യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം; വിജയം അവകാശപ്പെട്ട് ബിജെപി

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം വ്യാപക സംഘര്‍ഷം. ഇതിനിടെ വന്‍വിജയം നേടിയതായി ബിജെപി അവകാശപ്പെട്ടു. 85 സീറ്റുകള്‍ ബിജെപി നേടിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. വിജയത്തില്‍ യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്വീറ്റ് ചെയ്തു. അതേസമയം തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. ശനിയാഴ്ച 11 മണി മുതല്‍ 3 വരെ നടന്ന തെരഞ്ഞെടുപ്പിനിടെ 18 ജില്ലകളില്‍ വ്യാപക സംഘര്‍ഷമുണ്ടായതായി പോലീസ് പറഞ്ഞു. അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റും എംഎല്‍എയും പ്രവര്‍ത്തകരുമടക്കം കല്ലേറു നടത്തുകയും തന്നെ അടിക്കുകയും ചെയ്‌തെന്ന് ഇട്ടാവ എഎസ്പി പ്രശാന്ത് കുമാര്‍ പ്രസാദ് പറയുന്ന ഒരു വിഡിയോയും പുറത്തു വന്നിട്ടുണ്ട്. അക്രമികളുടെ പക്കല്‍ ബോംബുണ്ടായിരുന്നെന്നും പോലീസുദ്യോഗസ്ഥന്‍ പറയുന്നു. വിഡിയോ പരിശോധിച്ച് കുറ്റക്കാരെ പിടികൂടുമെന്ന് എഡിജി അറിയിച്ചു. 

ഉന്നാവോയില്‍ ഒരു ടിവി മാധ്യമപ്രവര്‍ത്തകനെ ഐഎഎസ് ഓഫീസര്‍ ഓടിച്ചിട്ട് തല്ലുന്ന വിഡിയോയും പുറത്തു വന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യാന്‍ഷു പട്ടേല്‍ ആണ് മാധ്യമപ്രവര്‍ത്തകനെ തല്ലിയത്. ഈ വിഡിയോ വൈറലായി. മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഉന്നാവോ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ അറിയിച്ചു.  

ആകെയുള്ള 825 സീറ്റുകളില്‍ 635 ഇടത്തു വിജയിച്ചതായാണ് ബിജെപി അവകാശപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവികളിലേക്ക് 349 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 476 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
 

Latest News