നെടുമ്പാശ്ശേരി - വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ കവർച്ചക്കെത്തിയ സംഘത്തെ ദേശീയ പാതയിൽ കരിയാട് സിഗ്നലിന് സമീപം പോലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ അനുമോദയം വീട്ടിൽ അതുൽ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടിൽ അൻഷിഫ് (19), കോഴിക്കോട് ചേവായൂർ തച്ചിരക്കണ്ടി വീട്ടിൽ വിബീഷ് (21) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. പോലിസ് ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം തടഞ്ഞ് യാത്രക്കാരെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ നിന്നാണ് കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായത്. കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് സംഘം പോലിസിന്റെ പിടിയിലാകുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. എസ്.എച്ച്.ഒ പി.എം ബൈജു, എസ്.ഐ അനീഷ് കെ. ദാസ്, എ.എസ്.ഐ ബൈജു കുര്യൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ സജിമോൻ, സജി എം.കെ, മധുസൂദനന്‍, ഹസ്സന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അങ്കമാലി കോടതിയിൽ ഹാജാരാക്കി പ്രതികളെ റിമാന്‍റ് ചെയ്തു.






