയാണ്. സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത പ്രതിയെ നിയമാനുസൃത നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.