ഓളപ്പരപ്പുകൾ പോലെ പ്രക്ഷുബ്ധമായിരുന്നു അലക്‌സ് ആന്റണിയുടെ ജീവിതം. തീരപ്രദേശത്ത് പ്രതികൂലമായ ജീവിത കാലാവസ്ഥയിൽ വളർന്നാണ് ഇരുപത്താറുകാരൻ ഒളിംപികസിന്റെ ട്രാക്കിൽ മെഡൽ വല വീശാനൊരുങ്ങുന്നത്. അലക്‌സും പിതാവും അനുജൻ അനിലുമൊക്കെ മത്സ്യത്തൊഴിൽ ചെയ്താണ് ജീവിത മാർഗം കണ്ടെത്തിയിരുന്നത്. കാറ്റടിച്ചാൽ നെഞ്ചിടിക്കും. തിരയുയർന്നാൽ വീട് തകരും. മിക്‌സഡ് റിലേ ടീമിൽ റിസർവ് ഓട്ടക്കാരനായിരിക്കും അലക്‌സ് ആന്റണി. ദേശീയ ട്രയൽസിൽ 47.83 സെക്കന്റിൽ 400 മീറ്റർ ഓടിയാണ് അലക്‌സ് ഈ അവസരം നേടിയെടുത്തത്. പട്യാലയിലെ എൻ.ഐ.എസ് ക്യാമ്പിൽ അവസാന ഒരുക്കത്തിലാണ് താരം.
കഠിനാധ്വാനത്തിലൂടെയാണ് അലക്‌സ് കായിക കരിയറിൽ ഉയരങ്ങൾ താണ്ടിയത്. ഫുട്‌ബോളറായായിരുന്നു തുടക്കം. പത്താം ക്ലാസിലെത്തിയതോടെ കാഞ്ഞിരംകുളത്തെ സർക്കാർ സ്‌കൂളിലേക്ക് മാറി. അതോടെ ഫുട്‌ബോൾ കളി അന്യമായി. പകരം പുതിയ വാതായനങ്ങൾ തുറന്നു. കാഞ്ഞിരംകുളം സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ പ്രദീപാണ് അലക്‌സിലെ അത്‌ലറ്റിനെ കണ്ടെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
സ്‌കൂളിലും കോളേജിലും 400 മീറ്ററിൽ മെഡലുകൾ വാരിക്കൂട്ടി. 2013 ൽ ദേശീയ ജൂനിയർ മീറ്റിൽ ചാമ്പ്യനായി. ഇന്റർ വാഴ്‌സിറ്റി മീറ്റിലും നേട്ടം ആവർത്തിച്ചു. ബിരുദ കോഴ്‌സിൽ രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കേ വ്യോമസേനയിൽ എയർമാനായി സെലക്ഷൻ കിട്ടി. അതോടെ പഠനം മുടങ്ങിയെങ്കിലും ജീവിതം കരപറ്റി. കടൽതീരത്തു നിന്ന് മാറി വാടക വീട്ടിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്. ലോണെടുത്ത് വീട് പുനർനിർമിച്ചുകൊണ്ടിരിക്കുന്നു.
2019 മുതൽ പട്യാലയിൽ പരിശീലനത്തിലാണ്. മിക്‌സഡ് റിലേയിൽ ഫൈനലിലെങ്കിലുമെത്താനുള്ള കഠിനാധ്വാനത്തിലാണ് ടീമെന്ന് അലക്‌സ് പറയുന്നു. അലക്‌സ് ട്രാക്കിലിറങ്ങുമ്പോൾ കാഞ്ഞിരംകുളം ഗ്രാമം പ്രാർഥനയുമായി പിന്നിലുണ്ടാവും.
വയലിൽ വിളഞ്ഞ സ്വപ്‌നം
രാജസ്ഥാനിലെ രാജസാമന്ദ് മേഖലയിലെ കർഷക കുടുംബത്തിൽ നിന്നാണ് ഭാവനാ ജാട് ഒളിംപിക്‌സിലേക്ക് പറന്നുയരുന്നത്. ടോക്കിയോയിൽ 20 കി.മീ നടത്തത്തിൽ ഭാവന ഇന്ത്യയെ പ്രതിനിധീകരിക്കും. മുൻവിധികളും സാമ്പത്തിക പ്രതിസന്ധികളും പക്ഷപാതവുമൊക്കെ നേരിട്ട ജീവിതത്തിൽ എന്നും പൊരുതിനിന്നാണ് ഭാവന ഉയരങ്ങളിലേക്ക് കുതിച്ചത്. 2020 ൽ റാഞ്ചിയിൽ നടന്ന ദേശീയ നടത്ത ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡ് തകർത്തതോടെയാണ് ഈ പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടത്. അതുവഴി ഒളിംപിക്‌സിനും യോഗ്യത നേടി.
