സെയ്ഫ്- കരീന ദമ്പതികളുടെ  രണ്ടാമത്തെ മകന്റെ പേര് ജെഹ് 

മുംബൈ-അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. നാളിതുവരെ മകന്റെ മുഖം താരദമ്പതികള്‍ ആരാധകരെയോ മാധ്യമങ്ങളെയോ കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തൈമുറിന്റെ അനിയനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ആരാധകരും മാധ്യമങ്ങളുമെല്ലാം കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ മകന്റെ പേര് കരീനയും സെയ്ഫും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് മാസം പ്രായമായ മകന് ജെഹ് എന്നാണ് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നതെന്നാണ്  റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും പേര് അതു തന്നെയാണെന്നും വ്യക്തമായെന്നാണ് സ്ഥിരീകരണം. 
കരീനയുടെ പിതാവും മുതിര്‍ന്ന നടനുമായ രണ്‍ദീര്‍ കപൂറാണ് കൊച്ചുമകന്റെ പേര് ഒരു മാധ്യമത്തിനോട് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് തന്നെ ദമ്പതികള്‍ മകന്റെ പേര് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സെയ്ഫും കരീനയും ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ഉടനെ തന്നെ കുട്ടിയുടെ പേര് താരങ്ങള്‍  ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest News