ഓക്‌സിജന്‍ ക്ഷാമം ഇല്ലാതാക്കും; 1500 പുതിയ പ്ലാന്റുകള്‍- പ്രധാനമന്ത്രി

ന്യൂദല്‍ഹി- രാജ്യം നേരിട്ട ഓക്‌സിജന്‍ ക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യവ്യാപകമായി 1500 ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇത് നാലു ലക്ഷം ആശുപത്രി ബെഡുകള്‍ക്ക് സഹായകരമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ലഭ്യത വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകളുടെ സജ്ജീകരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എത്രയും വേഗത്തില്‍ പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന യോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പ്രവര്‍ത്തന സജ്ജമായാല്‍ ഇവ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു. കോവിഡ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രമന്ത്രിസഭ 23,123 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് ഇന്നലെ ഓക്‌സിജന്‍ ലഭ്യത വിലയിരുത്താനുള്ള യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറി തുടങ്ങിയവരാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് സ്ഥിതിഗതികളും ഓക്‌സിജന്‍ ലഭ്യതക്കു പുറമേ യോഗത്തില്‍ വിലയിരുത്തി.

 

 

Latest News