അഞ്ച് ലക്ഷം വീടുകളിൽ യു.ഡി.എഫ് സത്യഗ്രഹം; പ്രതിഷേധം അലയടിച്ചു

ആലപ്പുഴയിൽ നടന്ന യു.ഡി.എഫ് കുടുംബ സത്യഗ്രഹത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ഷുക്കൂർ, മണ്ഡലം ചെയർമാൻ സത്താർ പുളിമൂട്ടിൽ, നിസാർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തപ്പോൾ.

തിരുവനന്തപുരം - പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. 20,000 വാർഡുകളിലായി അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യഗ്രഹത്തിൽ പങ്കെടുത്തെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. 
രാവിലെ 10 മു തൽ 11 മണി വരെ സംഘടിപ്പിച്ച കുടുംബ സത്യഗ്രഹത്തിൽ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ കുടുംബ സമേതം അവരവരുടെ വീടുകളിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു. പാചക വാതക ഇന്ധന വില വർധിപ്പിച്ച് നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം എന്നെഴുതിയ പ്ലക്കാർഡുമേന്തിയാണ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. 
യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ എറണാകുളം പറവൂരിലെ വസതിയിലും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലെ വസതിയിലും, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പുതുപ്പളളിയിലെ വസതിയിലും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും പി.കെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും മലപ്പുറത്തെ വസതിയിലും പി.ജെ ജോസഫ് തൊടുപുഴയിലെ വസതിയിലും, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ  ജഗതിയിലെ വസതിയിലും മുൻ കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പേരൂർക്കടയിലെ വസതിയിലും കുടുംബസമേതം സത്യഗ്രഹത്തിൽ പങ്കാളികളായി. 
ഇന്ധന നികുതിക്കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും കൺവീനർ എം.എം ഹസൻ അറിയിച്ചു.

 

 

Latest News