ഹോട്ടലില്‍ കൂട്ടബലാത്സംഗം; ഭര്‍ത്താവിന് പങ്കുണ്ടെന്ന് സംശയം, പരാതി തമിഴ്‌നാട് പോലീസിന് കൈമാറും

തലശ്ശേരി- തലശ്ശേരിയില്‍നിന്ന് പഴനി തീര്‍ത്ഥാടനത്തിന് പോയ സേലം സ്വദേശിനിയായ 40 കാരിയെ  പീഡിപ്പിച്ചെന്ന പരാതി തമിഴ്‌നാട് ഡി.ജി.പിക്ക് കൈമാറുമെന്ന്  സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. ഇനി കേസിന്റെ കൂടുതല്‍ അന്വേഷണം പഴനി പോലീസ് നടത്തുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.അതിനിടെ പരാതിയിലെ  ദുരുഹതയും പോലീസ് ചൂണ്ടിക്കാട്ടുന്നു.
തലശ്ശേരിയില്‍ കുയ്യാലിയിലെ ഷറാറ ക്വാര്‍ട്ടേര്‍സില്‍ താമസക്കാരിയായ സേലം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കൂട്ട ബലാത്സംഗത്തിന് ഇരയായെന്നാണ് യുവതി തലശ്ശേരി പോലീസിന് പരാതി നല്‍കിയിരുന്നത.് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍ നിന്ന് തലശ്ശേരി പോലീസ് മൊഴിയെടുത്തു.തലശ്ശേരി എ.സി.പി മൂസ വള്ളിക്കാടനാണ് കേസന്വേഷണ ചുമതല. സ്ത്രീ പോലീസിന് നല്‍കിയ മൊഴിയും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും എഫ്.ഐ.ആറും തമിഴ്‌നാട് ഡി.ജി.പിക്ക് ഉടന്‍ കൈമാറും. തലശ്ശേരി പോലീസ് ചാര്‍ജ് ചെയ്ത കേസിലെ കൂടുതല്‍ അന്വേഷണം ഇനി സേലം പോലീസാണ് നടത്തേണ്ടത.്
കഴിഞ്ഞ മാസം പത്തൊമ്പതിന് യുവതിയും ഭര്‍ത്താവും പഴനിയിലെത്തുകയായിരുന്നു.ഉച്ചക്ക് ശേഷം അവിടെ ലോഡ്ജില്‍ മുറിയെടുത്തു.സന്ധ്യയോടെ ഭക്ഷണം വാങ്ങാനായി ഇരുവരും പുറത്തിറങ്ങി. യുവതിയെ റോഡിന് സമീപം നിര്‍ത്തി ഭര്‍ത്താവ് ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലേക്ക് പോയി. ഇതിനിടെ മൂന്നംഗം സംഘം യുവതിയുടെ വായപൊത്തിപ്പിടിച്ച് സമീപത്തെ ലോഡ്ജിലേക്ക് കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. രാത്രി മുഴുവന്‍ പീഡിപ്പിച്ച സംഘം യുവതിയുടെ സ്വകാര്യഭാഗത്ത് ബിയര്‍ കുപ്പി കടത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിറ്റേന്ന് കാലത്ത് ലോഡ്ജില്‍നിന്ന് രക്ഷപ്പെട്ട യുവതി ഭര്‍ത്താവുമൊത്ത് പഴനി പോലീസില്‍ പരാതി സമര്‍പ്പിക്കാനെത്തിയെങ്കിലും അവിടെ നിന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തലശ്ശേരിയിലെത്തി.
സംഭവം ഭയം മൂലം ആരോടും പറയാതെ തലശ്ശേരിയിലെ ക്വാര്‍ട്ടേര്‍സില്‍ തന്നെ ഇവര്‍ കഴിഞ്ഞുവരികയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഈ മാസം എട്ടിന് തലശ്ശേരി ജനറല്‍  ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് മാരാകമായതിനെ തുടര്‍ന്ന് കണ്ണൂര്‍  മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി വന്നിട്ടുണ്ട്. ഇവിടെ വെച്ചാണ് തലശ്ശേരി പോലീസ് യുവതിയുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയത.്
അതിനിടെ, സംഭവത്തില്‍ ദുരുഹതയുണ്ടെന്ന സംശയവും പോലീസ് ഉന്നയിച്ചു. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇപ്പോള്‍ കൂടെയുള്ളയാള്‍. ഇയാളെ പോലീസ് ചോദ്യം ചെയ്തതില്‍നിന്ന് സംശയം ജനിപ്പിക്കുന്ന ചില മൊഴികള്‍ ലഭിച്ചിട്ടുണ്ട്, ഇയാളുടെ സമ്മതത്തൊടെയാണോ സംഘം തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം നടത്തിയതെന്ന സംശയമാണുള്ളത.് കൂടുതല്‍ അന്വേഷണം തമിഴ്‌നാട് പോലീസ് നടത്തുന്നതിനാല്‍ കേരള പോലീസ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നിടയില്ല.

 

Latest News