സാമ്പത്തിക പരാധീനത കാരണം കോളേജ് വിടേണ്ടിവന്ന ഒരു പെൺകുട്ടിയുടേതാണ് ഈ നേട്ടമെന്നത് ഏറെ ചർച്ചാവിഷയമായി. മാത്രമല്ല ഭാവന വീട് വിട്ടുപോയി മത്സരിക്കുന്നതിനെതിരെ കബ്ര ഗ്രാമത്തിൽ വലിയ ഒച്ചപ്പാടും അരങ്ങേറി. ഗ്രാമവാസികൾ പിതാവിൽ വലിയ സമ്മർദം ചെലുത്തി. നിക്കറിട്ട് പരിശീലനം നടത്തുമ്പോൾ പരിഹാസങ്ങൾ നേരിട്ടു. പലപ്പോഴും പരിഹാസങ്ങളും കുത്തുവാക്കുകളും ഒഴിവാക്കാൻ പുലർച്ചെ മൂന്നു മണിക്കായിരുന്നു പരിശീലനം തുടങ്ങിയത്. കുടുംബം കൂടെ നിന്നു.
ഗ്രാമീണ വിദ്യാലയത്തിൽ പഠിക്കുമ്പോൾ തന്നെ ഭാവന ദേശീയ തലത്തിൽ മെഡൽ നേടിയിരുന്നു. അതൊരു തുടക്കമായിരുന്നു. അതോടെ റെയിൽവേസിൽ ജോലി കിട്ടി. എങ്കിലും 2011 വരെ ഒളിംപിക്‌സിനെക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല ഭാവനക്ക്. ഒമ്പത് വർഷത്തിനിപ്പുറം അവർ ഒളിംപിക്‌സിൽ മത്സരിക്കുകയാണ്. ഇപ്പോൾ ഗ്രാമം ഭാവനയുടെ കൂടെയുണ്ട്. മറ്റു പെൺകുട്ടികൾക്കും ഭാവന മാതൃകയാണ്.
പ്രകാശവേഗത്തിൽ സജ്ജൻ
നീന്തലിൽ ഇന്ത്യ ദരിദ്രമായ രാജ്യമാണ്. ഒളിംപിക്‌സിന്റെ നൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ ഒരു ഇന്ത്യക്കാരനും യോഗ്യതാ മാർക്ക് മറികടന്ന് യോഗ്യത നേടാനായിട്ടില്ല. ആ ദൗത്യം ഒരു മലയാളിക്കാണ്, കേരളാ പോലീസ് താരം സജ്ജൻ പ്രകാശിന്. ഒളിംപിക്‌സിൽ സെമി ഫൈനലിലെങ്കിലുമെത്തുകയാണ് ഇനി സജ്ജന്റെ ലക്ഷ്യം. അതിന് 200 മീറ്റർ ബട്ടർഫ്‌ളൈയിൽ തന്റെ സമയം 0.5 സെക്കന്റെങ്കിലും മെച്ചപ്പെടുത്തണം.
ഒളിംപിക്‌സിന് യോഗ്യത നേടിയെന്നതു തന്നെ അതുല്യ നേട്ടമാണ്. പ്രത്യേകിച്ചും കഴുത്ത് വേദനയുമായി എട്ടു മാസത്തോളം വിട്ടുനിന്നത് പരിഗണിക്കുമ്പോൾ. കോവിഡ് കാലത്ത് പൂളുകൾ അടച്ചതും ഇരുപത്തേഴുകാരന്റെ പരിശീലനത്തെ ബാധിച്ചു. റിയൊ ഒളിംപിക്‌സിലും സജ്ജൻ പ്രകാശ് മത്സരിച്ചിരുന്നു, എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിക്കാനായി ഐ.ഒ.സി നൽകിയ ക്വാട്ടയിലാണ് അന്ന് മത്സരിച്ചത്.
ദുബായിൽ രണ്ടു മാസത്തെ പരിശീലനം നടത്തിയതാണ് ഒളിംപിക്‌സിന് യോഗ്യത നേടാൻ സജ്ജനെ സഹായിച്ചത്. സ്‌പോർട്‌സ് സയൻസിന്റെയും ബയോമെക്കാനിക്‌സിന്റെയും സഹായമുണ്ടെങ്കിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാവുമെന്ന് സജ്ജൻ കരുതുന്നു.