Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണ്ണക്കടത്തിൽ ചെന്നിത്തലയെ കുടുക്കാൻ ശ്രമം; പിണറായിയുടേത് വൃത്തിക്കെട്ട രീതി-കെ. സുധാകരൻ

തിരുവനന്തപുരം- മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പേര് സ്വർണക്കടത്തിൽ ഉണ്ടെന്ന് വരുത്താൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ സ്വർണകടത്തു കേസിലെ പ്രതിക്കു മേൽ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.  നയതന്ത്രചാനലിലൂടെ നടത്തിയ സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയിലുദ്യോഗസ്ഥരിൽ ചിലർ സമ്മർദ്ദം ചെലുത്തിയത്. അതിനു വഴങ്ങാതിരുന്ന സരിത്തിനെ ജയിലിനകത്ത് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുകയാണ്. 
പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടു വന്നതിന്റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്. പക വീട്ടാൻ ഏതറ്റവും വരെ പോകുന്ന പിണറായി വിജയന്റെ വൃത്തികെട്ട മനസാണ് ഇതിലൂടെ മറനീക്കി വരുന്നത്. സ്വർണകടത്തുകാരുമായി ബന്ധപ്പെട്ടത് പിണറായി വിജയന്റെ ഓഫീസും അദ്ദേഹത്തിന്റെ വിശ്വസ്തരായ ആളുകളുമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യമാണ്. സ്വർണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇനിയും തിരിച്ചെടുത്തിട്ടില്ല. സ്വർണകടത്തു കേസിലെ അന്വേഷണം കൃത്യമായി മുന്നോട്ടു പോയാൽ അതെത്തുക എവിടെയായിരിക്കുമെന്ന കൃത്യമായ ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനുണ്ട്. അതൊഴിവാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കാലു പിടിക്കുന്ന പിണറായി വിജയൻ സ്വർണകടത്തു കേസിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്റെ പ്രതിഛായ തകർത്ത് ഈ അധോലോകറാക്കറ്റിന്റെ ഭാഗമാണ് പ്രതിപക്ഷത്തുള്ളവരുമെന്ന് വരുത്താനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. സർക്കാരിന്റെ ശമ്പളം പറ്റി പിണറായി വിജയനും സിപിഎമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ വഴിയിൽ കൈകാര്യം ചെയ്യേണ്ടി വരും. സരിത്തിനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു മാറ്റാനും വ്യാജമൊഴി സൃഷ്ടിക്കാനായി ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും തയ്യാറാകണം. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തലയ്‌ക്കെതിരേ പകപോക്കൽ രാഷ്ട്രീയം തുടരാനാണ് പിണറായി വിജയന്റേയും കൂട്ടരുടേയും നീക്കമെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനുണ്ട്. കള്ളക്കഥകളുണ്ടാക്കി യഥാർത്ഥ വിഷയങ്ങളിൽ നിന്നു വഴി തിരിച്ചു വിടാനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. കേരളത്തിലെ ബഹുജനങ്ങളെ അണിനിരത്തി അത്തരം കുൽസിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും-സുധാകരൻ വ്യക്തമാക്കി.
 

Latest News